വെള്ളി നിറത്തിലുള്ള ഗൗണും അതിനൊപ്പം തറയിലൂടെ ഒഴുകി നടക്കുന്ന ടെയ്‌ലും അണിഞ്ഞ് മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്റെ പ്രസിഡന്റായി പ്രതീക് പര്‍മേ സത്യപ്രതിഞ്ജ ചെയ്തപ്പോള്‍ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഒരു ഫീനിക്‌സ് പക്ഷിയുടെ ചിറകടിയൊച്ച പശ്ചാലത്തിലുണ്ടായിരുന്നു. എല്ലാ തരത്തിലുമുള്ള വിവേചനവും അവഗണനയും പരിഹാസവും മാത്രമാണ് പ്രതീകിന് ജീവിതത്തില്‍ സമ്പാദ്യമുണ്ടായിരുന്നത്. എന്നാല്‍ ആ ഇന്‍സള്‍ട്ടുകള്‍ ഇന്‍വെസ്റ്റ്‌മെന്റാക്കി പ്രതീക് മുംബൈ ടിസ്സിലെ വിദ്യാര്‍ഥി യൂണിയന്റെ അമരത്ത് എത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്വിയര്‍ വിദ്യാര്‍ഥി എന്ന ചരിത്രനേട്ടവും പ്രതീക് എന്ന പേരിനൊപ്പം ചേര്‍ന്നു. 

To advertise here,

ആസാമിലെ ഗോഗമുഖിലെ ഒരു ഗോത്രവിഭാഗത്തില്‍ ജനിച്ച പ്രതീക് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ (എഎസ്എ) പ്രതിനിധിയായിട്ടായിരുന്നു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാജ്യത്തെ കലാലയങ്ങള്‍ക്ക് മാതൃകയായി ആദ്യമായി ട്രാന്‍സ് വിഭാഗത്തിനുള്ള ഹോസ്റ്റല്‍ ആരംഭിച്ച കോളേജാണ് ടിസ്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് ഇവിടെ ടോയ്‌ലറ്റുകളുള്ളത്. ട്രാന്‍സ് വിഭാഗത്തിന് കൂടി ടോയ്‌ലറ്റ് വേണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതീക് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 

കുട്ടിക്കാലത്തും സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അവഗണനകള്‍ നേരിട്ട വിഭാഗത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും പ്രതീക് പറയുന്നു. അതിനായി ഡ്രീം പ്രൊജക്ട് എന്ന പദ്ധതിയും തയ്യാറാക്കുന്നുണ്ട്. ടിസ്സിലെ പൂര്‍വ വിദ്യാര്‍ഥികളേയും മറ്റു കോളേജുകളിലെ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചാണ് ഈ പ്രൊജക്ട് തയ്യാറാക്കുന്നത്.

ഇപ്പോള്‍ മുംബൈയാണ് തട്ടകമെങ്കിലും ഗോഗാമുഖ് തന്നെയാണ് പ്രതീകിന്റെ പ്രിയപ്പെട്ട ഇടം. മുംബൈയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരല്‍പം ആശ്വാസത്തിനായി ഗോഗോമുഖിലേക്ക് വണ്ടി കയറുമെന്ന് പ്രതീക് പറയുന്നു. കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും അവരോട് കൂട്ടു കൂടാനുമായിരുന്നു പ്രതീകിന് ഇഷ്ടം. എന്നാല്‍ ആര്‍ക്കും അത് അംഗീകരിക്കാനുള്ള മനസുണ്ടായിരുന്നില്ല. 'പലരും എന്നെ തുറിച്ചുനോക്കി. പരിഹസിച്ചു. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ എന്ന് വരെ ചോദിച്ചു. പക്ഷേ, അതിലൊന്നും ഞാന്‍ തളര്‍ന്നില്ല.' പ്രതീക് പറയുന്നു. 

മുംബൈയിലെത്തിയതോടെ ജീവിതം കുറച്ചുകൂടി അനായാസമായി. അവിടെ പ്രതീക് ധരിക്കുന്ന വസ്ത്രമോ ആഭരണങ്ങളോ ആരും ശ്രദ്ധിച്ചില്ല. കോളേജിലും പെണ്‍കുട്ടികളെപ്പോലെയാണ് പ്രതീക് വന്നിരുന്നത്. അതിന്റെ പേരില്‍ ആരും മാറ്റിനിര്‍ത്തിയില്ല. കൂടുതല്‍ അവസരങ്ങളൊരുക്കി. ക്യാമ്പസിലെ പരിപാടികളും പുറത്തുള്ള സ്വകാര്യ ചടങ്ങുകളിലും അവതാരകനായും പ്രതീക് തിളങ്ങി. ഒടുവില്‍ ക്യാമ്പസിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.