ഭാവിയിൽ പെറ്റുകൾക്ക് അൺലിമിറ്റഡ് ഡിസൈൻ ഓപ്ഷനുകൾ നൽകുന്ന വലിയൊരു ബ്രാൻഡായി ഇതിനെ വളർത്തണമെന്നാണ് അനുവിന്റെ വലിയ സ്വപ്നം.

ഫ്രിൽ വെച്ച പട്ടുപാവാടയും ജാക്കറ്റും ഷർട്ടുമിട്ട് സ്റ്റൈലായി അണിഞ്ഞൊരുങ്ങുന്ന നായ്ക്കുട്ടികൾ. സ്ലീവ്‌ലെസ്സ് ടോപ്പും ലെഹങ്കയും കോട്ടുമിടുന്ന പൂച്ച സാർ. അനു സുരേന്ദ്രന്റെ ഇൻസ്റ്റഗ്രാം ഫീഡ് പെറ്റ് ഫാഷൻ റാന്പ് പോലെയാണ്. പെറ്റ് ഔട്ട്ഫിറ്റ് ഡിസൈനിങ്ങ് എന്നത് അനുവിനെത്ര സ്‌പെഷ്യലാണെന്ന് ആ ഔട്ട്ഫിറ്റുകൾ കണ്ടാൽ മനസ്സിലാക്കാം. പെറ്റ് ഓണർ എന്നതിൽ നിന്ന് പെറ്റ് പേരന്റിങ്ങ് എന്നതിലേയ്ക്ക് കാഴ്ചപ്പാട് മാറുമ്പോൾ പെറ്റ്‌സിന്റെ പരിപാലന രീതികളും മാറിയിരിക്കുകയാണ്. പെറ്റ് ഔട്ട്ഫിറ്റ്‌സ് നോർമലൈസ് ചെയ്തുതുടങ്ങുന്നത് അവിടെയാണ്. ആവശ്യക്കാരേറിയതോടെ പെറ്റ് ഔട്ട്ഫിറ്റ് ഡിസൈനറിൽ നിന്നും പെറ്റ് ബൊട്ടീക് ഉടമയായി മാറിയിരിക്കുകയാണ് അനു സുരേന്ദ്രൻ.
നോറയ്ക്ക് വേണ്ടി
ആദ്യമായി പെറ്റ് ഡ്രസ് ഡിസൈൻ ചെയ്തു തുടങ്ങുന്നത് എന്റെ പിള്ളേർക്ക് വേണ്ടിതന്നെയാണ്. നോറയെന്ന നായ്ക്കുട്ടിയ്ക്ക് വേണ്ടിയാണ് ആദ്യമായി ഒരു ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്യുന്നത്. അന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല, മനസിൽ തോന്നിയ ആശയം വെച്ച് അവൾക്കൊരു ഉടുപ്പ് തയ്ച്ചിട്ടു അതാണ് ആദ്യത്തെ ഡിസൈൻ. അന്ന് ജോലിയുടെ ഭാഗമായി ആഫ്രിക്കയിലായിരുന്നു. നാട്ടിൽ തിരിച്ചെത്തി സെറ്റിലാകുന്പോൾ പെറ്റ്‌സിന് വേണ്ടി ഇത്തരത്തിൽ കാഷ്വൽ വെയറുകൾ ഡിസൈൻ ചെയ്യുന്ന ഒരു സംരംഭം തുടങ്ങണമെന്നും മനസിൽ ആഗ്രഹമുണ്ടായിരുന്നു.
നോറയ്ക്ക് വേണ്ടി തയ്ച്ചുതയ്ച്ചാണ് പെറ്റ് ഔട്ട്ഫിറ്റ് ഡിസൈനിങ്
മനസിൽ പതിയുന്നത്. അമ്മ തയ്യൽക്കാരിയാണ്, അതുകൊണ്ട് തയ്യലിന്റെ ബേസിക് കാര്യങ്ങളൊക്കെ അറിയാം.
നോറയെക്കൂടാതെ അഞ്ച് പെറ്റ്‌സ് വേറെയും വീട്ടിലുണ്ട്. അവർക്ക് വേണ്ടിയും ഡ്രസ് ഡിസൈൻ ചെയ്തിടുമായിരുന്നു. അങ്ങനെ അതൊരു പാഷനും ഹാപ്പിനെസ്സുമായി മാറി.
