ഒരു ലിറ്റർ കഴുതപ്പാലിന് 7,000 രൂപ നൽകാൻ ആളുകൾ തയ്യാറാകുമോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും, ബിലാസ്പൂർ ജില്ലയിൽ ആരംഭിച്ച ഹിമാചൽ പ്രദേശിലെ ആദ്യത്തെ സംഘടിത കഴുത ഫാം വാർത്തകളിൽ നിറയുന്നത് ഈ ഉയർന്ന വിലയുടെ പേരിലാണ്. ബിലാസ്പൂരിലെ കന്ദൗർ ഗ്രാമത്തിൽ സഞ്ജീവ് സിംഗ് താക്കൂർ, സീറത്ത് തൂർ എന്നിവർ ചേർന്ന് ആരംഭിച്ച ഡയറിക്ക ഫാംസ് ആണ് ഈ വേറിട്ട സംരംഭത്തിന് പിന്നിൽ.

To advertise here,

ലിറ്ററിന് 7,000 രൂപ; പൊടിക്ക് 80,000 രൂപ!

12 കഴുതകളുമായി പ്രവർത്തനം ആരംഭിച്ച ഫാമിൽ, കഴുതകളുടെ എണ്ണം 25 ആയി ഉയർത്താനാണ് ഉടമകൾ ലക്ഷ്യമിടുന്നത്. ഹിമാചൽ പ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജേഷ് ധർമ്മാനി ഉദ്ഘാടനം ചെയ്ത ഈ സംരംഭത്തിൽ നിന്നുള്ള കഴുതപ്പാൽ ലിറ്ററിന് 5,000 മുതൽ 7,000 രൂപ വരെയാണ് വില.

ഇതിലും അദ്ഭുതപ്പെടുത്തുന്നത് കഴുതപ്പാൽ പൊടിയുടെ വിലയാണ്. ഗുണനിലവാരമനുസരിച്ച് കിലോഗ്രാമിന് 20,000 രൂപ മുതൽ 80,000 രൂപ വരെയാണ് വിപണിയിൽ ഇതിന് വില ലഭിക്കുന്നത്. സ്വന്തം ഫാമിലെ ഉൽപാദനത്തിന് പുറമേ, സമീപപ്രദേശങ്ങളിലെ കർഷകരിൽ നിന്ന് പാൽ ശേഖരിക്കാനും വിപണന പിന്തുണ നൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്.

കഴുതപ്പാലിന് ഉയർന്ന വില ലഭിക്കുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ആഡംബര സ്‌കിൻകെയർ, കോസ്‌മെറ്റിക് കമ്പനികളാണ് കഴുതപ്പാലിന്റെ പ്രധാന ഉപഭോക്താക്കൾ. ആന്റി-ഏജിംഗ് ക്രീമുകൾ, ബ്യൂട്ടി സോപ്പുകൾ, മോയ്‌സ്ചറൈസറുകൾ, ലോഷനുകൾ എന്നിവ നിർമിക്കാൻ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ആന്റിഓക്സിഡന്റുകളും, ലാക്ടോഫെറിൻ, ലൈസോസൈം തുടങ്ങിയ ഘടകങ്ങളും ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനും പ്രായമാകുന്നത് തടയാനും സഹായിക്കുന്നു.

പശുവിൻ പാലിനേക്കാൾ കൊഴുപ്പ് കുറവുള്ളതും, മുലപ്പാലിനോട് ഏറെ സാമ്യമുള്ളതുമാണ് കഴുതപ്പാൽ. പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കുന്നതിനാൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളും ഇവ വാങ്ങുന്നു. എങ്കിലും, ഇതിന്റെ ഔഷധഗുണങ്ങളിൽ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു കഴുതയിൽ നിന്ന് ദിവസം പരമാവധി ഒന്നോ രണ്ടോ ലിറ്റർ പാൽ മാത്രമേ ലഭിക്കുകയുള്ളൂ. മാത്രമല്ല, രാജ്യത്ത് കഴുതകളുടെ എണ്ണം കുറഞ്ഞുവരുന്നതും ലഭ്യതക്കുറവും വില കുത്തനെ ഉയരാൻ കാരണമാകുന്നു.

മൃഗസംരക്ഷണ മേഖലയിൽ പുത്തൻ സ്വയംതൊഴിൽ സാധ്യതകൾ തുറന്നിടുന്ന ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കൃത്യമായ ശാസ്ത്രീയ പിന്തുണയും വിപണന തന്ത്രങ്ങളും ഉണ്ടെങ്കിൽ വലിയ വാണിജ്യ വിജയം നേടാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.