ഇന്ത്യൻ കായിക-ചലച്ചിത്ര ലോകത്തെ രണ്ട് പ്രമുഖ കുടുംബങ്ങൾ തമ്മിൽ ബന്ധുക്കളാകാൻ പോകുന്നു എന്ന തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാർത്തകൾക്ക് വിരാമമാകുന്നു.

To advertise here,

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറും ബോളിവുഡ് സൂപ്പർ താരം സണ്ണി ഡിയോളിന്റെ മകൻ രാജ്വീർ ഡിയോളും വിവാഹിതരാകുന്നു എന്നതായിരുന്നു സൈബർ ലോകത്ത് വലിയ ചർച്ചയായ അഭ്യൂഹം.

എന്നാൽ, ഈ പ്രചാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും ഇരുവരും തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ലെന്നും സാറയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതോടെ വ്യാജവാർത്തകളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.Read More: 'ഇതൊരു വലിയ കാര്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'; ADHD ഉണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത് 

പ്രശസ്ത വ്യക്തികളുടെ മക്കളായതുകൊണ്ട് തന്നെ സാറയുടെയും രാജ്വീറിന്റെയും ഓരോ നീക്കങ്ങളും ആരാധകരും മാധ്യമങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ഗോസിപ്പുകൾ എങ്ങനെയാണ് ഇത്ര വേഗത്തിൽ കാട്ടുതീ പോലെ പടരുന്നത് എന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലെ വിവിധ പേജുകളിലും ഗോസിപ്പ് കോളങ്ങളിലും ഇരുവരുടെയും വിവാഹവാർത്ത നിറഞ്ഞതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സാറയോട് അടുത്ത വൃത്തങ്ങൾ രംഗത്തെത്തിയത്.

'ഈ അഭ്യൂഹങ്ങളിൽ യാതൊരു സത്യവുമില്ല. സാറയും രാജ്വീറും ഇതുവരെ പരസ്പരം കണ്ടിട്ടുപോലുമില്ല. സാറ ഇപ്പോൾ അവിവാഹിതയാണ്, തന്റെ ജോലിയിലും കരിയറിലുമാണ് അവൾ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരം അനാവശ്യ ഊഹാപോഹങ്ങൾ തികച്ചും അസ്വസ്ഥതയുണ്ടാക്കുന്നതാണ്.'

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഉയരുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങളോട് സാറ നേരിട്ട് പ്രതികരിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കാനും, അന്തസ്സും മാന്യതയും പുലർത്താനുമാണ് സാറ എപ്പോഴും ആഗ്രഹിക്കുന്നത്.

അനാവശ്യമായ വിശദീകരണങ്ങൾ നൽകി ഗോസിപ്പുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടിലാണ് താരം.

കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാറ; അഭിനയലോകത്ത് ചുവടുറപ്പിച്ച് രാജ്വീർ

ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറുടെയും ഡോ. അഞ്ജലി തെണ്ടുൽക്കറുടെയും മൂത്ത മകളായ സാറാ ടെണ്ടുൽക്കർ, ഫാഷൻ-മോഡലിംഗ് രംഗത്തും സംരംഭകത്വത്തിലും സജീവമാണ്.

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ബിരുദാനന്തര ബിരുദം നേടിയ സാറ, ആരോഗ്യ-പോഷകാഹാര മേഖലയിലും ഫാഷൻ ബ്രാൻഡുകളുമായി സഹകരിച്ചും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സാറയുടെ പേരിൽ മുമ്പും പല പ്രണയ-വിവാഹ ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, താരം അവയൊന്നും കാര്യമാക്കിയിരുന്നില്ല.

ബോളിവുഡിന്റെ ആക്ഷൻ ഹീറോ സണ്ണി ഡിയോളിന്റെയും പൂജ ഡിയോളിന്റെയും ഇളയ മകനാണ് രാജ്‌വീർ ഡിയോൾ. മുത്തച്ഛൻ ധർമ്മേന്ദ്രയുടെയും പിതാവ് സണ്ണി ഡിയോളിന്റെയും പാത പിന്തുടർന്ന് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന രാജ്‌വീർ, 'ദോനോ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

നിലവിൽ പുതിയ സിനിമാ പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് രാജ്‌വീർ. പരസ്പരം പരിചയമില്ലാത്ത രണ്ട് വ്യക്തികളെ ചേർത്തുവെച്ച് ഇത്തരമൊരു വിവാഹക്കഥ മെനഞ്ഞെടുത്തതിന് പിന്നിൽ സൈബർ ലോകത്തെ വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമായിരിക്കുകയാണ്.