അവർക്കൊപ്പം ഞാനും മാച്ചിങ് ഡ്രസ് തയ്ച്ചിടാൻ തുടങ്ങിയത് വലിയ സന്തോഷം തരുന്ന കാര്യമായി. ഡിസൈൻ ചെയ്യുന്ന ഡ്രസിട്ടു ഫോട്ടോയെടുക്കും. അവരെ പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ ആളുകൾ ശ്രദ്ധിക്കും. ഔട്ട്ഫിറ്റ്‌സിനെക്കുറിച്ച് നല്ല കമന്റ്‌സ് ഒക്കെ കിട്ടും. അങ്ങനെയാണ് ഡിസൈനർ ജോലിയിലേയ്ക്ക് പൂർണമായി ഫോക്കസ് ചെയ്യാൻ തുടങ്ങിയത്-അനു പറയുന്നു.
ഡിസൈനർ ഔട്ട്ഫിറ്റ്‌സും പെറ്റ്‌സും
വസ്ത്രങ്ങളുടെ കാര്യത്തിൽ നമ്മുടെ പോലെ തന്നെ വേറൈറ്റി പെറ്റ് ഔട്ട്ഫിറ്റിലുമുണ്ട്. അവർക്കും ഡെയ്‌ലി വെയർ പാർട്ടി വെയർ എന്നിങ്ങനെയൊക്കെയുണ്ട്. ഡിസൈനർ എന്ന നിലയിൽ അവരുടെ കംഫർട്ടാണ് നോക്കുന്നത് പാർട്ടിവെയറിൽ ആളുകൾക്ക് ഡിസൈൻ ആയിരിക്കും കൂടുതലും താത്പര്യം കണ്ടുവരുന്നത്.
ആളുകൾക്ക് ആ സമയത്ത് കളർഫുള്ളായതും ആകർഷകത്വവും ഉള്ള വസ്ത്രങ്ങൾ നോക്കും. പാർട്ടിവെയർ എന്തിനാണോ എന്നതിനനുസരിച്ച് ഡിസൈനിങ്ങിൽ വ്യത്യാസം വരും. പെറ്റ് പേരന്റിന് അപ്പോൾ തന്റെ പെറ്റ് ക്യൂട്ടായിട്ട് ഇരിക്കണം എന്നേയുള്ളൂ-അനു പറയുന്നു.
ഞാൻ എന്റെ ബൊട്ടീക് തുടങ്ങിയപ്പോൾ എന്റെ പെറ്റായ നോറയെക്കൊണ്ടാണ് ഉദ്ഘാടനം ചെയ്യിപ്പിച്ചത്.
കാരണം നോറയിൽ നിന്നാണ് എനിക്ക് ഇങ്ങനെയൊരു ഐഡിയ വരുന്നത്. അവളാണ് ഇതൊക്കെ തുടങ്ങാൻ കാരണമായത്.. പുറത്തുപോകുമ്പോഴും പെറ്റ് ഹോസ്പിറ്റലിൽ പോകുമ്പോഴുമൊക്കെ ഞാൻ എന്റെ പെറ്റ്സിനെ ഡ്രസീടാച്ചാണ് കൊണ്ടുപോകുന്നത്. അവർക്ക് വസ്ത്രങ്ങൾ ഇടുമ്പോൾ ബുദ്ധിമുട്ട് ഉള്ളതായിട്ട് എനിക്ക് തോന്നിട്ടില്ല. നമ്മുടെ നാട്ടിൽ നായ്ക്കളെയൊക്കെ ഉപദ്രവിക്കുകയും ചങ്ങലയ്ക്കിട്ട് ടോർച്ചർ ചെയ്യുകയുമൊക്കെയുണ്ട് അങ്ങനെ നോക്കുമ്പോൾ ഈ വസ്ത്രങ്ങൾ അവർക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുമില്ല.
