കൊച്ചി ടെക് ലോകത്തിന്റെ ശ്രദ്ധ കൊച്ചിയിലേക്ക് ക്ഷണിക്കുന്ന, ലുലു ഗ്രൂപ്പിന്റെ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഐടി ട്വിന്‍ ടവറുകള്‍ ശനിയാഴ്ച നാടിനു സമര്‍പ്പിക്കും. രാവിലെ 11. 30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമുച്ചയം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ ടെക് ഹബ്ബിലേക്ക് ഇരട്ട ടവറുകള്‍ കൂടി കടന്നുവരുമ്പോള്‍ തുറക്കുന്നത് അവസരങ്ങളുടെ പുതിയ കവാടം.
1,500 കോടിയിലേറെ രൂപയുടെ മുതല്‍മുടക്കിലാണ് പച്ചപ്പിനു ചുറ്റും ഐടി സമുച്ചയം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തെ ഓര്‍മിപ്പിക്കുന്ന പ്രവേശന കവാടവും ഷോപ്പിങ് ഹാളിനു സമാനമായ അകത്തളവും ആരെയും അതിശയിപ്പിക്കുന്നതാണ്. ഉദ്ഘാടനത്തിനു മുന്‍പുതന്നെ നാല് ബഹുരാഷ്ട്ര കമ്പനികള്‍ രണ്ടരലക്ഷം ചതുരശ്രയടി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഡൈനാമിക്, ഇഎക്‌സ്എല്‍, ഒപിഐ, സെല്ലിസ് എന്നീ കമ്പനികള്‍ ഓഫീസുകള്‍ തുറക്കുന്നതോടെ 2,500 തൊഴിലസവരങ്ങളും ഉണ്ടാകും.
12.74 ഏക്കറില്‍ 30 നിലകള്‍ വീതമുള്ള ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയില്‍ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികള്‍ക്കായുള്ള ഓഫീസ് സ്‌പേസാണ്. ഒരേ സമയം 30,000-ത്തിലേറെ ടെക് പ്രൊഫഷണലുകള്‍ക്ക് ജോലിചെയ്യാം.
ഹരിത നിര്‍മിതിക്കുള്ള ലിഡ് പ്ലാറ്റിനം പ്രി -സര്‍ട്ടിഫൈഡ് ബില്‍ഡിങ് അംഗീകാരവും ട്വിന്‍ ടവറുകള്‍ക്കുണ്ട്. നൂറുശതമാനം പവര്‍ ബാക്ക് അപ്പ്, 67 ഹൈസ്പീഡ് ലിഫ്റ്റുകള്‍, 12 എസ്‌കലറേറ്ററുകള്‍, 2,500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഫുഡ് കോര്‍ട്ട്, 600 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള അത്യാധുനിക കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ് സൗകര്യങ്ങള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ജിംനേഷ്യം, ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, ക്രെഷ്, ഓപ്പണ്‍ സിറ്റിങ് സ്‌പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളും ടവറുകളെ വേറിട്ടതാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് -റോബോട്ടിക് പാര്‍ക്കിങ് സൗകര്യം, ഓണ്‍സൈറ്റ് ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 3,200 കാറുകള്‍ക്കുള്ള റോബോട്ടിക് പാര്‍ക്കിങ് അടക്കം മൂന്നു നിലകളിലായി 4,500 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.
വളര്‍ച്ച വാനോളം
ഇന്‍ഫോപാര്‍ക്കില്‍ ലുലു ഐടി ട്വിന്‍ ടവറുകള്‍ പ്രവര്‍ത്തനനിരതമാകുന്നതോടെ കൊച്ചിയെയും കേരളത്തെയും കാത്തിരിക്കുന്നത് വലിയ നേട്ടങ്ങള്‍. 30,000 തൊഴിലസവരങ്ങള്‍ പിറക്കുന്നതോടെ ബെംഗളുരു, ഹൈദരാബാദ് എന്നീ ഐടി നഗരങ്ങളിലേക്ക് സംസ്ഥാനത്തെ യുവ ഐടി പ്രൊഫഷണലുകള്‍ ചേക്കേറുന്നതിന് ബദലുണ്ടാകും.
ഒപ്പം കൊച്ചിയുടെ സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും വന്‍ മാറ്റങ്ങള്‍ പ്രതിഫലിക്കും. പുതിയ തൊഴിലവസരങ്ങള്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കും. ഐടി പ്രൊഫഷണലുകള്‍ക്കു മാത്രമല്ല, ഭക്ഷണം, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റിട്ടെയില്‍ എന്നീ അനുബന്ധ സേവന മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ഇത്രയും വലിയൊരു ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ വരുന്നത് ഐടി ഹബ് എന്ന നിലയില്‍ കൊച്ചിക്ക് ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിക്കൊടു ക്കും. പുതിയ കെട്ടിടങ്ങള്‍, റോഡുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ആക്കംകൂട്ടും.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ്
ഐടി പ്രൊഫഷണലുകള്‍ കൂട്ടമായി എത്തുന്നതോടെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വീടുകള്‍ക്കും ആവശ്യം ഉയരും. പ്രത്യേകിച്ച് ഇന്‍ഫോ പാര്‍ക്കിനു ചുറ്റുമുള്ള കാക്കനാട്, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളില്‍ കൂടുതല്‍ റെസിഡെന്‍ഷ്യല്‍ പ്രോജക്ടുകളുമുണ്ടാകും. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, വില്ല പ്രോജകുകള്‍ എന്നിവയുടെ എണ്ണം ഉയരും.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഹോട്ടലുകള്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍, റസ്റ്ററന്റുകള്‍ എന്നിവയുടെ ആവശ്യകതയും വര്‍ധിക്കും. ഇത് പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കും.
Content Highlights: Lulu Group`s Kochi Info Park twin towers open
Published: 28 Jun 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented