സോഷ്യൽ മീഡിയയിൽ പ്രമോഷൻ ചെയ്ത ഫെയ്സ് ക്രീം ഉപയോഗിച്ച ഒരാൾക്ക് ഗുരുതര വൃക്കരോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഇൻഫ്‌ളുവൻസർ റെനീഷ. ഒരു വർഷം മുമ്പ് താൻ പ്രമോട്ട് ചെയ്ത ഉൽപ്പന്നം 15 ദിവസത്തോളം ഉപയോഗിച്ചിരുന്നുവെന്നും അന്ന് യാതൊരു പാർശ്വഫലവും അനുഭവപ്പെട്ടിരുന്നില്ലെന്നും റെനീഷ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രമോട്ട് ചെയ്ത ഫെയ്സ് ക്രീം ഉപയോഗിച്ച ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റെനീഷ വിശദീകരണവുമായി എത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും ചികിത്സയിലുള്ള വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അവർ പറഞ്ഞു. സംഭവത്തിന് പിന്നാലെ റെനീഷയുടെ പഴയ പ്രമോഷൻ വീഡിയോയും ചർച്ചയായിരുന്നു. ഉൽപ്പന്നം ഉപയോഗിച്ചുനോക്കാതെ പണത്തിനുവേണ്ടി മാത്രമാണ് പ്രമോഷൻ നടത്തിയതെന്ന തരത്തിൽ നിരവധി കമന്റുകളും വിമർശനങ്ങളും ഉയർന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ശരിയല്ലെന്നാണ് റെനീഷയുടെ പ്രതികരണം.

To advertise here,

'15 ദിവസത്തിലധികം ഉപയോഗിച്ച ശേഷമാണ് പ്രമോഷൻ ചെയ്തത്'

 

സോഷ്യൽ മീഡിയയിൽ ഇതുവരെ ഒരു ഉൽപ്പന്നവും ഉപയോഗിച്ചുനോക്കാതെ പ്രമോട്ട് ചെയ്തിട്ടില്ലെന്ന് റെനീഷ പറയുന്നു. ചർമസംരക്ഷണ ഉൽപ്പന്നങ്ങളായാലും കഴിക്കുന്നതിനുള്ള ഉത്പ്പന്നങ്ങളായാലും ആദ്യം സ്വയം പരീക്ഷിച്ച ശേഷമാണ് റിവ്യൂ നൽകാറുള്ളത്. ഏകദേശം ഒരു വർഷം മുമ്പ് മാർച്ച്-ഏപ്രിൽ മാസങ്ങളിലെ അവധിക്കാലത്താണ് ഫെയ്സ് ക്രീമിന്റെ പ്രമോഷൻ ലഭിച്ചത്. ബന്ധുക്കൾക്കൊപ്പം നീന്തൽ പരിശീലനത്തിന് പോയിരുന്ന സമയമായിരുന്നു അത്. ക്ലോറിൻ വെള്ളത്തിൽ നീന്തിയതിനെത്തുടർന്ന് ചർമത്തിൽ ടാൻ ഉണ്ടായിരുന്നുവെന്നും റെനീഷ വിശദീകരിച്ചു. ഉൽപ്പന്നം ഉപയോഗിച്ചുനോക്കിയ ശേഷമേ പ്രമോഷൻ ചെയ്യൂവെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. മുഖക്കുരുവിന് സാധ്യതയുള്ളതും വളരെ സെൻസിറ്റീവുമായ ചർമമാണ് തന്റേത്. പല ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ ചർമത്തിൽ പെട്ടെന്ന് പ്രതികരണമുണ്ടാകാറുണ്ട്. എന്നാൽ ഈ ക്രീം 14-15 ദിവസത്തിലധികം ഉപയോഗിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. ടാൻ കുറഞ്ഞതായും നല്ല ഫലം ലഭിച്ചതായും അനുഭവപ്പെട്ടതിനാലാണ് പ്രമോഷൻ ചെയ്തതെന്നും അവർ പറഞ്ഞു.

