പതിനാറിനും 24-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കളിൽ മൂന്നിലൊന്ന് പേർ ബ്രിട്ടനിൽ ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പുതിയ പഠനം. അതേസമയം, ഇവരിൽ വലിയൊരു വിഭാഗത്തിന് സെക്സ്റ്റിങ്ങും പോൺ വീഡിയോകൾ കാണുന്നതും പതിവാണ്. ഓൺലൈൻ ലൈംഗികശീലങ്ങളെക്കുറിച്ച് ബ്രിട്ടനിലെ ദേശീയ സർവേയായ 'നാറ്റ്‌സാൽ-4' (Natsal-4) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

To advertise here,

പ്രമുഖ മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റി'ൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിനായി 16-നും 59-നും ഇടയിൽ പ്രായമുള്ള ഏകദേശം 6,700 പേരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. 1990-ന് ശേഷം ബ്രിട്ടനിലെ ലൈംഗികശീലങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഇതിൽ പ്രധാനമായും വിലയിരുത്തിയത്.

16-24 പ്രായക്കാരിൽ 38% യുവതികളും 28%യുവാക്കളും ഇതുവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് സർവേ പറയുന്നു. മുൻ സർവേകളിൽ ഇത് ഏകദേശം 20% മാത്രമായിരുന്നു. 45 വയസ്സിന് താഴെയുള്ളവരിലെ ലൈംഗികബന്ധത്തിന്റെ ശരാശരി നിരക്ക് 30 വർഷങ്ങൾക്കുമുമ്പ് മാസത്തിൽ നാലുതവണ ആയിരുന്നെങ്കിൽ ഇപ്പോൾ അത് രണ്ടായി കുറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 16-24 പ്രായക്കാരിൽ പകുതിയോളം പേർ ഫോണിലൂടെ ലൈംഗികചിത്രങ്ങളോ സന്ദേശങ്ങളോ അയക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതേ പ്രായക്കാരിൽ പകുതി യുവതികളും 86 മുതൽ 90 ശതമാനംവരെ യുവാക്കളും പോൺ വീഡിയോകൾ കണ്ടതായും സർവേ വ്യക്തമാക്കുന്നു.

ജീവിതച്ചെലവ് വർധിക്കുന്നതും വീടുകളിൽ മാതാപിതാക്കൾക്കൊപ്പം കൂടുതൽ കാലം താമസിക്കുന്നതും ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും പരസ്പരസമ്മതത്തിനും യുവതലമുറ നൽകുന്ന പ്രാധാന്യവും സാമൂഹികമാറ്റങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഓൺലൈൻ ശീലങ്ങൾകൊണ്ടാണ് നേരിട്ടുള്ള ലൈംഗികബന്ധം കുറയുന്നതെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ബ്രിട്ടനിലും അമേരിക്കയിലും യുവതലമുറയ്ക്കിടയിൽ നേരിട്ടുള്ള ലൈംഗികബന്ധത്തിൽ കുറവുണ്ടാകുമ്പോൾ, ഇന്ത്യയിലെ ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്.) ചൂണ്ടിക്കാട്ടുന്നത് ലൈംഗികതയോടുള്ള യുവതലമുറയുടെ മാറുന്ന കാഴ്ചപ്പാടുകളാണ്.

ഇന്ത്യയിൽ വിവാഹപ്രായം കൂടുന്നതും വിദ്യാഭ്യാസവും സാമൂഹികസാഹചര്യങ്ങളുമാണ് ലൈംഗികശീലങ്ങളെ സ്വാധീനിക്കുന്നത്. ഈ വർഷം പുറത്തുവിട്ട 2023-24-ലെ എൻ.എഫ്.എച്ച്.എസ്.-6 കണക്കുകൾ പ്രകാരം 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്ന സ്ത്രീകളുടെ നിരക്ക് 20.1 ശതമാനമായി കുറഞ്ഞു. ബ്രിട്ടനിൽ യുവതികൾക്കിടയിൽ ഹോർമോൺ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം കുറയുമ്പോൾ, ഇന്ത്യയിൽ അവിവാഹിതരായ യുവതീയുവാക്കൾക്കിടയിൽ (15-24 പ്രായമുള്ളവർ) കോണ്ടം ഉപയോഗം കൂടിയിട്ടുണ്ട്.