ചൂടുവെള്ളത്തിലെ കുളിയും അമിതമായി ചർമം ഉരച്ച് വൃത്തിയാക്കുന്നതും ശൈത്യകാലത്ത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തി വരൾച്ചയും അസ്വസ്ഥതയും വർധിപ്പിക്കാം. തണുപ്പുകാലം എത്തുന്നതോടെ ചർമത്തിന്റെ പരിചരണത്തിലും ചില മാറ്റങ്ങൾ ആവശ്യമാണ്. അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതും തണുത്ത കാറ്റും മലിനീകരണവുമെല്ലാം ചർമത്തെ ബാധിക്കാം. ചർമം വരളുക, വലിഞ്ഞുമുറുകുന്നതുപോലെ തോന്നുക, പുറംതൊലി അടരുക, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയാണ് ഈ കാലയളവിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നങ്ങൾ.

To advertise here,

എന്നാൽ കൂടുതൽ മോയ്‌സ്ചറൈസർ ഉപയോഗിച്ചിട്ടും ചർമത്തിലെ വരൾച്ച മാറുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ഇതിന് കാരണം ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ മാത്രമല്ല, ദിവസവും നാം ആവർത്തിക്കുന്ന ചില ശീലങ്ങളുമാകാം. ചർമരോഗ വിദഗ്ധയായ ഡോ. അപരതിം ഗോയൽ, ശൈത്യകാലത്ത് ചർമത്തിന്റെ വരൾച്ചയും അസ്വസ്ഥതയും വർധിപ്പിക്കുന്ന സാധാരണ സ്‌കിൻകെയർ പിഴവുകളെക്കുറിച്ച് അവർ വിശദീകരിച്ചിട്ടുണ്ട്.'ഓരോ ശൈത്യകാലത്തും എന്റെ ക്ലിനിക്കിൽ സ്ഥിരമായി കേൾക്കുന്ന ഒരു പരാതിയുണ്ട്. എത്രത്തോളം മോയ്‌സ്ചറൈസർ ഉപയോഗിച്ചിട്ടും ചർമത്തിലെ വരൾച്ച മാറുന്നില്ലെന്നാണ് പലരും പറയുന്നത്. 25 വർഷത്തിലേറെയുള്ള ചർമരോഗ ചികിത്സാനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്, ശൈത്യകാലത്തെ പല ചർമപ്രശ്‌നങ്ങൾക്കും കാരണം നമ്മൾ കാര്യമായി ശ്രദ്ധിക്കാത്ത ദൈനംദിന ശീലങ്ങളാണെന്നാണ്,' ഡോക്ടർ പറയുന്നു. ശൈത്യകാലത്ത് ഒഴിവാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

അമിതമായി ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത്

തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാൻ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ അമിതമായി ചൂടുള്ള വെള്ളം ചർമത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാൻ കാരണമാകും. ചർമത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഈ എണ്ണമയം നഷ്ടപ്പെടുന്നതോടെ വരൾച്ച വർധിക്കും. ഇതിനാൽ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. കുളിക്കുന്ന സമയം കുറയ്ക്കുകയും വേണം. കുളിച്ചിറങ്ങിയ ഉടൻ, ചർമത്തിൽ നേരിയ ഈർപ്പമുള്ളപ്പോഴുതന്നെ മോയ്‌സ്ചറൈസർ പുരട്ടുന്നതും പ്രധാനമാണ്.

ചർമത്തിന്റെ സ്വഭാവമറിയാതെ മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുന്നത്

ശൈത്യകാലമായതുകൊണ്ട് എല്ലാവരും കട്ടിയുള്ള മോയ്‌സ്ചറൈസിങ് ക്രീമുകൾ ഉപയോഗിക്കണമെന്നില്ല. ചർമത്തിന്റെ സ്വഭാവം പരിഗണിക്കാതെയുള്ള ഉൽപന്നങ്ങളുടെ ഉപയോഗം എണ്ണമയമുള്ളതും മുഖക്കുരുവിന് സാധ്യതയുള്ളതുമായ ചർമത്തിൽ കുരുക്കൾ വർധിപ്പിക്കാം.ചർമത്തിന് അനുയോജ്യമായ മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. സെറാമൈഡുകൾ, ഗ്ലിസറിൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന കൈമുട്ടുകൾ,കാൽ തുടങ്ങിയ ഭാഗങ്ങളിൽ മാത്രം കട്ടിയുള്ള ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചർമം അമിതമായി ഉരച്ച് വൃത്തിയാക്കുന്നത്

