കപില്‍ ദേവിന് ശേഷം ഇന്ത്യന്‍ പേസ് ബൗളിങ്ങിന് പുതിയ മുഖം നല്‍കിയ ബൗളറാണ് സഹീര്‍ ഖാന്‍. റിവേഴ്‌സ് സ്വിങ്ങുകളായിരുന്നു ഇടങ്കയ്യനായ സഹീറിന്റെ ബൗളിങ്ങിലെ പ്രത്യേകത. ജീവിതവും സഹീറിന് അതുപോലൊരു റിവേഴ്‌സ് സ്വിങ് കാത്തുവെച്ചിരുന്നു. പ്രാണന്‍പോലെ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് പകരം അപ്രതീക്ഷിതമായി മറ്റൊരാളെ ജീവിതപങ്കാളിയാക്കേണ്ടി വന്നു സഹീറിന്. എട്ടു വര്‍ഷത്തെ പ്രണയത്തിന്റെ സങ്കടക്കടല്‍ സഹീര്‍ താണ്ടിയത് ജീവിതത്തിലേക്ക് പ്രകാശവുമായെത്തിയ ആ പെണ്‍കുട്ടിയിലൂടെയാണ്.

To advertise here,

ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീറും ബോളിവുഡ് നടി സാഗരിക ഘാട്‌കെയും ആദ്യമായി കണ്ടുമുട്ടുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശയിലായിരുന്നു അന്ന്‌ സഹീര്‍. ആ പരിപാടിക്കിടയില്‍ സഹീറും സാഗരികയും ഒരുപാട് നേരം സംസാരിച്ചു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. ആ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു. സുഹൃത്തുക്കളായ യുവരാജ് സിങ്ങിന്റേയും ഹെയ്‌സല്‍ കീച്ചിന്റേയും വിവാഹസമയത്താണ്  ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്. പിന്നാലെ സാഗരികയുമായുള്ള ബന്ധം സഹീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കി. 2017 നവംബര്‍ 23-ന് സഹീറും സാഗരികയും ഒരുമിച്ചുള്ള ജീവിതം തുടങ്ങി.

സുധീര്‍ നായിക്കിന്റെ കണ്ടെത്തല്‍

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ശ്രീരാംപൂരില്‍ ഭക്തിയാര്‍ ഖാന്റേയും സാക്കിയയുടേയും മകനായി ജനനം. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനോട് സഹീറിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ പലപ്പോഴും പിന്തിരിപ്പിച്ചു. ഒരു ക്രിക്കറ്റ് കിറ്റ് എന്നത് അവന്റെ സ്വപ്‌നത്തില്‍ മാത്രം അവശേഷിച്ചു.

ശ്രീരാംപൂരിലെ ലോക്കല്‍ ക്രിക്കറ്റ് ക്ലബ്ബുകളില്‍ ഒതുങ്ങുമായിരുന്ന സഹീറിന്റെ കരിയര്‍ മാറ്റിയെഴുതിയത് ഇന്ത്യയുടെ മുന്‍താരം സുധീര്‍ നായിക്കാണ്. 12-ാം ക്ലാസ് പരീക്ഷ എഴുതിയതിന് പിന്നാലെ സഹീര്‍ ഉപ്പയോടൊപ്പം ശ്രീരാംപൂരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് വണ്ടി കയറി. ഏതെങ്കിലും തരത്തില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത അന്വേഷിച്ചായിരുന്നു ആ യാത്ര. 

placeholder
.
സഹീര്‍ ഖാന്‍ സുധീര്‍ നായിക്കിനൊപ്പം | Photo: twitter/ zaheer khan

പല കോച്ചിങ് സെന്ററുകളിലും പരിശീലന ഗ്രൗണ്ടുകളിലും അവര്‍ പോയി. പക്ഷേ അവിടെയെല്ലാം പരിശീലനത്തിന ആയിരങ്ങള്‍ വേണ്ടിയിരുന്നു. ഓട്ടോ പിടിച്ചും നടന്നും മുംബൈയിലെ വെയിലില്‍ അവര്‍ വാടിത്തളര്‍ന്നു. അവസാനമാണ് ചര്‍ച്ച്‌ഗേറ്റിലെ നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബിലെത്തിയത്.

അവിടെവെച്ചാണ് സഹീറിനെ സുധീര്‍ നായിക്ക് ആദ്യമായി കാണുന്നത്. സഹീറിന്റെ ബൗളിങ് കണ്ട സുധീര്‍ അവന്റെ കഴിവ് തിരിച്ചറിഞ്ഞു. അവനെ അടുത്തേക്ക് വിളിപ്പിച്ചു. അവന്റെ പരിശീലനം മുഴുവന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞ സുധീര്‍ മുംബൈയിലെ ഡിവിഷന്‍ എ ഗെയിമുകളില്‍ കളിക്കാനുള്ള അവസരവും ഒരുക്കിക്കൊടുത്തു. സ്വര്‍ഗം കിട്ടിയതുപോലെയാണ് ആ നിമിഷം സഹീറിന് തോന്നിയത്. കുറച്ച് കാലത്തേക്ക് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന് സുധീര്‍ അറിയിച്ചു. അത് സഹീറിന് സമ്മതമായിരുന്നു. അങ്ങനെ തിരിച്ച് ശ്രീരാംപൂരിലേക്ക് സഹീറിന്റെ ഉപ്പ മാത്രം വണ്ടി കയറി.   

ആ സമയത്ത് 18 വയസ് പ്രായമുണ്ടായിരുന്ന സഹീറിന് തന്നേക്കാള്‍ പ്രായം കുറവുള്ളവര്‍ക്കൊപ്പം കളിക്കാന്‍ ഇരട്ടി അധ്വാനം നടത്തേണ്ടിവന്നു. പ്രായം കൂടുതലായതിനാല്‍ അവരേക്കാള്‍ മികച്ച പ്രകടനം സഹീറിന് പുറത്തെടുക്കേണ്ടി വന്നിരുന്നു. ഡിവിഷന്‍ എ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ സുധീര്‍ അവനെ ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്ക് അയച്ചു. 

പിന്നാലെ ബറോഡ രഞ്ജി ടീമിലെത്തി. 2000-ത്തില്‍ റെയില്‍വേസിനെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ ബറോഡയെ വിജയത്തിലേക്ക് നയിച്ചത് സഹീറായിരുന്നു. അതേ വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി. ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. നവംബറില്‍ ബംഗ്ലാദേശിനെതിരെ ടെസ്റ്റിലും തുടക്കംകുറിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഫോം നഷ്ടപ്പെട്ട സഹീറിനെ ബിസിസിഐ സി ഗ്രേഡിലേക്ക് തരംതാഴ്ത്തി. എന്നാല്‍ പിന്നീട് തിരിച്ചുവരവ് നടത്തിയ താരം 2007 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ചു. 2011 ലോകകപ്പില്‍ ഏറ്റവും വിക്കറ്റെടുത്ത താരങ്ങളില്‍ ഒരാളായ സഹീര്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു.

placeholder
.
സഹീര്‍ ഖാനും ഇഷ ഷെര്‍വാണിയും | Photo: Mathrubhumi 

ഇഷ ഷെര്‍വാണിയുമായുള്ള പ്രണയം

നര്‍ത്തകിയും മോഡലുമായിരുന്ന ഇഷയെത്തേടി 2005-ലാണ് ബോളിവുഡില്‍ നിന്ന് ഓഫറെത്തുന്നത്. കിസ്‌ന എന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയിയുടെ നായികയായിട്ടായിരുന്നു ക്ഷണം. ഇഷ നോ പറഞ്ഞില്ല. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഇഷയും ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ഇതിനിടയിലാണ് ഒരു സ്വകാര്യ ചടങ്ങിനിടെ ഇഷയും സഹീറും കണ്ടുമുട്ടുന്നത്. അന്ന് ഇഷയ്ക്ക് 21 വയസായിരുന്നു പ്രായം. സഹീറിന് 27-ഉം. ഇരുവര്‍ക്കും ആദ്യ കാഴ്ച്ചയില്‍തന്നെ പ്രണയം തോന്നി. കുറച്ച് വര്‍ഷത്തെ സൗഹൃദത്തിന് ശേഷം പ്രണയം തുറന്നുപറഞ്ഞു. 

സഹീറിന്റെ മത്സരങ്ങളില്‍ ഇഷ ഗാലറിയിലെ സ്ഥിരസാന്നിധ്യമായി. ഇരുവരും ഒരുമിച്ചുള്ള ജീവിതവും തുടങ്ങി. രണ്ടുപേരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 2011 ലോകകപ്പിന് ശേഷം ഇരുവരുടേയും വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ എല്ലാവരേയും നിരാശയിലാഴ്ത്തി സഹീറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇഷ വ്യക്തമാക്കി. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും സുഹൃത്തുക്കളായി തുടരുമെന്നും അവര്‍ അറിയിച്ചു. അങ്ങനെ എട്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2012-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 

സങ്കടത്തിന്റെ നടുക്കടലിലെ പ്രകാശം

സഹീറിന്റെ കരിയര്‍ അസ്തമയത്തിന് അടുത്തെത്തിയപ്പോഴാണ് ഇഷയുമായുള്ള ബ്രേക്കപ്പ് സംഭവിക്കുന്നത്. 2014-ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ സഹീറിന് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. വര്‍ഷങ്ങളായി കൂടെയുള്ള പങ്കാളിയും ഇന്ത്യന്‍ ജെഴ്‌സിയും നഷ്ടപ്പെട്ടതോടെ സഹീര്‍ നിരാശയിലും സങ്കടത്തിലും വീണുപോയി. സുഹൃത്തായിരുന്ന യുവരാജ് സിങ്ങിനോടായിരുന്നു സഹീര്‍ ദുഃഖം പങ്കുവെച്ചിരുന്നത്. 