'പണത്തിനുവേണ്ടി എന്തും ചെയ്യുന്നയാളല്ല'

പണം ലഭിക്കുന്നതിനുവേണ്ടി എന്തും ചെയ്യുന്നയാളാണ് താനെന്ന തരത്തിൽ ഒരു വ്യക്തി കാറിലിരുന്ന് പ്രതികരിക്കുന്ന വീഡിയോ കണ്ടതായും റെനീഷ വെളിപ്പെടുത്തി.പ്രമോഷനുകൾക്ക് പ്രതിഫലം വാങ്ങുന്നുണ്ടെന്നത് ശരിയാണ്. അത് തന്റെ ജോലിയുടെ ഭാഗവും ഉപജീവനമാർഗവുമാണ്. ഉൽപ്പന്നം ഉപയോഗിച്ച് റിവ്യൂ നൽകിയ ശേഷമാണ് പ്രതിഫലം സ്വീകരിക്കുന്നത്. എന്നാൽ അതിന്റെ പേരിൽ പണത്തിനുവേണ്ടി എന്തും ചെയ്യുന്നയാളായി തന്നെ ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. ഇതുവരെ വ്യാജ ഉൽപ്പന്നങ്ങളോ സ്വയം ഉപയോഗിച്ചുനോക്കാത്ത ഉത്പ്പന്നങ്ങളോ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്​ബുക്കിലോ പ്രമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ കൂട്ടിച്ചേർത്തു.

'എല്ലാവരുടെയും ചർമം ഒരുപോലെയല്ല'

 

ഒരു ഉൽപ്പന്നം ഒരാൾക്ക് അനുയോജ്യമാണെന്നതുകൊണ്ട് മറ്റൊരാൾക്കും അത് ചേരണമെന്നില്ലെന്ന് റെനീഷ ഓർമിപ്പിച്ചു. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവവും ശരീരാവസ്ഥയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടയുടൻ ഉപയോഗിക്കാൻ തുടങ്ങരുതെന്നും ചർമസംരക്ഷണ ഉത്പ്പന്നങ്ങളായാലും കഴിക്കുന്നതിനുള്ള ഉത്പ്പന്നങ്ങളായാലും ഡോക്ടറുടെയോ ചർമരോഗ വിദഗ്ധന്റെയോ നിർദേശം തേടിയശേഷംമാത്രം ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.

ഇനി പ്രമോഷനുകളിൽ കൂടുതൽ ജാഗ്രത

ഈ സംഭവം തനിക്ക് വലിയൊരു പാഠമായെന്നും ഭാവിയിൽ കൂടുതൽ ശ്രദ്ധയോടെയായിരിക്കും പ്രമോഷനുകൾ ഏറ്റെടുക്കുകയെന്നും റെനീഷ വ്യക്തമാക്കി. സൗന്ദര്യം, ചർമസംരക്ഷണം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രമോഷൻ ലഭിച്ചാൽ അവയുടെ ഗുണങ്ങളും ദോഷങ്ങളും മറ്റ് വിശദാംശങ്ങളും വിശദമായി പരിശോധിച്ച ശേഷമേ മുന്നോട്ടുപോകൂ. ഒരു പൊതുവ്യക്തി എന്ന നിലയിൽ താൻ പറയുന്ന കാര്യങ്ങൾക്കും പ്രമോട്ട് ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും നിരവധി ആളുകളെ സ്വാധീനിക്കാൻ കഴിയുമെന്ന് ബോധ്യമുണ്ടെന്നും അവർ പറഞ്ഞു. എല്ലാ ഇൻഫ്‌ളുവൻസർമാരും പ്രമോഷനുകളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പെരുമാറണമെന്നും റെനീഷ അഭ്യർഥിച്ചു. ചികിത്സയിലുള്ള വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് റെനീഷ വീഡിയോ അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സംശയങ്ങളുള്ളവർക്ക് കമന്റുകളിലൂടെ ചോദിക്കാമെന്നും മറുപടി നൽകുമെന്നും അവർ അറിയിച്ചു.