കൊഴിയുന്ന മുടി സംരക്ഷിക്കാൻ സോഷ്യൽ മീഡിയയിലെ 'ഇൻസ്റ്റാഗ്രാം ട്രെൻഡുകൾ' കണ്ണുമടച്ച് പരീക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ജാഗ്രതൈ! ഉലുവക്കൂട്ടും ഉള്ളിനീരും രാപകൽ തലയിൽ തേച്ചുപിടിപ്പിക്കുന്ന നാട്ടുവൈദ്യങ്ങളും പലപ്പോഴും മുടി വളർത്തുന്നതിന് പകരം തലയോട്ടിയിൽ ചൊറിച്ചിലും അലർജിയും താരനും വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാന്റ് സർജനുമായ ഡോ. ശ്രദ്ധ.

To advertise here,

ദിനംപ്രതി 50 മുതൽ 100 മുടിനാഴികൾ വരെ കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ തലയോട്ടി തെളിയുന്ന രീതിയിലുള്ള മുടി കൊഴിച്ചിലോ ചെറുപ്പത്തിലേ ഉണ്ടാകുന്ന നരയോ കേവലം വീട്ടുപരീക്ഷണങ്ങൾ കൊണ്ട് മാറ്റാൻ സാധിക്കില്ല. സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഉള്ളിനീരും കഞ്ഞിവെള്ളവും: ശാസ്ത്രീയ അടിത്തറയുണ്ടോ?

സൾഫർ ഘടകങ്ങളാൽ സമൃദ്ധമായ ഉള്ളിനീര് മുടി വളർത്തുമെന്ന വാദത്തിന് കാര്യമായ ശാസ്ത്രീയ തെളിവുകളില്ല. താല്ക്കാലിക അലോപേഷ്യ ഉള്ള അപൂർവ്വം ചിലരിൽ ഇത് ഫലപ്രദമായേക്കാം എന്നതൊഴിച്ചാൽ, സാധാരണ മുടി കൊഴിച്ചിലിന് ഉള്ളിനീര് തേക്കുന്നത് തലയോട്ടിയിൽ അലർജിക്കും ചൊറിച്ചിലിനും കാരണമാകും.അതുപോലെ, കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് മുടിയുടെ മിനുസം താല്കാലികമായി കൂട്ടുമെങ്കിലും അമിത ഉപയോഗം മുടി കട്ടിപിടിക്കാനും പൊട്ടിപ്പോകാനും വഴിവെക്കും. മിനോക്‌സിഡിൽ (Minoxidil) പോലുള്ള മെഡിക്കൽ ചികിത്സകൾക്ക് പകരമാകാൻ ഇവയ്‌ക്കൊന്നിനും സാധിക്കില്ല.

എണ്ണ തേക്കുന്നത് മുടിനാഴികളുടെ ബലം കൂട്ടാനും പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കുന്ന ഒരു കണ്ടീഷണർ മാത്രമാണ്. അല്ലാതെ എണ്ണ നേരിട്ട് മുടി വളർത്തുകയില്ല.രാത്രി മുഴുവൻ തലയിൽ എണ്ണ തേച്ചു കിടക്കുന്നത്, പ്രത്യേകിച്ച് എണ്ണമയമുള്ള തലയോട്ടിയുള്ളവരിൽ സീബോറിക് ഡെർമറ്റൈറ്റിസിനും കടുത്ത താരനും കാരണമാകും. എണ്ണ തലമുടിയിൽ പുരട്ടി അല്പസമയത്തിനകം കഴുകിക്കളയുന്നതാണ് ശരിയായ രീതി.

നരച്ച ഒരു മുടി പിഴുതാൽ പകരം കൂടുതൽ നരച്ച മുടികൾ വളരുമെന്നത് പൂർണ്ണമായും തെറ്റായ ധാരണയാണ്. എന്നാൽ, നരച്ച മുടി ബലമായി പിഴുതെടുക്കുന്നത് മുടിയുടെ വേരുകളെസ്ഥിരമായി നശിപ്പിക്കുകയും, ആ ഭാഗത്ത് പിന്നീട് മുടി വളരാതിരിക്കാൻ കാരണമാകുകയും ചെയ്യും. അതിനാൽ നരച്ച മുടികൾ പിഴുതെടുക്കാതെ കത്രിക ഉപയോഗിച്ച് ചെറുതായി വെട്ടിമാറ്റുകയാണ് വേണ്ടത്.വിറ്റാമിൻ ബി12ന്റെ കുറവ്, തൈറോയ്ഡ് പ്രശ്‌നങ്ങൾ, കടുത്ത മാനസിക സമ്മർദ്ദം എന്നിവ മൂലമാണ് 20-കളിൽ നര ഉണ്ടാകുന്നതെങ്കിൽ, കൃത്യമായ ചികിത്സയിലൂടെയും വിറ്റാമിൻ സപ്ലിമെന്റുകളിലൂടെയും ഒരു പരിധി വരെ ഇത് പരിഹരിക്കാനാകും. എന്നാൽ പാരമ്പര്യമായി ഉണ്ടാകുന്ന നര തടയാൻ സാധിക്കില്ല.

ഹെയർ ഡൈകളിൽ അടങ്ങിയിരിക്കുന്ന പി.പി.ഡി കടുത്ത അലർജിക്ക് കാരണമാകും. അലർജി പരിശോധനവ നടത്തിയ ശേഷം മാത്രം ഡൈ ഉപയോഗിക്കുക.പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, സിങ്ക് എന്നിവയടങ്ങിയ പോഷകാഹാരം കഴിക്കുക. അമിതമായ മുടി കൊഴിച്ചിലോ താരനോ അനുഭവപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് നിൽക്കാതെ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.