എയര്‍പോര്‍ട്ടുകളിലും റെസ്റ്റോറന്റുകളിലും റോഡരികുകളിലും താരങ്ങളെ നിഴല്‍പോലെ പിന്തുടരുന്ന പാപ്പരാസി സംസ്കാരം ഇന്ന് ശക്തമാണ്.

നവമാധ്യമങ്ങളുടെ കടന്നുവരവോടെ, താരങ്ങളുടെ ചിത്രങ്ങളും വാർത്തകളും തത്സമയം ആളുകളിലേക്ക് എത്തുന്ന കാലഘട്ടമാണിത്. എന്നാൽ, ഈ സാങ്കേതിക മുന്നേറ്റം ഒരു നടന്റെയോ നടിയുടെയോ സ്വകാര്യതയിലേക്ക് എത്രത്തോളം കടന്നുകയറുന്നു എന്ന ചോദ്യമുയർത്തുകയാണ് ജാൻവി കപൂർ നടത്തിയ തുറന്നുപറച്ചിൽ. പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്പോൾ പ്രശസ്തരായ വ്യക്തികൾ തങ്ങളുടെ ബാഹ്യരൂപത്തിൽ (അപ്പിയറൻസിൽ) എത്രത്തോളം സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുകയായിരുന്നു അവർ.
'ചിലപ്പോഴൊക്കെ പൈജാമയിട്ട് തലയിണയും കയ്യിൽപിടിച്ചാണ് ഞാൻ എയർപോർട്ടിലൂടെ നടന്നുപോയിട്ടുള്ളത്. ഒരിക്കൽ ക്ഷേത്രദർശനം കഴിഞ്ഞ് മേക്കപ്പോ ഹെയറോ ചെയ്യാതെ ഞാൻ അഭിമുഖത്തിന് പോയിട്ടുണ്ട്. അന്ന് വെറും ഒരു മണിക്കൂർ മാത്രമാണ് ഞാനുറങ്ങിയിട്ടുള്ളത്. എന്നാൽ അപ്പോഴൊക്കെ നിങ്ങളെ കണ്ടാൽ ഒരു നടിയെപ്പോലെ തോന്നുന്നില്ല എന്ന വിമർശനം എന്നെ തേടിയെത്തിയിരുന്നുവെന്ന് ജാൻവി കപൂർ പറയുന്നു. ഒരു കലാകാരനെന്ന നിലയിലുള്ള പ്രകടനത്തിനേക്കാൾ, അവരുടെ ബാഹ്യരൂപത്തിന് സമൂഹം നൽകുന്ന അമിത പ്രാധാന്യമാണ് ജാൻവി ചൂണ്ടിക്കാണിച്ചത്.
ഒരു കലാകാരന്റെ യഥാർത്ഥ മൂല്യം അളക്കപ്പെടേണ്ടത് തിയേറ്ററുകളിലെ വലിയ സ്ക്രീനിലോ മിനിസ്ക്രീനിലോ അവർ കാഴ്ചവെക്കുന്ന അഭിനയമികവിലൂടെ മാത്രമാണെന്നും ജാൻവി പറയുന്നു. 'നാം കാണുന്ന തിളക്കമുള്ള ജീവിതങ്ങൾക്കപ്പുറം, ഓരോ പ്രശസ്ത വ്യക്തിക്കും സ്വന്തമായി ഒരു വ്യക്തിജീവിതമുണ്ട്. എന്നാൽ ആ യാഥാർത്ഥ്യം മനസ്സിലാക്കാൻ പലപ്പോഴും പൊതുസമൂഹം തയ്യാറാകുന്നില്ല.' അവർ പറഞ്ഞു. ഓരോ വ്യക്തിക്കും തങ്ങളുടേതായ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. പൊതുജനശ്രദ്ധ ലഭിക്കുന്ന വ്യക്തിയാണെങ്കിൽപ്പോലും, അവർക്ക് ഒരു സാധാരണ മനുഷ്യനായി ജീവിക്കാനുള്ള അവകാശമുണ്ട്.
പ്രശസ്തനാണോ അല്ലയോ എന്നതല്ല വിഷയം; ഏതൊരു മനുഷ്യനും ആരും നിരീക്ഷിക്കാത്ത, വിലയിരുത്താത്ത കുറച്ചു സമയവും ഇടങ്ങളും സ്വന്തമായി ആവശ്യമാണ്. ഓരോ ചലനവും നിരീക്ഷിക്കപ്പെടുകയും വാഗ്വാദങ്ങൾക്ക് വിധേയമാവുകയും ചെയ്യുമ്പോൾ അത് വ്യക്തികളിൽ അനാവശ്യ ഭയവും മാനസിക തളർച്ചയും ഉണ്ടാക്കുന്നു. ചുറ്റുമുള്ള ആളുകൾക്ക് നൽകുന്ന അതേ മാനസിക സുരക്ഷിതത്വവും സ്വകാര്യതയും സെലിബ്രിറ്റിക്കും അർഹതപ്പെട്ടതാണെന്ന് തിരിച്ചറിയണം.
നേരത്തേ, ഒരു താരത്തിന്റെ വാർത്ത അല്ലെങ്കിൽ ചിത്രം പുറത്തുവരുന്നത് പത്രങ്ങളിലൂടെയോ ദൃശ്യമാധ്യമങ്ങളിലൂടെയോ മാത്രമായിരുന്നു. എന്നാൽ ഇന്ന് ഓരോ വ്യക്തിയുടെയും കൈകളിലെ സ്മാർട്ട്ഫോണുകൾ ക്യാമറകളായി മാറിയിരിക്കുന്നു. എയർപോർട്ടുകളിലും റെസ്റ്റോറന്റുകളിലും റോഡരികുകളിലും താരങ്ങളെ നിഴൽപോലെ പിന്തുടരുന്ന പാപ്പരാസി സംസ്കാരം ഇന്ന് ശക്തമാണ്. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണമാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്.
എവിടെ വരയ്ക്കണം അതിർവരമ്പുകൾ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്വകാര്യത കാത്തുസൂക്ഷിക്കുക എന്നത് സമൂഹത്തിൽനിന്ന് ഒളിച്ചോടലല്ല, മറിച്ച് തങ്ങൾ എന്താണ് പങ്കുവെക്കേണ്ടത് എന്ന് കൃത്യമായി തീരുമാനിക്കലാണ്.തങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരുമായി പങ്കുവെക്കാൻ പാടില്ലാത്ത ചില അതിരുകൾ ഓരോരുത്തരും സ്വയം നിർണ്ണയിക്കേണ്ടതുണ്ട്. കുടുംബബന്ധങ്ങൾ, വ്യക്തിപരമായ ദിനചര്യകൾ, സ്വകാര്യ നിമിഷങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സോഷ്യൽ മീഡിയ എന്നത് സ്വന്തം ഡയറിയല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങൾ മാത്രം നൽകുന്ന ഒരു മാധ്യമമാണ്.
തങ്ങൾ നിൽക്കുന്ന സ്ഥലം അപ്പോൾത്തന്നെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യുന്ന ശീലം കുറയ്ക്കുക. ഒരു അനുഭവം പൂർണ്ണമായും ആസ്വദിച്ച ശേഷം മാത്രം അതിന്റെ ചിത്രങ്ങളോ വിശേഷങ്ങളോ പങ്കുവെക്കുക. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇടുന്നതിന് മുൻപ് അത് തന്റെ മൂല്യങ്ങൾക്ക് ചേർന്നതാണോ എന്ന് ചിന്തിക്കുക.
Published: 01 Nov 2026, 08:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented