
പറവൂർ: നാടകത്തിലെ രംഗപടം പോലെ ആ വീട്.. കാലം അടയാളങ്ങൾ ചാർത്തിയ മച്ചും തിണ്ണയും, ഭിത്തിയിൽ കലാവീടെന്നറിയിക്കുന്ന ചുമർശില്പം... നന്ത്യാട്ടുകുന്നം അത്താണി കൈതപ്പിള്ളി വീടിന് പോയകാലത്ത് കലാകേരളം ശ്രദ്ധിച്ച അഭിനയമികവിന്റെ പൈതൃകവും പാരമ്പര്യവുമുണ്ട്. നാടകം ജീവിതമായിക്കണ്ട് ചെറുപ്പംമുതൽ നാടകാഭിനയം വ്രതമാക്കി മാറ്റിയ അനുഗൃഹീത നടി പറവൂർ വാസന്തി ഈ വീടിന്റെ വിളക്കായുണ്ട്.
നാടകയാത്രയ്ക്കിടെയുണ്ടായ വലിയൊരു വാഹനാപകടം, വേദിയിൽനിന്ന് മാറ്റിനിർത്തിയെങ്കിലും മേക്കപ്പ് അഴിക്കാത്ത നാടകമനസ്സിന് ഉടമയാണിപ്പോഴും വാസന്തി.
സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം, എറണാകുളം ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ അവാർഡ്, ഇ.എം.എസ്. നാടകോത്സവ ട്രോഫി തുടങ്ങി അവാർഡുകൾ അനവധി ആ കൊച്ചുവീടിന്റെ മൂലയിലെ പഴഞ്ചൻ അലമാരയിൽ, നാടകചരിത്രത്തിന്റെ ഒരേടുപോലെ നിറഞ്ഞിരിക്കുന്നു.
സംഗീതാധ്യാപികയായിരുന്ന ലക്ഷ്മിയുടെയും നാരായണന്റെയും മൂത്ത മകളായ വാസന്തി കുട്ടിക്കാലംമുതൽ പാടുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. 12-ാം വയസ്സിൽ അഭിനേത്രിയായി, 'ദാരുശില്പം' എന്ന ഏകാങ്ക നാടകത്തിൽ. വില്ലടിച്ചാംപാട്ടിന്റെ കാലഘട്ടത്തിൽ ആ ട്രൂപ്പുകളിലും ഉണ്ടായിരുന്നു.
1972-80 കാലത്ത് അമെച്ചർ നാടകങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു. എറണാകുളം കാർമൽ തിയേറ്റേഴ്‌സിന്റെ ബൈബിൾ നാടകമായ 'പ്രവാചകനി'ൽ നന്മയുടെ പ്രതീകമായ 'ഗ്ലാഡിയ' എന്ന കഥാപാത്രത്തെ നാലു വർഷത്തോളം ജീവസ്സുറ്റതാക്കി. 2000-ൽ കൊരട്ടി രജപുത്രയുടെ 'ശകുനി'യിൽ അഭിനയിച്ചതിനായിരുന്നു സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗുരുവായൂർ ബന്ധുര, കൊച്ചിൻ ഭരത്, ഗുരുവായൂർ സാരഥി, എറണാകുളം കലാചേതന തുടങ്ങി ഒരുഡസൻ നാടക ട്രൂപ്പുകളിലായി അയ്യായിരത്തോളം വേദികൾ... ഒരു ദിവസം മൂന്ന് നാടകങ്ങൾവരെ അഭിനയിച്ച കാലം. അക്കാലത്ത് 500 രൂപയാണ് പ്രതിഫലം.
2008-ൽ ഡിസംബറിൽ നാടകം കഴിഞ്ഞ് മടങ്ങവേയാണ് അപകടം ഈ കലാകാരിയെ നീണ്ടകാലം അരങ്ങിൽനിന്ന് മാറ്റിയത്. കലാചേതന ട്രൂപ്പ് വയനാട്ടിലെ ലക്കിടിയിൽ നാടകം അവതരിപ്പിച്ച് മടങ്ങവേ വാൻ കുന്ദമംഗലത്തിനടുത്ത് മറിഞ്ഞു. വാനിന്റെ അടിയിൽപ്പെട്ട വാസന്തി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടശേഷം വർഷങ്ങളോളം രംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്നു.
തൃശ്ശൂർ ആകാശവാണിയിൽ 'ബി' ഹൈ ഗ്രേഡ് ആർട്ടിസ്റ്റായ ഇവർ, ഒട്ടേറെ റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിട്ടുണ്ട്. ഈയിടെ 'ആന മയിൽ ഒട്ടകം' എന്ന സിനിമയിലും അഭിനയിച്ചു, അവസരം കിട്ടിയാൽ ഇനിയും അഭിനയിക്കണമെന്ന് വാസന്തി.
കലാകാരന്മാർക്കുള്ള പെൻഷനായ 3,000 രൂപയാണ് 65 വയസ്സിലെത്തിയ വാസന്തിയുടെ ഏക വരുമാനം. നാലു സെന്റിൽ ഒരു പഴയവീട്ടിൽ സഹോദരൻ ഗോപിയോടൊപ്പം താമസം. ഓട്ടോ ഡ്രൈവറായ ഗോപിയും മകൻ അമൽ കൃഷ്ണയും ശില്പികളും അഭിനേതാക്കളുമാണ്.
Content Highlights: world theatre day, paravoor vasanthi speaking, kerala sangeetha nataka academy
Published: 27 Mar 2022, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented