അഭിനേത്രിയും ‍ഡബ്ബിങ് കലാകാരിയുമായ ഷെഫാലി ഷായ്ക്ക് കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങുന്നത് അടുത്തിടെയാണ്. ഡൽഹി ക്രൈം, ഹ്യൂമൻ തുടങ്ങിയ സീരീസുകളിലെ ഷെഫാലിയുടെ പ്രകടനം പ്രേക്ഷകപ്രീതി നേടിയിരുന്നു. എന്നാൽ സംവിധായകനും നിർമാതാവുമായ ഭർത്താവ് വിപുൽ ഷായ്ക്കും തനിക്കും വീട്ടിൽ നിന്ന് നേരിടുന്ന രണ്ടുതരം സമീപനങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഷെഫാലി ഇപ്പോൾ. 

To advertise here,

വീട്ടിനുള്ളിലെ സെക്സിസത്തെക്കുറിച്ചും പുരുഷാധിപത്യ മനോഭാവം മൂലം താൻ നേരിടുന്ന വിവേചനത്തെക്കുറിച്ചുമാണ് ഷെഫാലി പങ്കുവെക്കുന്നത്. താൻ വീട്ടിൽ നിന്ന് ഷൂട്ടിങ്ങിനായി പോകുമ്പോൾ നൽകേണ്ടി വരുന്ന മറുപടികളെക്കുറിച്ചും ഭർത്താവ് വിപുലിനെ ഇത്തരത്തിലൊന്നും ബാധിക്കാത്തതുമാണ് ഷെഫാലി പറയുന്നത്. 

വിപുൽ ഷൂട്ടിനായി പോകുന്നു എന്നു പറയുമ്പോൾ ആ​രും ഒന്നും ചോദിക്കില്ല. പക്ഷേ താൻ തുടർച്ചയായി ഷൂട്ടിങ്ങിന് പോവുകയാണെങ്കിൽ അപ്പോൾ ചോദ്യം വരും. ഇനിയും ഷൂട്ടിങ്ങിനു പോവുകയാണോ എന്നു ചോദിക്കും. ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നാണ് ഈ ചോദ്യം നേരിടാറുള്ളതെന്നും എന്തുകൊണ്ടാണ് അവർ മകനോട് അത്തരം ചോദ്യം ചോദിക്കാത്തതെന്നും ഷെഫാലി പറയുന്നു. 

സമാനമായ മറ്റൊരു അനുഭവവും ഷെഫാലി ചൂണ്ടിക്കാട്ടുന്നു. വിപുൽ വീട്ടുജോലിയിൽ ഏർപ്പെടുമ്പോൾ‌ മാതാപിതാക്കൾ അസ്വസ്ഥരാകുന്നതാണ് അതെന്ന് ഷെഫാലി. മകൻ ഒരു വലിയ ഡയറക്ടറാണെന്നു പറഞ്ഞാണ് ഇളവ് നൽകുന്നത്. എന്നാൽ അതേജോലിയും അഭിനയവുമൊക്കെ ഒരുപോലെ കൊണ്ടുപോകുന്ന തന്നെ അവർ കണ്ടില്ലെന്നു നടിക്കുമെന്നും ഷെഫാലി. 

ഒരിക്കൽ‌ വിപുൽ പാത്രങ്ങൾ കഴുകുകയായിരുന്നു. അതുകണ്ടയുടൻ അമ്മ പറഞ്ഞത് ഇത്രയും വലിയൊരു സിനിമാക്കാരൻ പാത്രം കഴുകുന്നു എന്നാണ്. അത് വളരെ രസകരമായാണ് എനിക്ക് തോന്നിയത്. അവർ ഒരിക്കലും ഒരു നടിയെക്കുറിച്ച് ഇങ്ങനെ പറയില്ല. അദ്ദേഹം വലിയ സംവിധായകനാണ് എന്നത് ശരിയാണ്, പക്ഷേ അതും വീടും തമ്മിലെന്തു ബന്ധം? ഞാൻ വീട് പരിപാലിക്കുന്നതു പോലെതന്നെയാണ് അദ്ദേഹവും- ഷെഫാലി പറയുന്നു..