
കേരളത്തിലെ വാദ്യകലയെയും കലാകാരൻമാരെയും താരപരിവേഷത്തിലേക്കുയർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വാദ്യകുലപതിയാണ് മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ. ഉത്സവപ്പറമ്പുകളിൽ ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയും പകർന്നാട്ടക്കാരായി വെയിലും പൊടിയുമേറ്റ് കൊട്ടിത്തളർന്ന് ഒടുവിൽ സംഘാടകർ നൽകുന്ന തുച്ഛം പ്രതിഫലവുമേറ്റുവാങ്ങി മിണ്ടാതെ പോയിരുന്ന വാദ്യകലാകാരൻമാർക്ക് മാന്യമായ പ്രതിഫലം നൽകണമെന്ന ബോധ്യമുണ്ടാക്കുന്നതിൽ മട്ടന്നൂരിന്റെ നിശ്ചയദാർഡ്യമാണ് നിമിത്തമായത്. മക്കളായ ശ്രീരാജും ശ്രിരാഗുമൊത്ത് വാദ്യകലയുടെ പ്രമാണക്കാരനായി കൊട്ടിക്കയറുന്നതിനിടയിൽ അപ്രതീക്ഷിതമായി ലഭിച്ച സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനവും തലക്കനമേതുമില്ലാതെ മൂന്നര വർഷം ഭംഗിയായി വഹിച്ച് ഭരണമാറ്റത്തോടെ മാന്യമായി പടിയിറങ്ങുമ്പോൾ മനസിലുള്ള അനുഭവങ്ങളുടെ മേളപ്പെരുക്കങ്ങൾ മാതൃഭൂമിക്കുവേണ്ടി കൊട്ടിക്കൂർപ്പിക്കുകയാണിവിടെ.
സംഗീതം, നാടകം ഒന്നുമല്ലാത്ത വാദ്യകലയുടെ കുലപതിയായ താങ്കൾ സംഗീത നാടക അക്കാദമിയുടെ ചെയർമാനായി അപ്രതീക്ഷിതമായി ചുമതലയേറ്റ് മൂന്നരവർഷം പൂർത്തിയാക്കി പടിയിറങ്ങിയിരിക്കുകയാണല്ലോ..എങ്ങിനെ വിലയിരുത്തുന്നു ഔദ്യോഗിക കാലഘട്ടത്തെ...?
കരിവള്ളൂർ മുരളിയുമൊത്തുള്ള മൂന്നര കൊല്ലമാണ് സംഗീത നാടക അക്കാദമിയുടെ ചരിത്രത്തിലിന്നുവരെ നടക്കാത്ത പരിപാടികൾ നടന്നിട്ടുള്ളതെന്ന് അഭിമാനപൂർവം പറയാനാകും. ചെയർമാനായി ഒപ്പിടുമ്പോൾ ആദ്യം പറഞ്ഞ വാചകം തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. അക്കാദമിയിൽ നിന്ന് ഒന്നും കൊണ്ടു പോയിട്ട് വേണ്ട എനിക്ക് ജീവിക്കാൻ. അത് പടിയിറങ്ങും വരെ പാലിക്കാനായി എന്നത് വലിയ ആത്മസംതൃപ്തിയാണ്. അക്കാദമിയുടെ നിയമാവലിയനുസരിച്ച് കലാകാരൻമാരുടെ ഉന്നമനത്തിനായി എന്തെല്ലാം ചെയ്യാനാകും അതു ചെയ്യുന്നതിലല്ലാതെ ഒരു കാര്യത്തിലുമിടപെടില്ലെന്ന വാക്ക് പൂർണമായി പാലിക്കാനായി. ജീവനക്കാരും ഓരോരുത്തരും അവരുടെ കടമ പാലിച്ചാൽ മാത്രം മതി. സാർ എന്ന വിളി പോലുമൊഴിവാക്കി ആശാൻ എന്ന വിളിയോടെ ഒരു കുടുംബത്തിന്റെ കാരണവരെപ്പോലെയാണ് അവിടുത്തെ കാര്യങ്ങൾ നിർവഹിച്ചത്.
സംഗീതനാടക അക്കാദമി പോലുള്ള ഒരു സ്ഥാപനത്തിന്റെ അമരക്കാരനായതിലൂടെ കേരളത്തിലെ സാംസ്‌കാരിക രംഗത്തിന് എന്തെല്ലാം സംഭാവനകൾ നൽകാനായി.
ദേശീയ താളവാദ്യോത്സവം നടത്തണമെന്ന ആശയം മൂന്നു ദിവസമായി അതി ഗംഭീരമായി നടത്തി. രണ്ടാം ദിനം വനിതകളുടെ മാത്രം പരിപാടിയായി നടത്താനായി എന്നത് ചരിത്രത്തിലിടം നേടാനായി. ഇന്ത്യയുടെ എല്ലാ സംസ്ഥാനത്തിലെയും കലാകാരൻമാരാണ് തത്തിം തക്കത്തോം എന്ന ആ പരിപാടിയിൽ പങ്കെടുത്തത്. നാലു തവണ അന്തർദേശീയ നാടകോത്സവം -ഇൻഫോക്- തവണ നടത്തി. ചെണ്ടകൊട്ടുകാരനാവുന്നതെങ്ങിനെയെന്നത് കാണിച്ചു കൊടുക്കാനായി ഞാൻ തന്നെ പുളിമുട്ടിയിൽ കൊട്ടിക്കാണിക്കുന്ന പരിപാടിയുമുണ്ടായി. പങ്കെടുത്തവർക്കെല്ലാം അക്കാദമിയുടെ സർട്ടിഫിക്കറ്റും നൽകി. അവർക്കൊക്കെ ജീവിതാവസാനം വരെ വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യയിലെവിടെയും ഉപയോഗിക്കാനാവണമെന്ന ഉദ്ദേശത്തോടെ അത് ഇംഗ്ലീഷിൽ തന്നെയാണ് നൽകിയത്.
പല അക്കാദമികളുടെയും ചെയർമാനും സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. താങ്കളും കരിവെള്ളൂർ മുരളിയും തമ്മിലുള്ള കാലഘട്ടം എത്തരത്തിലുള്ളതായിരുന്നു.
പരസ്പരം ചിന്തിക്കാതെ ഒരു കാര്യവും ഞങ്ങളുടെ കാലഘട്ടത്തിലുണ്ടായിട്ടില്ല. സഹോദരതുല്യബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ആത്മാർത്ഥമായ പ്രവർത്തനം കൊണ്ട് തികച്ചും അർഹതപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അക്കാദമിയുടെ നിലനിൽപ്പും കലാകാരൻമാർക്കെന്തു ചെയ്യാനാവുമെന്നുമുള്ളതും മാത്രമായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ചിന്ത.
വാദ്യകലാകാരനെന്ന നിലയിൽ അറിയപ്പെട്ട താങ്കൾക്ക് ഈ സ്ഥാനം ലഭിച്ചതിലൂടെ ആ രംഗത്തിന് എന്തെങ്കിലും ചെയ്യാനായോ..?
വാദ്യകലക്കായി ആദ്യമായി അക്കാദമിയുടെ കീഴിൽ ദേശീയ താളാദ്യോത്സവം നടത്താനായി എന്നത് തന്നെ വലിയ നേട്ടമായി കാണുന്നു. സർക്കാർ ഫണ്ടു കൂടാതെ ലക്ഷക്കണക്കിന് രൂപ സ്വരൂപിച്ച് മൂന്നു ദിവസവും വന്നവർക്കെല്ലാം ഭക്ഷണമടക്കം നൽകി അക്കാദമിയെ ഒരുത്സവഛായയിലാക്കാൻ ആ പരിപാടിക്കായി. വാദ്യത്തിനൊപ്പം നൃത്തവും കഥാപ്രസംഗവുമടക്കമുള്ള എല്ലാ കലകൾക്കും പ്രാമൂഖ്യം നടത്തിയ പരിപാടി എക്കാലത്തും ഓർമിക്കുന്നതാണ്.
