
സിനിമയിലും ജീവിതത്തിലും ഒരുപോലെ ഹിറ്റായ പ്രണയജോടിയാണ് സൂര്യ-ജ്യോതിക ദമ്പതികളുടേത്. വിവാഹം കഴിഞ്ഞ് 20 വർഷം പിന്നിട്ടിട്ടും പ്രണയത്തിലെ ഊഷ്മളത ഇന്നും അതേപടി നിലനിർത്തുന്നുണ്ട് ഇരുവരും, അതിലുപരി പരസ്പര ബഹുമാനവും. പങ്കാളികൾ തമ്മിലുള്ള സ്‌നേഹം വിവാഹത്തോടെ അവസാനിക്കരുതെന്നും അത് ജീവിതകാലം മുഴുവനും തുടരണം അതാണ് വിവാഹജീവിതത്തിന്റെ കെട്ടുറപ്പെന്നും കഴിഞ്ഞ ദിവസം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. പരസ്പരം പ്രോത്സാഹിപ്പിക്കാനും വിജയങ്ങളിൽ കയ്യടിക്കാനും ഇരുവരും മറക്കാറില്ല.
സൂര്യയുടെ കരിയറിന്റെ തുടക്കത്തിൽ ഒരു വഴിത്തിരിവിന് കാരണമായത് സത്യത്തിൽ ജ്യോതികയാണ്. ഗൗതം വാസുദേവ് മേനോന്റെ ആക്ഷൻ ത്രില്ലറായ കാക്ക കാക്കയിലേക്ക് സൂര്യയുടെ പേര് നിർദേശിക്കുന്നത് ജ്യോതികയാണ്. സൂര്യയുടെ കരിയർ തിരുത്തിക്കുറിച്ച വിജയമായിരുന്നു കാക്ക കാക്കയുടേത്. ആ സമയത്തേ തമിഴിലെ മുൻനിര നായികയാണ് ജ്യോതിക.
അക്കാലത്ത് സൂര്യയേക്കാൾ മൂന്നുമടങ്ങായിരുന്നു ജ്യോതികയുടെ പ്രതിഫലം. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അത് ഇപ്പോൾ 30 ഇരട്ടിയായി കുറഞ്ഞെന്ന് ജ്യോതിക തമാശ പറയുന്നുണ്ട്. പക്ഷെ, തന്റെ ജീവിതത്തിലെ ഗ്രീൻ ഫ്‌ളാഗാണ് സൂര്യയെന്ന് ജ്യോതിക പറയുന്നു.'ഒരു പുരുഷൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മികച്ചവ്യക്തിയാണ് സൂര്യ. അദ്ദേഹത്തിന്റെ ചിന്തകളിൽ തന്നെ തുല്യതയുണ്ട്. അതൊരു മനസ്സിനകത്തുള്ള വികാരമാണ്. അതല്ലെങ്കിൽ അതിങ്ങനെ പ്രതിഫലിക്കില്ല.' ജ്യോതിക പറയുന്നു. വീട്ടിൽ തങ്ങൾ തുല്യരാണെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.
'ഞാനെപ്പോൾ ഭക്ഷണം പാചകം ചെയ്യുമ്പോഴും അദ്ദേഹവും എനിക്കൊപ്പം വന്ന് ഭക്ഷണം പാചകം ചെയ്യും. ഞങ്ങൾ എല്ലാ കാര്യങ്ങളും ഒന്നിച്ചാണ് ചെയ്യാറുള്ളത്. സിനിമ നിർമാണം മുതൽ കുട്ടികളെ വളർത്തുന്നതും അവധിദിവസങ്ങളിൽ പുറത്തുപോകുന്നതുമെല്ലാം. ഞങ്ങൾ വളരുന്നത് പരസ്പരം കാണാൻ ആഗ്രഹിക്കുന്നവരാണ്.' ജ്യോതിക പറയുന്നു.
വിവാഹബന്ധത്തെക്കുറിച്ചും പങ്കാളികൾക്കിടയിൽ ഉണ്ടായിരിക്കേണ്ട സ്നേഹബന്ധത്തെക്കുറിച്ചും വിശ്വനാഥൻ ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂര്യ സംസാരിച്ചിരുന്നു.
ആളുകളും മുൻഗണനകളും കാലക്രമേണ മാറുമെങ്കിലും പങ്കാളിയോടുള്ള സ്നേഹവും ബഹുമാനവും എല്ലായ്പ്പോഴും ഒരുപോലെയായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.വിവാഹത്തോടെ പങ്കാളികൾ തമ്മിലുള്ള സ്നേഹം അവസാനിക്കരുത്, അത് ജീവിതകാലം മുഴുവൻ തുടരണമെന്നും സൂര്യ പറഞ്ഞു.
'സ്നേഹം എല്ലായ്പ്പോഴും നിലനിൽക്കുന്നതായിരിക്കണം. വിവാഹം വരെയോ, വിവാഹം കഴിക്കുന്ന നിമിഷം വരെ മാത്രമോ ഉണ്ടായിരിക്കേണ്ട ഒന്നല്ല. എല്ലാ ദിവസവും സ്നേഹിക്കണം. 20 വർഷം കഴിഞ്ഞാലും ആ സ്നേഹം തുടരണം. നിങ്ങളുടെ പങ്കാളിക്ക് അർഹിക്കുന്ന ബഹുമാനം നൽകണം.എല്ലാവരും മാറും, നമ്മൾ മാറുന്നുണ്ട്, അവരും മാറും. 20ൽ ഉണ്ടായിരുന്ന നിങ്ങൾ ആയിരിക്കില്ല 25 വയസ്സ് ആകുമ്പോൾ. 30ൽ ഉള്ള നിങ്ങളുടെ മുൻഗണനകൾ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും മാറിക്കൊണ്ടേയിരിക്കും. എന്തൊക്കെ മാറിയാലും അവരോടുള്ള സ്നേഹത്തിന് മാറ്റമൊന്നും പാടില്ല. പ്രണയത്തിൽ ഉപദേശം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് എനിക്ക് നൽകാൻ കഴിയുന്ന ഏക കാര്യം.' സൂര്യ പറയുന്നു.
'വിവാഹത്തിന് ശേഷം സ്ത്രീകൾ ചെയ്യുന്ന ത്യാഗത്തെക്കുറിച്ചും സൂര്യ സംസാരിച്ചു. ഒരു പുരുഷന് എവിടെയെങ്കിലും പോകണമെങ്കിൽ ഒരു മണിക്കൂർ എടുക്കും. എന്നാൽ സ്ത്രീകൾക്ക് ചിലപ്പോൾ 10 മണിക്കൂർ വേണ്ടി വന്നേക്കാം. അവർ വിവാഹതരാകുമ്പോൾ, അമ്മമാരാകുമ്പോൾ, അല്ലെങ്കിൽ വീട്ടുകാര്യങ്ങൾ നോക്കുമ്പോൾ അവരാണ് എല്ലാം കോംപ്രമൈസ് ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് അവർ വിജയിക്കുമ്പോൾ അവരെ സല്യൂട്ട് ചെയ്യണം. കഴിയാവുന്നത്ര അവർക്കൊപ്പം നിൽക്കണം. സ്നേഹിക്കുന്നതിലുപരി അവരെ ബഹുമാനിക്കണം.'സൂര്യ പറഞ്ഞു.
പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി നായികാനായകന്മാരാകുന്നത്. കാക്ക കാക്കയിലൂടെ ഹിറ്റ് ജോടിയായി ആരാധകർ നെഞ്ചേറ്റിയ ഇരുവരും 2006 സെപ്റ്റംബർ 11ന് ആണ് വിവാഹിതരായത്. ഇവർക്ക് രണ്ടുകുട്ടികളാണ് ഉള്ളത്
Content Highlights: Suriya and Jyotika emphasize that love and respect should grow, not fade, after marriage., The couple practices equality in household chores and child-rearing., Jyotika highlights Suriya's support and equality-driven mindset., Suriya advocates for recognizing and saluting the sacrifices women make in a relationship., The couple, married since 2006, continues to inspire fans with their enduring partnership.
Published: 04 Aug 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented