നടി അനശ്വര രാജനെക്കുറിച്ചും ജീവിതത്തിൽ സഹോദരി നൽകിയ വലിയ പിന്തുണയെക്കുറിച്ചും വികാരഭരിതയായി സംസാരിച്ച് സഹോദരിയും ഇൻഫ്‌ളുവൻസറുമായ ഐശ്വര്യ രാജൻ. 'അനശ്വരയുടെ ചേച്ചി' എന്ന വിശേഷണം താൻ ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് കൊണ്ടുനടക്കുന്നതെന്നും, ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയത് സഹോദരിയാണെന്നും ഐശ്വര്യ പറയുന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു വീഡിയോയിലൂടെയാണ് ഐശ്വര്യ മനസ്സുതുറന്നത്.

To advertise here,

തന്നോട് പലരും 'അനശ്വരയുടെ ചേച്ചി' എന്ന് വിളിക്കുമ്പോൾ സ്വന്തമായി ഐഡന്റിറ്റി ഇല്ലെന്ന് തോന്നാറില്ലേ എന്ന് ചോദിക്കാറുണ്ടെന്ന് ഐശ്വര്യ പറയുന്നു. എന്നാൽ അത്തരം വിശേഷണങ്ങളിൽ തനിക്ക് വലിയ സന്തോഷം മാത്രമേയുള്ളൂ. 'അനശ്വര എന്നെ രക്ഷിച്ചില്ലായിരുന്നുവെങ്കിൽ വിവാഹത്തെക്കുറിച്ച് ഒരു പക്വതയുമില്ലാത്ത പ്രായത്തിൽ കല്യാണം കഴിച്ച്, ജീവിതം സ്റ്റക്കായി, കടുത്ത നടുവേദനയും കുട്ടിയുമായി ജീവിക്കേണ്ടി വന്നേനെ. വിവാഹം കഴിക്കുന്നത് മോശമാണെന്നല്ല, പക്ഷേ എന്താണെന്ന് മനസ്സിലാക്കാതെ ആ പ്രായത്തിൽ അങ്ങനെയൊരു തീരുമാനത്തിലേക്ക് പോകുമായിരുന്നു,' ഐശ്വര്യ വ്യക്തമാക്കി.

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനിയത്തി നൽകിയ പിന്തുണയെക്കുറിച്ചും ഐശ്വര്യ ഓർത്തെടുത്തു. 'ജീവിതത്തിൽ ആദ്യമായി തനിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിച്ചോളൂ എന്ന് അനിയത്തിയാണ് പറഞ്ഞത്. ഇതിനുമുമ്പ് ഒരു പോസ്റ്റിൽ ആദ്യമായി ഇഷ്ടമുള്ളത് വാങ്ങിത്തന്നത് അനിയത്തിയാണെന്ന് കമന്റ് ചെയ്തപ്പോൾ 'സിനിമാ നടിയായതുകൊണ്ടല്ലേ' എന്ന് ചിലർ ചോദിച്ചിരുന്നു. എന്നാൽ കുടുംബത്തിലുള്ളവർക്ക് ഇഷ്ടമുള്ളത് വാങ്ങി നൽകാൻ സാമ്പത്തികമായി നിലയുറപ്പിച്ചാൽ മാത്രം മതിയാകും, അതിന് സിനിമയിൽ അഭിനയിക്കണമെന്നില്ല. ഞങ്ങൾ ഒമാനിൽ പോയപ്പോൾ മാളിൽ വെച്ച് 'അച്ചു, നിനക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചോ, നമ്മൾ അതിനാണ് വന്നത്' എന്ന് അവൾ പറഞ്ഞു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നോട് അങ്ങനെ പറയുന്നത്,' ഐശ്വര്യ കൂട്ടിച്ചേർത്തു.

തനിക്ക് ഇത്രയും വലിയ സാമ്പത്തിക-മാനസിക പിന്തുണ നൽകിയ അനശ്വരയുടെ ചേച്ചി എന്ന് അറിയപ്പെടുന്നതിൽ തനിക്ക് അതീവ സന്തോഷമാണെന്ന് പറഞ്ഞാണ് ഐശ്വര്യ വാക്കുകൾ അവസാനിപ്പിച്ചത്. ഓസ്ട്രേലിയയിലെ മനോഹരമായ പശ്ചാത്തലത്തിൽ പകർത്തിയ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്.