അന്നത്തെ ഭരണപക്ഷവുമായും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും ഏറെ അടുപ്പം പുലർത്തിയിരുന്ന താങ്കൾക്ക് ആ ബന്ധമുപയോഗിച്ച് അക്കാദമിയുടെ വികസനത്തിനും സാംസ്‌കാരിക രംഗത്തിനും ചെയ്യാനായ സേവനങ്ങൾ എന്തെല്ലാമായിരുന്നു.
രാഷ്ട്രീയക്കാരനല്ലെങ്കിലും മുഖ്യമന്ത്രിയുമായി വർഷങ്ങൾക്കുമുൻപുള്ള ബന്ധമാണ്. ചാർജെടുക്കാൻ പോകുന്നതിന് മുൻപ് അദ്ദേഹത്തെ വിളിച്ചാണ് പോയത്. ഐശ്വര്യമായി പോയി ചാർജെടുക്കൂവെന്നാണ് അന്ന് പറഞ്ഞത്. ഡൽഹിയിലെ കേരള ഹൗസിൽ ഒരുമിച്ച് പലവട്ടം താമസിച്ചപ്പോഴും അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരു കലാകാരനെന്ന നിലയിൽ തികഞ്ഞ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളത്. സാംസ്‌കാരിക വകുപ്പു മന്ത്രിയുമായാണ് കൂടുതൽ ബന്ധപ്പെട്ടിരുന്നത്. അദ്ദേഹവും എന്റെ വാക്കുകൾക്ക് തികഞ്ഞ ബഹുമാനം നൽകിയിട്ടുണ്ട്. ചില പരിപാടികൾ നടത്തിയ സമയത്ത് ചില ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നത് മറച്ചു വെക്കുന്നില്ല താനും.
യു.ഡി.എഫ്. സർക്കാരിൽ നിന്ന് ഇത്തരത്തിൽ എന്തെങ്കിലും സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥിയാകാനുള്ള ക്ഷണം ലഭിച്ചാൽ എങ്ങിനെയാകും പ്രതികരിക്കുക.
അത്തരമൊരു ചോദ്യമുയരുന്നില്ലെങ്കിലും വന്നാൽ അക്കാര്യം അപ്പോൾ പരിഗണിച്ച് തീരുമാനമെടുക്കും. ഒത്തു പോകുന്ന സെക്രട്ടറിയാണെങ്കിൽ മാത്രമേ അത്തരമൊരു കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകു.
ഔദ്യോഗിക രംഗത്തുനിന്നോ അക്കാദമിയിൽ നിന്നോ ഏതെങ്കിലും തരത്തിൽ മാനസികമായി വിഷമമോ സംഘർഷമോ ഉണ്ടായ എന്തെങ്കിലും അനുഭവമുണ്ടായത് ഓർമയിലുണ്ടോ..
പടിയിറങ്ങുമ്പോൾ എല്ലാവരും കരഞ്ഞാണ് തന്നെ യാത്രയാക്കിയത്. അത്രയേറെ സ്‌നേഹത്തോടെയുള്ള ബന്ധമായിരുന്നു എല്ലാവരുമായി ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ജീവനക്കാരിയെ ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാനാവാതെ വന്നതോടെ പുറത്താക്കേണ്ടി വന്നത് മാനസികമായി പ്രയാസമുണ്ടാക്കിയിരുന്നു. മുൻ സെക്രട്ടറിമാരും ഇവരുടെ പെരുമാറ്റം മൂലം പ്രൊബേഷൻ ഡിക്ലയർ ചെയ്തിരുന്നില്ല.
Content Highlights: In this candid exit interview, legendary chenda maestro Mattannur Sankarankutty Marar reflects on his fulfilling 3.5-year tenure as Sangeetha Nataka Akademi Chairman, detailing how he brought structural reforms, organized historic national festivals, and preserved his financial and moral integrity while championing the rights of grassroots artists.
Published: 15 Jul 2026, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented