ന്റർനെറ്റിലെ തമാശകളെയും ആരാധകരുടെ വിചിത്രമായ ആവശ്യങ്ങളെയും കോടികളുടെ ബിസിനസ് തന്ത്രമാക്കി മാറ്റാൻ കഴിയുമോ? സാധിക്കുമെന്നാണ് പ്രശസ്ത ഹോളിവുഡ് താരം സിഡ്‌നി സ്വീനിയും പുരുഷന്മാരുടെ ബ്യൂട്ടി ബ്രാൻഡായ ഡോക്ടർ സ്‌ക്വാഷും തെളിയിച്ചത്. സിഡ്‌നി സ്വീനി അഭിനയിച്ച പരസ്യചിത്രം വിവാദമാകുമ്പോൾ അവർ കുളിച്ച വെള്ളം ചേർത്ത് നിർമിച്ച ലിമിറ്റഡ് എഡിഷൻ സോപ്പ് വിപണിയിൽ വൻനേട്ടം കൊയ്തത് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു സാധാരണ പരസ്യ ചിത്രീകരണത്തിൽനിന്ന് തുടങ്ങിയ കൗതുകം, വിപണന ചരിത്രത്തിലെതന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട തന്ത്രങ്ങളിലൊന്നായി മാറിയ കഥയാണിത്.

To advertise here,

യൂഫോറിയ, എനിവൺ ബട്ട് യൂ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ സിഡ്‌നി സ്വീനി കഴിഞ്ഞ വർഷമാണ് ഡോക്ടർ സ്‌ക്വാഷിന്റെ ബോഡി വാഷ് ജീനി എന്ന പരസ്യ പ്രചാരണത്തിന്റെ ഭാഗമാകുന്നത്. ബാത്ത് ടബ്ബിലിരുന്ന് ചിത്രീകരിച്ച പരസ്യം സോഷ്യൽ മീഡിയയിൽ തരംഗമായി. ഇതിന് പിന്നാലെ ലക്ഷക്കണക്കിന് ആരാധകരാണ് നടി കുളിച്ചവെള്ളം ലിമിറ്റഡ് എഡിഷനായി വിൽക്കാമോ എന്ന വിചിത്രമായ ആവശ്യവുമായി പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. കമന്റുകളെ തള്ളിക്കളയുന്നതിന് പകരം അത് വിപണന അവസരമാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പിന്നീട് സിഡ്‌നി കുളിച്ച ബാത്ത് ടബ്ബിലെ വെള്ളം പ്രത്യേകമായി ശേഖരിച്ച് സിഡ്‌നീസ് ബാത്ത് വാട്ടർ ബ്ലിസ് എന്ന പേരിൽ ഡോ. സ്‌ക്വാഷ് സോപ്പ് പുറത്തിറക്കി.

വെറും 5,000 സോപ്പുകൾ മാത്രമാണ് ഇങ്ങനെ നിർമിച്ചത്. ഇതിൽ 100 സോപ്പുകൾ സൗജന്യമായി നൽകുകയും ചെയ്തു. അതിന്റെ നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തിനുള്ളിൽ ഒൻപത് ലക്ഷത്തിലധികം ആളുകളാണ് രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. ബാക്കി സോപ്പുകൾ വിൽപ്പനയ്ക്കെത്തിച്ച് നിമിഷങ്ങൾക്കകം പൂർണ്ണമായും വിറ്റഴിഞ്ഞു. 8 ഡോളറിന് (ഏകദേശം 670 രൂപ) വിറ്റഴിച്ച സോപ്പുകൾ പിന്നീട് ഇ-ബേ പോലുള്ള വെബ്‌സൈറ്റുകളിൽ അയ്യായിരം ഡോളർ വരെ കൂട്ടിയിട്ട് ആളുകൾ റിസെല്ലിങ് നടത്തി.

‘കുളിച്ച വെള്ളം ആരാധകർ നിരന്തരം ചോദിച്ചപ്പോൾ അത് ഒന്നുകിൽ അവഗണിക്കുകയോ അല്ലെങ്കിൽ അതുകൊണ്ട് സോപ്പ് ഉണ്ടാക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ, അതൊരു നല്ല അനുഭവമായിരുന്നു. സ്വാഭാവിക ഉൽപന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പുരുഷന്മാരെ ബോധവൽക്കരിക്കാൻ ഇതിനേക്കാൾ നല്ലൊരു വഴയില്ല.’ ഈ പദ്ധതിയെക്കുറിച്ച് ഒരു അഭിമുഖത്തിൽ സിഡ്‌നി പറഞ്ഞു.

ഗുണനിലവാരത്തിൽ കമ്പനി പിന്നോട്ടുപോയില്ലെന്നാണ് റിപ്പോർട്ടുകൾ. സിഡ്‌നി സ്വീനിയുടെ ജന്മദേശമായ പസഫിക് നോർത്ത് വെസ്റ്റിലെ പൈൻ മരങ്ങൾ, ഫർ, മണ്ണ് എന്നിവയുടെ സ്വാഭാവിക സുഗന്ധമാണത്രേ സോപ്പിന് നൽകിയത്. ഡെഡ് സ്‌കിൻ നീക്കം ചെയ്യാനുള്ള തരികളും പൈൻ മരത്തിന്റെ തൊലിയുടെ സത്തും ചേർത്താണ് സോപ്പ് നിർമ്മിച്ചത്. സംഗതി വൻ സാമ്പത്തിക വിജയമായെങ്കിലും കടുത്ത വിമർശനങ്ങളും നേരിടേണ്ടി വന്നു. സ്ത്രീശരീരത്തെയും വ്യക്തിപരമായ കാര്യങ്ങളെയും കേവലം വിപണന വസ്തുവാക്കുന്നു എന്നായിരുന്നു വിമർശനം.

ഇതോടെ ഡോ. സ്‌ക്വാഷ് എന്ന കമ്പനിയുടെ ബ്രാൻഡ് മൂല്യം കുത്തനെ വർധിച്ചു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള വിപണന തന്ത്രങ്ങളിലൂടെ വളർന്ന കമ്പനിയെ ആഗോള ഭീമന്മാരായ യൂണിലിവർ പിന്നീട് 1.5 ബില്യൺ ഡോളറിന് സ്വന്തമാക്കി. ചെറിയൊരു സോഷ്യൽ മീഡിയ കമന്റിനെ വ്യാവസായിക വിജയമാക്കി മാറ്റിയ ഈ സംഭവം ഇന്നും ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് വലിയൊരു ചർച്ചയാണ്.