ചർമത്തിൽ കാണുന്ന വെളുത്ത പാളികളും അടരുകളും അഴുക്കല്ല. അതിനാൽ അവ നീക്കം ചെയ്യാനായി അമിതമായി സ്‌ക്രബ് ചെയ്യുന്നത് ഒഴിവാക്കണം. അമിതമായ എക്‌സ്‌ഫോളിയേഷൻ, ശക്തമായ ഫേസ് വാഷുകൾ, ഒരേസമയം നിരവധി ആക്ടീവ് സെറങ്ങൾ ഉപയോഗിക്കുന്നത് എന്നിവ ചർമത്തിന്റെ സ്വാഭാവിക സംരക്ഷണപാളിക്ക് കേടുവരുത്താം. ഇത് ചർമത്തെ കൂടുതൽ സെൻസിറ്റീവാക്കുകയും വരൾച്ചയും അസ്വസ്ഥതയും വർധിപ്പിക്കുകയും ചെയ്യും.ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ചർമത്തിൽ നീറ്റലോ പുറംതൊലി അടരലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ കൂടുതൽ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് പകരം സ്‌കിൻകെയർ ചെയ്യുന്നത് ലളിതമാക്കണം.

ശൈത്യകാലത്ത് സൺസ്‌ക്രീൻ ഒഴിവാക്കുന്നത്

വെയിൽ കുറവാണെന്നോ അന്തരീക്ഷം മേഘാവൃതമാണെന്നോ കരുതി സൺസ്‌ക്രീൻ ഉപയോഗം നിർത്തരുത്. മൂടൽമഞ്ഞുള്ള ദിവസങ്ങളിലും ചർമം അൾട്രാവയലറ്റ് രശ്മികൾക്ക് വിധേയമാകുന്നുണ്ട്.അതിനാൽ ശൈത്യകാലത്തും ബ്രോഡ് സ്‌പെക്ട്രം SPF 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്‌ക്രീൻ ഉപയോഗിക്കണം. ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നുള്ള ദോഷകരമായ രശ്മികളിൽനിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കും.

ചുണ്ടുകളുടെയും കൈകളുടെയും സംരക്ഷണം അവഗണിക്കുന്നത്

ശൈത്യകാലത്ത് ചുണ്ടുകളും കൈകളും പെട്ടെന്ന് വരണ്ടുപോകാൻ സാധ്യതയുണ്ട്. ചുണ്ട് ഇടയ്ക്കിടെ നാവുകൊണ്ട് നനയ്ക്കുന്ന ശീലം വരൾച്ചയും വിണ്ടുകീറലും വർധിപ്പിക്കും.അതുപോലെ, ഇടയ്ക്കിടെ കൈ കഴുകിയശേഷം മോയ്‌സ്ചറൈസർ ഉപയോഗിക്കാതിരിക്കുന്നതും ചർമം വരണ്ട് വേദനയോടെ വിണ്ടുകീറാൻ കാരണമാകാം.ഇത് ഒഴിവാക്കാൻ ലിപ് ബാമും ഹാൻഡ് ക്രീമും പതിവായി ഉപയോഗിക്കണം.

ചർമത്തിലെ എല്ലാ ചൊറിച്ചിലും വരൾച്ചയും സാധാരണ ശൈത്യകാല പ്രശ്‌നങ്ങളായി കാണരുതെന്ന് ഡോ. അപരതിം ഗോയൽ മുന്നറിയിപ്പ് നൽകുന്നു. എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചർമരോഗങ്ങൾ തണുപ്പുകാലത്ത് കൂടുതൽ രൂക്ഷമാകാം.തുടർച്ചയായ ചൊറിച്ചിൽ, ചുവന്ന പാടുകൾ, ചർമം വിണ്ടുകീറൽ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന തിണർപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ചർമരോഗ വിദഗ്ധനെ സമീപിക്കണം. ഇത്തരം പ്രശ്‌നങ്ങൾക്ക് മോയ്‌സ്ചറൈസർ മാത്രം പരിഹാരമാകണമെന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കുന്നു.ശൈത്യകാലത്ത് ചർമസംരക്ഷണത്തിന് ധാരാളം ഉൽപന്നങ്ങളോ വിലകൂടിയ ക്രീമുകളോ ആവശ്യമില്ല. ചർമത്തിന് അനുയോജ്യമായ ലളിതമായ പരിചരണരീതിയും മൃദുവായ സമീപനവുമാണ് പ്രധാനം.