കുട്ടികളുടെ വളർത്തുദോഷവും ഗുണവുമെല്ലാം പലപ്പോഴും അമ്മമാരുടെ മാത്രം ഉത്തരവാദിത്വമായി ചുരുക്കപ്പെടുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ, പങ്കാളികൾ രണ്ടുപേരും ഒരുമിച്ച് കൈകോർത്താൽ മാത്രമേ മാതൃകാപരമായ രീതിയിൽ മക്കളെ വളർത്താൻ സാധിക്കൂ എന്ന് ഓർമ്മിപ്പിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. കരീന കപൂർ അവതാരകയായ വാട്ട് വുമൺ വാണ്ട് എന്ന ടോക്ക് ഷോയുടെ ആറാം സീസണിൽ അതിഥിയായെത്തിയപ്പോഴാണ് മിറ തങ്ങളുടെ കുടുംബത്തിലെ പാരന്റിങ് രീതികളെക്കുറിച്ച് മനസ്സ് തുറന്നത്.

To advertise here,

രക്ഷിതാക്കളിൽ ഒരാൾക്കുമാത്രം എല്ലാം കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ കഴിയില്ലെന്നും അതിനാൽ പങ്കാളികൾ ഉത്തരവാദിത്വങ്ങൾ പങ്കുവയ്‌ക്കേണ്ടത് പ്രധാനമാണെന്നും മിറ പറയുന്നു. മക്കളായ മീഷയുടെയും സെയ്‌നിന്റെയും വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യക്തമായ ചുമതലകളാണ് ഷാഹിദും മീരയും വീതിച്ചെടുത്തിരിക്കുന്നത്. മക്കളുടെ കായിക പരിശീലനം, ഭക്ഷണക്രമം എന്നിവയുടെ പൂർണ്ണ ചുമതല ഷാഹിദ് കപൂറിനാണ്. അതേസമയം, പഠനകാര്യങ്ങൾ, ക്ലാസുകൾ, ജന്മദിനാഘോഷങ്ങൾ, കുട്ടികളുടെ പൊതുവായ പെരുമാറ്റം എന്നിവ ശ്രദ്ധിക്കുന്നത് മിറയുമാണ്. എന്നാൽ, രണ്ടുപേരിൽ ഒരാൾ യാത്രയിലോ ജോലിക്കാര്യങ്ങളിലോ തിരക്കിലാകുമ്പോൾ മറ്റേയാൾ ഈ ചുമതലകൾ തടസ്സമില്ലാതെ ഏറ്റെടുക്കുകയും ചെയ്യും.

'എല്ലാ രസകരമായ കാര്യങ്ങളും അച്ഛന്മാർക്കാണോ കിട്ടുന്നത്?' എന്നായിരുന്നു ഇതിനോടുള്ള കരീനയുടെ പ്രതികരണം. ഷാഹിദ് ഇല്ലാത്ത സമയങ്ങളിലാണ് കുട്ടികളുമൊത്തുള്ള തന്റെ ആഘോഷമെന്ന് മിറ പറയുന്നു. 'ഷാഹിദ് വീട്ടിലില്ലാത്ത സമയത്താണ് ഞാൻ ഫൺ ആകാറുള്ളത്. ഷാഹിദ് യാത്രയിലാകുമ്പോൾ മക്കൾക്ക് എന്നോട് സ്‌നേഹം കൂടും. ഞങ്ങൾ വൈകി ഉറങ്ങാൻ കിടക്കും, ഒന്നിച്ച് കിടന്നുറങ്ങും, ഞങ്ങൾക്ക് മാത്രം കാണാനായി രസകരമായ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കും. അങ്ങനെ ഞങ്ങളും ആ സമയങ്ങൾ ആഘോഷമാക്കാറുണ്ട്.'

ആൺകുട്ടിയെന്നും പെൺകുട്ടിയെന്നുമുള്ള വേർതിരിവുകളില്ലാതെ സമത്വത്തോടെയാണ് രണ്ടു മക്കളെയും വളർത്തുന്നതെന്നും മിറ കൂട്ടിച്ചേർത്തു. ഒരിക്കൽ മക്കൾ തമ്മിൽ വഴക്കുകൂടുന്ന സമയത്ത് ഉണ്ടായ അനുഭവം അവർ പങ്കുവെച്ചു. മകനായ സെയ്‌നോട് അങ്ങനെ ചെയ്യരുത് മിഷ ഒരു പെൺകുട്ടിയല്ലേ എന്നുതാൻ ചോദിച്ചെന്നും അതിന് മകൻ പറഞ്ഞത് ആൺകുട്ടിയായ എന്നോട് അവൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നുമാണെന്ന് മിറ പറയുന്നു. ആ സംഭവത്തോടെയാണ് കുട്ടികളോട് പറയേണ്ടത് ഇങ്ങനെയല്ലെന്ന് താൻ തീരുമാനിക്കുന്നതെന്നും അവർ പറയുന്നുണ്ട്. ലിംഗഭേദമില്ലാതെ പരസ്പരം ബഹുമാനിക്കാനും കരുണയുള്ള നല്ല മനുഷ്യരായി വളരാനുമാണ് മക്കളെ പഠിപ്പിക്കേണ്ടതെന്നാണ് മിറയുടെ പക്ഷം.