അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ സംഗീതജ്ഞൻ മാക്‌സ് മോറാൻഡോയെ വിവാഹം കഴിച്ച് ഹോളിവുഡ് ഗായിക മൈലി സൈറസ്. കാലിഫോർണിയയിലെ പാം സ്പ്രിങ്‌സിൽ നവംബർ 21-നായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും സ്വകാര്യവുമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. മൈലിയുടെ മാതാപിതാക്കളായ ടിഷ് സൈറസും ബില്ലി റേ സൈറസും സഹോദരി നോഹ സൈറസും നടി എലിസബത്ത് ഹർലിയും ചടങ്ങിൽ പങ്കെടുത്തു.

To advertise here,

വിവാഹവാർത്തയ്‌ക്കൊപ്പം ശ്രദ്ധ നേടിയത് മൈലിയുടെ വ്യത്യസ്തമായ ബ്രൈഡൽ ലുക്കാണ്. പരമ്പരാഗത വിവാഹവസ്ത്രങ്ങളിൽ നിന്ന് മാറി, ലാളിത്യവും ആഡംബരവും ഒരുപോലെ ഒത്തുചേരുന്ന സെയ്ന്റ് ലോറന്റ് ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഫാഷൻ ഡിസൈനർ ആന്തണി വക്കറെല്ലോ പ്രത്യേകം രൂപകൽപന ചെയ്ത കസ്റ്റം ഗൗണായിരുന്നു ഇത്.തിളക്കമുള്ള വെളുത്ത സിൽക്ക് തുണിയിൽ ഒരുക്കിയ ഗൗണിൽ ലേസ്, ബീഡ്‌സ്, മറ്റ് അലങ്കാരപ്പണികൾ എന്നിവയൊന്നും ഉണ്ടായിരുന്നില്ല. പകരം, തുണിയുടെ സ്വാഭാവിക ഭംഗിക്കും കൃത്യമായ ടെയ്ലറിങ്ങിനുമായിരുന്നു പ്രാധാന്യം നൽകിയത്.മുൻവശത്ത് കോളർബോണിന് സമീപം മനോഹരമായി ചേരുന്ന രീതിയിലുള്ള ഡ്രേപ്പ് ചെയ്ത ഹൈ നെക്ക്ലൈനും കൈത്തണ്ടയിലേക്ക് ഒതുങ്ങുന്ന ഫുൾ സ്ലീവുകളുമാണ് ഗൗണിന്റെ പ്രത്യേകത. എന്നാൽ പിന്നിൽ നിന്നുള്ള കാഴ്ചയായിരുന്നു വസ്ത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. അരക്കെട്ട് വരെ നീളുന്ന ഡീപ് വി ആകൃതിയിലുള്ള ബാക്ക് കട്ടാണ് ഗൗണിന് കൂടുതൽ ആകർഷണീയത നൽകിയത്.

ആഭരണങ്ങളിലും വേറിട്ട തിരഞ്ഞെടുപ്പ്

ഗൗണിനൊപ്പം സെന്റ് ലോറന്റിന്റെ കസ്റ്റം വെളുത്ത സിൽക്ക് സ്ലിങ്ബാക്ക് പോയിന്റഡ് ടോ പംപ്‌സ് ആണ് മൈലി ധരിച്ചത്. പരമ്പരാഗത ബ്രൈഡൽ വെയിലിനോട് താരം വിടപറഞ്ഞു.ആഭരണങ്ങളിൽ ചോപ്പാർഡിന്റെ 18 കാരറ്റ് വൈറ്റ് ഗോൾഡ് ഡയമണ്ട് ഡ്രോപ്പ് കമ്മലുകളാണ് പ്രധാന ആകർഷണം. 4.27 കാരറ്റ് വജ്രങ്ങൾ പതിപ്പിച്ച കമ്മലുകൾക്കൊപ്പം അതേ ഡിസൈനിലുള്ള ഡയമണ്ട് മോതിരവും താരം അണിഞ്ഞു. ഏകദേശം നാല് കാരറ്റ് കുഷൻ കട്ട് ഡയമണ്ട് പതിപ്പിച്ച,14 കാരറ്റ് മഞ്ഞ സ്വർണത്തിലുള്ള ജാക്കി ഐഷ് എൻഗേജ്മെന്റ് റിങ്ങും ലുക്കിന്റെ ഭാഗമായി.തന്റെ ഓപ്പൺ ബാക്ക് ഗൗണിന്റെ ഭംഗി പൂർണമായി പ്രകടമാകുന്നതിനായി മുടി പിന്നിലേക്ക് ചുരുട്ടി മനോഹരമായ അപ്ഡോ ശൈലിയിലാണ് ഒരുക്കിയത്. കിരീടഭാഗത്ത് നേരിയ വോളിയവും നൽകിയിരുന്നു. മേക്കപ്പിൽ നാച്വറൽ ലുക്കിനാണ് പ്രാധാന്യം നൽകിയത്. സ്‌മോക്കി ഡാർക്ക് ഐ മേക്കപ്പ് ലുക്കിന് കൂടുതൽ ഭംഗി നൽകി.

വരന്റെ വേഷത്തിലും ലാളിത്യം

മൈലിയുടെ ബ്രൈഡൽ ലുക്കിനോട് ചേർന്നുനിൽക്കുന്ന രീതിയിലായിരുന്നു വരൻ മാക്‌സ് മോറാൻഡോയുടെ വേഷവും. സിംഗിൾ ബ്രെസ്റ്റഡ് ടക്‌സീഡോ ജാക്കറ്റും അതിനോട് ചേരുന്ന ട്രൗസറുമാണ് മാക്‌സ് തിരഞ്ഞെടുത്തത്. കോട്ടൺ പോപ്ലിൻ ഷർട്ടും സിൽക്ക് സാറ്റിൻ ടൈയും വേഷത്തിന് ക്ലാസിക് ഭംഗി നൽകി.ഗ്രെയിൻഡ് ലെതറിൽ ഒരുക്കിയ ലൂയിസ് സ്നീക്കേഴ്സും സൺഗ്ലാസും ലുക്കിന്റെ ഭാഗമായി. നീളമുള്ള മുടി സ്വാഭാവികമായും അൽപം അലസമായും സ്‌റ്റൈൽ ചെയ്തിരുന്നു. ആഡംബരത്തേക്കാൾ ലാളിത്യത്തിന് പ്രാധാന്യം നൽകിയ മൈലി സൈറസിന്റെ വിവാഹവേഷം ഫാഷൻ ലോകത്തും ശ്രദ്ധ നേടുകയാണ്.

2021 ഡിസംബറിൽ മിയാമിയിൽ നടന്ന മൈലിയുടെ ന്യൂ ഇയർ ഈവ് സ്‌പെഷ്യൽ പരിപാടിയുടെ വേദിക്ക് പിന്നിൽ വെച്ചാണ് ഇരുവരും ആദ്യമായി അടുക്കുന്നത്. പിന്നീട് 2022 ഏപ്രിലിൽ വെസ്റ്റ് ഹോളിവുഡിൽ വെച്ച് ഇവർ ബന്ധം സ്ഥിരീകരിച്ചു. 2025 നവംബറിൽ ലോസ് ഏഞ്ചൽസിൽ നടന്ന 'അവതാർ: ഫയർ ആൻഡ് ആഷ്' പ്രീമിയറിനിടെ മൈലിയുടെ കൈയിലെ വജ്രമോതിരം ശ്രദ്ധിക്കപ്പെട്ടതോടെയാണ് വിവാഹനിശ്ചയ വാർത്തകൾ പ്രചരിച്ചത്. തുടർന്ന് ജീവിതത്തിലെ പുതിയ ഘട്ടത്തിൽ ഏറെ സന്തോഷവതിയാണെന്ന് വ്യക്തമാക്കി അവർ വിവാഹനിശ്ചയം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജപ്പാനിലെ ക്യോട്ടോയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് മാക്‌സ് നേരത്തെ വണ്ടർലാൻഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യം ടോക്കിയോയിലും പിന്നീട് ക്യോട്ടോയിലും പോയെന്നും, യാത്രയുടെ അവസാന ദിവസത്തിന്റെ അവസാന നിമിഷം വരെ കാത്തിരുന്നാണ് പ്രൊപ്പോസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ നടൻ ലിയാം ഹെംസ്വർത്തുമായി വിവാഹിതയായിരുന്ന മൈലി, 2018 ഡിസംബറിൽ വിവാഹിതരാവുകയും 2019 ഓഗസ്റ്റിൽ വേർപിരിയുകയും ചെയ്തിരുന്നു. 2020 ജനുവരിയിലാണ് ഇരുവരുടെയും വിവാഹമോചനം നിയമപരമായി പൂർത്തിയായത്.