
രണ്ടു മണിക്കൂര്‍ സഞ്ചരിക്കേണ്ട ദൂരത്ത് നിന്ന് ഓണസദ്യ, ആഘോഷ ദിവസമണിയാന്‍ വീട്ടില്‍നിന്ന് കൂറിയറായി സെറ്റുസാരി, വയനാട് കളക്ടര്‍ ഡോ. രേണു രാജിന്റെ ഓര്‍മകളില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട് മസൂറിക്കാലത്തെ ഓണാഘോഷം. കേരളത്തില്‍നിന്ന് വിട്ടുനിന്നുള്ള ആദ്യ ഓണം മസൂറിയിലെ ഐ.എ.എസ്. ട്രെയിനിങ് കാലത്തേതായിരുന്നുവെന്ന് രേണുരാജ് പറയുന്നു.
പല സംസ്ഥാനങ്ങളില്‍നിന്നുള്ളവരായതിനാല്‍ അവര്‍ക്കൊക്കെ ഓണത്തെക്കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആഘോഷങ്ങള്‍ കൗതുകത്തോടെയായിരുന്നു അവര്‍ നോക്കിക്കണ്ടിരുന്നത്. ഓണം വന്നപ്പോഴാണ് കേരളവസ്ത്രം വേണമല്ലോ എന്നോര്‍ത്തത്. അവിടെ കിട്ടാന്‍ സാഹചര്യമില്ലാത്തതിനാല്‍ വീട്ടില്‍ വിളിച്ചുപറഞ്ഞ് സെറ്റുസാരിയൊക്കെ കൂറിയറായി എത്തിക്കുകയായിരുന്നു.
അങ്ങനെയാണ് അവിടെയുള്ള മറ്റുമലയാളികളും ഓണമാഘോഷിച്ചത്. മസൂറിയില്‍ കേരളഭക്ഷണമൊക്കെ ഒരിക്കലും നടക്കാത്ത കാര്യമാണ്. അതുകൊണ്ട് ദെഹ്റാദൂണില്‍നിന്ന് സദ്യയെത്തിക്കുകയായിരുന്നു. ഒന്നര-രണ്ട് മണിക്കൂര്‍ കുന്നുകയറി യാത്ര ചെയ്തു വേണം ദെഹ്റാദൂണില്‍നിന്ന് മസൂറിയിലെത്താന്‍. അത്രയും ദൂരെനിന്ന് സദ്യയെത്തിച്ചുള്ള ഒരു ഓണം ആദ്യവും അപൂര്‍വവുമായിരിക്കും.
ദേവികുളത്തെ സ്വറ്ററോണം
കേരളത്തിന്റെ ഭാഗമാണെങ്കിലും വളരെ വ്യത്യസ്തമായ, കേരളമാണെന്ന് അനുഭവപ്പെടാത്ത സ്ഥലമാണ് ദേവികുളം. കൂടുതലും തമിഴ് വംശജരായതുകൊണ്ട് പൊങ്കലാണ് പ്രധാന ആഘോഷം. പൊങ്കല്‍ക്കാലത്ത് സബ് കളക്ടറുടെ ബംഗ്ലാവില്‍ ഭക്ഷണവും സമ്മാനങ്ങളുമൊക്കെയായി നാട്ടുകാരെത്തും. ശരിക്കും വന്ന് വിളിച്ചുണര്‍ത്തുകയാണ് ചെയ്യുക. അവിടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഭൂരിഭാഗവും മറ്റു ജില്ലക്കാരായതിനാല്‍ ഓഫീസ് സമയം കഴിഞ്ഞാണ് ഓണാഘോഷം മുഴുവന്‍. രാത്രി വൈകുവോളം ഓണപ്പാട്ടും ഓണക്കളികളുമൊക്കെയായി പൊടിപൊടിക്കും. തുളച്ചുകയറുന്ന തണുപ്പായതിനാല്‍ എല്ലാവരും സെറ്റുസാരിയണിഞ്ഞ് ഓണമാഘോഷിക്കുമ്പോള്‍ ദേവികുളത്ത് സ്വറ്ററണിഞ്ഞ ഓണക്കാലമാണ്.
വയനാട് ഹൃദ്യം
വയനാടന്‍ മഞ്ഞുപോലെ ഹൃദ്യമാണ് ഇവിടത്തെ ആഘോഷവും. ഒരാഴ്ച തുടര്‍ച്ചയായി സദ്യ കഴിച്ച ഒരു ഓണം ഇതിനുമുമ്പുണ്ടായിട്ടില്ല. വയനാട്ടില്‍ ഓഫീസുകളും ഡിപ്പാര്‍ട്ട്മെന്റുകളുമൊക്കെയായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഓണം വളരെ പരമ്പരാഗതമായി ആഘോഷിക്കണം, കുടുംബത്തോടൊപ്പമായിരിക്കണം എന്നൊക്കെ വിശ്വസിക്കുന്നയാളാണ് ഞാന്‍. വീട്ടിലായിരിക്കുമ്പോള്‍ സദ്യയൊരുക്കലും ഊഞ്ഞാലു കെട്ടലുമൊക്കെയായി ആഘോഷ മൂഡില്‍ തന്നെയായിരിക്കും. ചെറുപ്പകാലത്തുതന്നെ കുടുംബത്തിനൊപ്പമാണ് ആഘോഷം. ഒന്നാം ഓണത്തിന് അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികമാണ്. അതുകൊണ്ട് ഉത്രാടദിനത്തില്‍ ബന്ധുക്കളെല്ലാം ചേര്‍ന്ന് സദ്യയൊരുക്കി ഉത്രാടം തിരുവോണമാക്കും. തിരുവോണത്തിന് ബന്ധുവീടുകളിലേക്കുള്ള യാത്രയാണ്. സിവില്‍ സര്‍വീസില്‍ എത്തിയശേഷവും വ്യത്യസ്തമായ ഓണാനുഭവങ്ങളിലൂടെ കടന്നുപോവാന്‍ കഴിഞ്ഞു.
Content Highlights: wayanad collector renu raj ias onam memories
Published: 29 Aug 2023, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented