75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടി. ഇന്ത്യയെ പ്രതിനിധീകരിച്ച 19-കാരിയായ കെസിയ ലിസ് മെജോ ആദ്യ 12-ൽ ഇടംപിടിക്കാനാകാതെ മത്സരത്തിൽ നിന്ന് പുറത്തായി. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ കെസിയയ്ക്ക് സാധിച്ചെങ്കിലും, ആദ്യ 12-ൽ യോഗ്യത നേടാനായില്ല.

To advertise here,

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ആത്മവിശ്വാസത്തോടെയാണ് കെസിയ തുടക്കമിട്ടത്.  കിരീടം നേടാനായില്ലെങ്കിലും, 75 വർഷത്തെ മിസ് യൂണിവേഴ്‌സ് ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് 'മിസ് യൂണിവേഴ്‌സ് ഇന്ത്യ' പട്ടം നേടി അന്താരാഷ്ട്ര വേദിയിലെത്തുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടവുമായാണ് കെസിയ മടങ്ങുന്നത്.

ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ വളർന്നത് അബുദാബിയിലാണ്. ബെംഗളൂരുവിൽ നിയമപഠനം നടത്തുന്നതിനൊപ്പം മോഡലിംഗിലും സജീവമാണ്. 12 വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന കെസിയ, വയലിനും ഡ്രംസും വായിക്കുന്ന കലാകാരി കൂടിയാണ്. മമ്മൂട്ടി ചിത്രമായ 'ഷൈലോക്കിലൂടെ' മലയാള സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 23-ന് ജയ്പൂരിൽ വെച്ച് 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് കെസിയ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' കിരീടം ചൂടിയത്. സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നാലാം കിരീടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. 3,150 വജ്രങ്ങൾ പതിപ്പിച്ച പുതിയ കിരീടം ആർക്കായിരിക്കുമെന്ന ആകാംക്ഷയിലാണ് സൗന്ദര്യമത്സര ലോകം.