ആ സമയത്ത് ഇഷ ഷെര്‍വാണി മലയാള സിനിമയിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. ഇയ്യോബിന്റെ പുസ്തകത്തില്‍ ഫഹദ് ഫാസിലിന്റെ കാമുകിയായി 'മാര്‍ത്ത' എന്ന കഥാപാത്രം അവതരിപ്പിച്ച ഇഷയെ മലയാളികള്‍ കൈയുംനീട്ടി സ്വീകരിച്ചു. ഒപ്പം മോഡലിങ്ങിന്റേയും നൃത്തപരിശീലനത്തിന്റേയും തിരക്കുകളിലായി താരസുന്ദരി.

ഇതിനിടയിലാണ്‌ 'ചക് ദേ ഇന്ത്യ'യിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ സാഗരിക ഘാട്കയെ സഹീര്‍ പരിചയപ്പെടുന്നത് . ഒരു സുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. അന്ന് സാഘരിഗയും സഹീറിന്റെ അതേ അവസ്ഥയിലൂടെയാണ് കടന്നുപോയിരുന്നത്. ചക് ദേ ഇന്ത്യ പോലൊരു സിനിമ നല്‍കിയ പ്രസിദ്ധി നിലനിര്‍ത്താന്‍ സാഗരികയ്ക്ക് കഴിഞ്ഞിരുന്നില്ല. ബോളിവുഡില്‍ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്ന അവര്‍ കരിയറില്‍ തളര്‍ച്ചാ കാലഘട്ടത്തിലായിരുന്നു. ഇരുവരും ആ പരിപാടി തങ്ങളുടെ നിരാശകള്‍ പങ്കുവെയ്ക്കാനുള്ള വേദിയാക്കി. 

placeholder
.
സഹീര്‍ ഖാനും സാഗരിക ഘാട്‌കെയും വിവാഹദിനത്തില്‍ | Photo: instagram/ sagarika

അന്ന് ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയ ഇരുവരും മെസ്സേജുകളിലൂടെ കൂടുതല്‍ അടുത്തു. യുവരാജ് സിങ്ങിന്റെ ഭാര്യ ഹെയ്‌സല്‍ കീച്ചായിരുന്നു ഇരുവര്‍ക്കുമിടയിലെ പാലം. യുവിയുടേയും ഹെയ്‌സലിന്റേയും വിവാഹച്ചടങ്ങുകള്‍ക്ക് സഹീറും സാഗരികയും ഒരുമിച്ചെത്തിയതോടെയാണ് ആരാധകര്‍ ഈ പ്രണയമറിഞ്ഞത്. ഇതിന് പിന്നാലെ സാഗരികയെ പ്രൊപ്പോസ് ചെയ്ത ചിത്രം സഹീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മനോഹരമായ ഒരു വജ്ര മോതിരം സാഗരികയുടെ കൈയില്‍ അണിഞ്ഞാണ് സഹീര്‍ ജീവിതത്തിലേക്ക് ക്ഷണിച്ചത്. സാഗരിക അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. 2017-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെയായിരുന്നു ഇത്. 

അതേ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി വിരലിലെണ്ണാവുന്ന പേര്‍ മാത്രമാണ് രജിസ്റ്റര്‍ വിവാഹത്തില്‍ പങ്കെടുത്തത്. ചുവപ്പ് സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു സാഗരിക ചടങ്ങിനെത്തിയത്. സബ്യസാചിയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഇളം പിങ്ക് നിറത്തിലുള്ള കുര്‍ത്തയായിരുന്നു സഹീര്‍ ധരിച്ചത്. അതിനുശേഷം സിനിമയിലേയും ക്രിക്കറ്റിലേയും സുഹൃത്തുക്കള്‍ക്കായി ഇരുവരും ഒരു പാര്‍ട്ടിയും ഒരുക്കി. മുംബൈയില്‍ നടന്ന റിസപ്ഷനില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ, സുസ്മിത സെന്‍, യുവരാജ് സിങ്ങ് തുടങ്ങിയ നിരവധി പ്രശസ്തര്‍ പങ്കെടുത്തു. 

നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ചാര നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷനായി സാഗരിക തിരഞ്ഞെടുത്തത്. സ്ലീവ്‌ലെസ് ചോളിയും സിംപിള്‍ ദുപ്പട്ടയും ഈ ഔട്ട്ഫിറ്റിനെ മനോഹരമാക്കി. ഫാല്‍ഗുനി ആന്റ് ഷെയ്ന്‍ പീകോക്ക് എന്ന ഇന്ത്യന്‍ ഡിസൈനര്‍ ദമ്പതിമാരാണ് ഈ ലെഹങ്കയ്ക്ക് പിന്നില്‍. റൂബി റെഡ് ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ക്ലാസിക് ബ്ലൂ സ്യൂട്ടൂം വൈറ്റ് ഷര്‍ട്ടുമായിരുന്നു സഹീറിന്റെ വേഷം.