Read More: സ്‌റ്റൈലിഷായി കാവ്യ മാരനും മോണോക്രോം ലുക്കിൽ അനിരുദ്ധും 

വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള സാറയുടെ കാഴ്ചപ്പാടുകൾ

അടിസ്ഥാനരഹിതമായ വിവാഹവാർത്തകൾ തള്ളിക്കളയുമ്പോഴും, വിവാഹത്തെക്കുറിച്ചും ആധുനിക തലമുറയുടെ ബന്ധങ്ങളെക്കുറിച്ചും സാറ നേരത്തെ പങ്കുവെച്ച പക്വമായ കാഴ്ചപ്പാടുകൾ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. ഫാഷൻ മാസികയായ 'വോഗിന്' നൽകിയ അഭിമുഖത്തിലാണ് സാറ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

സഹോദരൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹം തനിക്ക് വലിയൊരു അനുഭവപാഠമായിരുന്നുവെന്ന് സാറ തുറന്നുപറഞ്ഞിരുന്നു. സാനിയ ചന്ദോക്കുമായുള്ള അർജുന്റെ വിവാഹ ഒരുക്കങ്ങളും ചടങ്ങുകളും കണ്ടപ്പോൾ, അത് തന്റെ ഭാവി വിവാഹത്തിനുള്ള ഒരു ട്രയൽ റൗണ്ട് പോലെയാണ് അനുഭവപ്പെട്ടതെന്ന് സാറ തമാശരൂപേണ പറഞ്ഞു.

‘ഇപ്പോൾ എനിക്ക് എന്താണ് വേണ്ടതെന്നും, എന്താണ് വേണ്ടാത്തതെന്നും കൃത്യമായി അറിയാം..’ എന്നായിരുന്നു സാറയുടെ വാക്കുകൾ. വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണെന്നും, അതിൽ കൃത്യമായ വ്യക്തതയും പക്വതയും അനിവാര്യമാണെന്നും സാറ വിശ്വസിക്കുന്നു.

പുതിയ തലമുറ വിവാഹബന്ധങ്ങളെ ഗൗരവമായി കാണുന്നില്ല എന്ന പൊതുധാരണയെയും സാറാ ടെണ്ടുൽക്കർ തിരുത്തുന്നുണ്ട്. ഇന്നത്തെ തലമുറ വിവാഹത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് സമീപിക്കുന്നതെന്ന് സാറ അഭിപ്രായപ്പെടുന്നു. എന്നാൽ, മുൻതലമുറകളിൽ നിന്ന് വ്യത്യസ്തമായി, തെറ്റായ ഒരു ബന്ധത്തിൽ കടിച്ചുതൂങ്ങാൻ ഇന്നത്തെ യുവാക്കൾ തയ്യാറല്ല എന്നതാണ് പ്രധാന മാറ്റം.

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം, വിവാഹത്തിലേക്കുള്ള ഒരുക്കങ്ങൾക്കിടയിൽ പങ്കാളിയുടെയോ പങ്കാളിയുടെ കുടുംബത്തിന്റെയോ യഥാർത്ഥ സ്വഭാവംമനസ്സിലാക്കി, ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന് ചിന്തിക്കുന്ന നിരവധി ആളുകളെ കണ്ടിട്ടുണ്ടെന്നും വിവാഹത്തിന് മുമ്പ് തന്നെ അത്തരം ബന്ധങ്ങളിൽ നിന്ന് പിന്മാറുന്നത് വളരെ നല്ലൊരു ചുവടുവെപ്പാണെന്നും സാറയുടെ പറഞ്ഞിരുന്നു.

ജീവിതകാലം മുഴുവൻ പൊരുത്തപ്പെടാൻ കഴിയാത്ത ഒരു ബന്ധത്തിൽ കുടുങ്ങിക്കിടക്കുന്നതിനേക്കാൾ നല്ലത്, തുടക്കത്തിൽ തന്നെ അത് അവസാനിപ്പിക്കുന്നതാണ്. 'മുൻതലമുറയിലെ ആളുകൾ തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും ശബ്ദമുയർത്താനും കൂടുതൽ ഭയപ്പെട്ടിരുന്നു. സമൂഹത്തെ ഭയന്ന് പലരും വിട്ടുവീഴ്ചകൾക്ക് തയ്യാറായി.

എന്നാൽ, കാര്യങ്ങൾ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് തോന്നിയാൽ, അതിൽ നിന്ന് പിന്മാറാൻ ജെൻ സി തലമുറ കൂടുതൽ ആത്മവിശ്വാസമുള്ളവരും ശാക്തീകരിക്കപ്പെട്ടവരുമാണ്,' സാറ പറയുന്നു.