71-കാരനായ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങള്‍ കണ്ടാല്‍ നമ്മള്‍ അമ്പരന്നുപോകും. ഇത്ര പ്രായമായിട്ടും ഈ ലുക്ക് എങ്ങനെ നിലനിര്‍ത്തുന്നു എന്നതാണ് എല്ലാവരുടേയും സംശയം. ഇതുപോലെ ലുക്കില്‍ വെല്ലാന്‍ കഴിയാത്ത ഒരു താരം ബോളിവുഡിലുമുണ്ട്. ഒരുകാലത്ത് ഹിന്ദി സിനിമയിലെ താരറാണി ആയിരുന്ന രേഖ. 

To advertise here,

വോഗ് അറേബ്യയുടെ പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് 68-കാരിയായ രേഖ. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് രേഖ വോഗ് അറേബ്യയുടെ കവര്‍ ഗേള്‍ ആയത്. തരുണ്‍ ഖിവാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഗ്ലാമറും പൈതൃകവും പാരമ്പര്യവുമെല്ലാം ഒത്തുചേരുന്നതാണ് ഈ ഫോട്ടോഷൂട്ട്. ഏതു കാലത്തിനും യോജിച്ച താരമെന്ന് രേഖ ഒരിക്കല്‍കൂടി തെളിയിക്കുന്ന രീതിയിലുള്ളതാണ് ഓരോ ഔട്ട്ഫിറ്റിലുമുള്ള ചിത്രങ്ങള്‍. ഏഴു വ്യത്യസ്ത വസ്ത്രങ്ങളിലാണ് രേഖ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.

ത്രെഡ് ഡീറ്റെയ്‌ലിങ്ങും ഗോള്‍ഡന്‍ എംബ്രോയ്്ഡറിയും സീക്വിന്‍ വര്‍ക്കും ഒത്തുചേര്‍ന്ന വിന്റേജ് ബ്രൊക്കേഡ് ജാക്കറ്റിലുള്ള ചിത്രം താരത്തിന്റെ പ്രൗഢി എടുത്തുകാട്ടുന്നു. ഇതിനൊപ്പം ക്ലാസിക് ബ്ലാക്ക് ടര്‍ട്ട്ല്‍നെക്ക് ടോപ്പും മുഗള്‍ കാലഘട്ടത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത തലപ്പാവുമാണ് ധരിച്ചത്. 

മറ്റൊരു ചിത്രത്തില്‍ ഗോള്‍ഡന്‍ സാരിയിലാണ് താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഡയമണ്ട് നെക്ക്‌ളേസും വളകളും കമ്മലും സ്റ്റേറ്റ്‌മെന്റ് മോതിരവും അണിഞ്ഞു. ഫ്രഞ്ച് ആഡംബര ജ്വല്ലറി കമ്പനിയായ വാന്‍ ക്ലീഫ് ആന്റ് ആപെല്‍സ് ഡിസൈന്‍ ചെയ്ത മഹാരാജ നെക്ക്‌ളേസാണ് ഇതില്‍ ഏറ്റവും പ്രത്യേകത നിറഞ്ഞത്. 161.62 കാരറ്റിലുള്ള ഈ വജ്രമാല നിര്‍മിക്കാന്‍ 5,000 മണിക്കൂറുകളാണെടുത്തത്. 

ഇന്ത്യയുടെ പാരമ്പര്യം ഇഴുകിച്ചേര്‍ന്ന, അതിസങ്കീര്‍ണമായി തുന്നിയെടുത്ത മുസ്്‌ലിന്‍ അംഗാര്‍ഖയിലും രേഖ അതീവസുന്ദരിയായിരുന്നു. ഇതിന് മോഡേണ്‍ ടച്ച് നല്‍കാനായി സ്‌റ്റേറ്റ്‌മെന്റ് ഡയമണ്ട് നെക്ക്‌ളേസും നെറ്റിച്ചുട്ടിയും താരം അണിഞ്ഞു. 

മയിലിനെപ്പോലെ തോന്നിക്കുന്ന രീതിയിലുള്ള ഗോള്‍ഡന്‍ ഗൗണായിരുന്നു മറ്റൊരു ഔട്ട്ഫിറ്റ്. ഇതിന്റെ തോള്‍ഭാഗത്തും കൈയിലും നീല നിറത്തിലുള്ള മെറ്റാലിക് പ്ലേറ്റ് നല്‍കിയിട്ടുണ്ട്. ഒപ്പം മയിലിന്റെ ചിറകില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ ഒരു കിരീടവും ധരിച്ചു. പുതിയ കാലത്തെ ക്ലിയോപാട്ര എന്നാണ് ഈ ലുക്ക് കണ്ട് ആരാധകര്‍ രേഖയെ വിശേഷിപ്പിക്കുന്നത്.