ബ്രിട്ടനിൽ അധികാരത്തിലേറി എഴുപതു വർഷങ്ങൾ പൂർത്തിയാക്കിയ ആദ്യ ഭരണാധികാരിയാണ്  94 വയസ്സുകാരിയായ എലിസബത്ത് രാജ്ഞി . പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളും കൊട്ടാരം സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വോ​ഗ് മാ​ഗസിന്റെ കവർ​ഗേളായ എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. ഹോളിവുഡ് താരം അന്യാ ടെയ്ലർ ജോയും എലിസബത്ത് രാജ്ഞിയുമാണ് വരുന്ന വോ​ഗ് പതിപ്പിലെ മുഖചിത്രങ്ങൾ.

To advertise here,

ബ്രിട്ടീഷ് വോ​ഗ് മാ​ഗസിന്റെ ഏപ്രിൽ പതിപ്പിലാണ് ഇരുവരുടെയും ചിത്രങ്ങൾ വന്നിരിക്കുന്നത്. 1957ൽ പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് വോ​ഗിന്റെ കവറിൽ വന്നത്.

ആന്റണി ആംസ്ട്രോങ് ജോൺസ് പകർത്തിയ ചിത്രമാണത്. 1820ൽ ജോർജ് നാലാമനു വേണ്ടി തയ്യാറാക്കിയ ഡയമണ്ട് കിരീടം ഉൾപ്പെടെ അണിഞ്ഞ് നിൽക്കുന്ന രാജ്ഞിയാണ് ചിത്രത്തിലുള്ളത്. ​സ്വർണവും വെള്ളിയും വജ്രവും പതിപ്പിച്ചതാണ് കിരീടം. 

പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചരിത്രത്തിലെ ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയായ എലിസബത്ത് രാജ്ഞിക്ക് ആദരം പങ്കുവെച്ചാണ് വോ​ഗ് ഇൻസ്റ്റ​ഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. രാജ്ഞിയുടെ സ്റ്റൈൽ ചോയ്സുകളെക്കുറിച്ചും മാ​ഗസിനിൽ പറയുന്നുണ്ട്. അവ കുറ്റമറ്റതാണ്, എല്ലായ്പ്പോഴും ശരിയായതും ആത്മവിശ്വാസം നിറയുന്നതും ഒരിക്കലും ശുഭാപ്തിവിശ്വാസം, പ്രതീക്ഷ, സ്ഥിരത തുടങ്ങിയ സന്ദേശങ്ങൾ പങ്കുവെക്കുന്നതിൽ പരാജയപ്പെടാത്തതും ആണെന്ന് മാ​ഗസിനിലുണ്ട്. 

രാജകുടുംബത്തിലെ മറ്റം​ഗങ്ങളും വോ​ഗിന്റെ കവർ ചിത്രത്തിൽ ഇടംനേടിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ മകളായ ആൻ രാജകുമാരിയും ഡയാന രാജകുമാരിയും നേരത്തേ കവർ ​ഗേളായിരുന്നു. 2016ൽ മാ​ഗസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേറ്റ് മിഡിൽടണും വോ​ഗ് കവർ​ഗേളായിരുന്നു. 

ജൂണ്‍ രണ്ട് മുതല്‍ അഞ്ചുവരെ നീളുന്ന നാലുദിവസം വാര്‍ഷികാഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് കൊട്ടാരത്തിന്റെ തീരുമാനം.  ജൂണ്‍ രണ്ടിന് രാജ്ഞിക്ക് ഔദ്യോഗിക മിലിട്ടറി പരേഡ് നടത്തും. യു.കെ.യ്ക്കും കോമണ്‍വെല്‍ത്തിനും രാജ്ഞി നല്‍കിയ സംഭാവനകളോടുള്ള ആദരസൂചകമായി തൊട്ടടുത്ത ദിവസം താങ്ക്‌സ്ഗിവിങ് പരിപാടി സംഘടിപ്പിക്കും. കൊട്ടാരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി വിരുന്ന് നടത്തും. 

കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ പ്ലാറ്റിനം പുഡ്ഡിങ് മത്സരം സംഘടിപ്പിക്കും. രാജ്ഞിയ്ക്കുവേണ്ടി പുതിയ ഡെസ്സേര്‍ട്ട് കണ്ടെത്തുന്നതിനുവേണ്ടിയാണിത്. എട്ടുവയസ്സുമുതലുള്ള യു.കെ. സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ വ്യക്തികളായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവരോടൊപ്പം ബക്കിങ്ഹാം കൊട്ടാരത്തിലെ ഹെഡ് ഷെഫ് ആയ മാര്‍ക്ക് ഫ്‌ലാനാഗനും ചേര്‍ന്നായിരിക്കും വിധിനിര്‍ണയിക്കുക. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും.