75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ ആതിഥേയരായ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരി പട്ടം ചൂടി. ഡൊമിനിക്കൻ റിപ്പബ്ലിക് ഫസ്റ്റ് റണ്ണറപ്പും വെനസ്വേല സെക്കൻഡ് റണ്ണറപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കസിയ ലിസ് മെജോയ്ക്ക് ആദ്യ 30-നപ്പുറം മുന്നേറാനായില്ലെങ്കിലും, അന്താരാഷ്ട്ര വേദിയിലെ കെസിയയുടെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്‌സ് സുസ്മിത സെൻ രംഗത്തെത്തി.

To advertise here,

Read Also: ആദ്യ 12-ൽ ഇടംനേടാനായില്ല; ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി സുന്ദരി കെസിയ ലിസ് മെജോ പുറത്ത് | Miss Universe 2026 

മത്സരത്തിനായി പ്യൂർട്ടോ റിക്കോയിലേക്ക് തിരിക്കുന്നതിന് മുൻപ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള കെസിയയുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് സുസ്മിത സെൻ അഭിനന്ദനമറിയിച്ചത്. 1.4 ലക്ഷം രൂപ വിലമതിക്കുന്ന സമന്ത് ചൗഹാൻ സാരിയണിഞ്ഞ്, മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായി നിൽക്കുന്ന ചിത്രമാണ് സുസ്മിത പങ്കുവെച്ചത്.


'ആ മനോഹരമായ പുഞ്ചിരിയോടെ നീ എപ്പോഴും ഈ പ്രപഞ്ചത്തെ സ്വാഗതം ചെയ്യട്ടെ. അന്തസ്സോടും സ്‌നേഹത്തോടും സന്തോഷത്തോടും കൂടിയാണ് നീ ഞങ്ങളെ പ്രതിനിധീകരിച്ചത്... നീ ഹൃദയങ്ങൾ കീഴടക്കി! എനിക്ക് നിന്നിൽ അഭിമാനമുണ്ട്,'സുസ്മിത കുറിച്ചു.

Read Also: മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്; ഇന്ത്യയുടെ കെസിയ ടോപ് 30-ൽ 

സാൻ ജുവാനിലെ ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ 30 സെമിഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ കെസിയയ്ക്ക് സാധിച്ചിരുന്നു. എന്നാൽ സ്വിംസ്യൂട്ട് റൗണ്ടിന് ശേഷം നടന്ന എലിമിനേഷനിൽ ആദ്യ 12-ലേക്ക് കടക്കാനാകാതെ കെസിയ പുറത്താവുകയായിരുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങൾക്ക് ആദ്യ 30-ൽ പോലും ഇടംനേടാനായില്ല. ഈവനിംഗ് ഗൗൺ റൗണ്ടിന് ശേഷം ഫിലിപ്പീൻസ്, ന്യൂസിലൻഡ്, വെനസ്വേല, ഡൊമിനിക്കൻ റിപ്പബ്ലിക്, പ്യൂർട്ടോ റിക്കോ എന്നിവരാണ് അവസാന അഞ്ചിൽ ഇടംപിടിച്ചത്.

അവസാന റൗണ്ടിൽ അഞ്ച് ഫൈനലിസ്റ്റുകളോടും ഒരേ ചോദ്യമാണ് വിധികർത്താക്കൾ ചോദിച്ചത്: 'ഇന്ന് ലോകത്തിന് അതിന്റെ നേതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് എന്താണ്?'' തൊഴിൽപരമായി സഹാനുഭൂതിയുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റുള്ളവരെ വിധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ ഒരു നേതാവ് സ്വന്തം മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയും മാതൃക കാണിക്കുകയും നിലവാരം ഉയർത്തുകയും വേണം,' എന്ന ജെന്നിഫർ ബാരെറ്റോയുടെ മറുപടി അവരെ കിരീടനേട്ടത്തിലേക്ക് എത്തിച്ചു.

1994-ൽ സുസ്മിത സെൻ, 2000-ൽ ലാറ ദത്ത, 2021-ൽ ഹർനാസ് സന്ധു എന്നിവരാണ് ഇതിന് മുൻപ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്‌സ് കിരീടം എത്തിച്ചത്.