ആദ്യമായി ഇടുമ്പോൾ അവർ ഒരു പരിചയക്കുറവ് കാണിക്കും. അതവർക്ക് ശീലമില്ലാത്തതിന്റെ പ്രശ്നമാണ്. പിന്നീട് അവർ അതിൽ ബുദ്ധിമുട്ട് കാണിക്കില്ല. കുട്ടികളെ പഠിപ്പിക്കുന്ന പോലെ ഡ്രസ് ഇടാനും പഠിപ്പിച്ചെടുക്കണം. പെട്ടെന്നു ധരിപ്പിക്കുന്പോൾ അവർക്ക് പരിചയക്കുറവ് ഉണ്ടാകും. കാലാവസ്ഥ മാറുമ്പോഴും പുറത്തുപോകുമ്പോഴുമെല്ലാം വസ്ത്രം ധരിപ്പിക്കുന്നത് എനിക്ക് ഗുണമാണ് ചെയ്തിട്ടുള്ളത്.
പെറ്റിന്റെ ഡ്രസ് ഡിസൈൻ ചെയ്യുന്നതിൽ നമ്മുടേതിൽ നിന്നും വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നിയിട്ടില്ല, നമ്മുടെ കുട്ടികളുടെ ഡ്രസുമായി സാമ്യമുള്ളതാണ് പെറ്റ് ഔട്ട്ഫിറ്റുകൾ. അതിൽ നിന്നും ഇൻസ്പെയറായി ആണ് ഡ്രസ് ഓർഡറുകൾ വരുന്നതെന്നും അനു പറയുന്നു.
പെറ്റ്‌സിന്റെ ഉടുപ്പിനും അളവ് വേണം
നമ്മുടെ പോലെ തന്നെ അവരുടെ ഔട്ട്ഫിറ്റുകൾക്ക് അളവുണ്ട്. ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്യുന്നതിന് മുൻപ് പെറ്റ്സിന്റെ അളവ് ചോദിക്കാറുണ്ട്. കാരണം പണം നൽകി ഒരു ഔട്ട്ഫിററ് ചെയ്തെടുത്തിട്ട് അത് പാകമായില്ലെങ്കിൽ കഷ്ടമല്ലേ? എല്ലാ പെറ്റ് പേരന്റ്‌സും മെഷർമെന്റ് ടേപ്പെടുത്ത് അളവ് അയച്ചുതരാറുണ്ട്.
അതിനൊപ്പം ഞാൻ ഇത്രയും നാളത്തെ എക്സിപീരിയൻസിൽ നിന്നും തയ്യാറാക്കിയെടുത്ത ഒരു സൈസ് ചാർട്ടുണ്ട്. ആദ്യമൊക്കെ ഗൂഗിളൊക്കെ ഉപയോഗിച്ച് ഏകദേശ അളവ് കണ്ടെത്തിയാണ് ചെയ്തിരുന്നത്. ഇപ്പോൾ ഓരോ ബ്രീഡിനും ഡ്രസ് ചെയ്തു ചെയ്തു സൈസ് ചാർട്ടിനെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടായിട്ടുണ്ട്. തൂക്കം നോക്കി ഏകദേശം അളവ് കണക്കാക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.
കുട്ടികളുടെ ഉടുപ്പ് തുന്നുന്നതിൽ ചെറിയ വ്യത്യാസം വരുത്തിയാണ് പെറ്റ്സിനായി ഔട്ട്ഫിറ്റ് തയ്യാറാക്കുന്നത്. 2024 ഓണക്കാലത്ത് തുടങ്ങുമ്പോൾ ഇത്രയും വ്യക്തത എനിക്കുണ്ടായിരുന്നില്ല. ഒരു തോന്നലിൽ അങ്ങനെ തയ്ച്ചെടുക്കുകയായിരുന്നു. ശാസ്ത്രീയമായ പരിശീലനവും നേടിയിട്ടില്ല. യുട്യൂബൊക്കെ നോക്കിയാണ് ആദ്യമൊക്കെ തയ്ച്ചിരുന്നത്. ആദ്യത്തെ വർഷം 60 ഓർഡറുകളാണ് എനിക്ക് കിട്ടിയത്.
ഇത്തരത്തിൽ ഒരു ബൊട്ടീക് തുടങ്ങിയപ്പോൾ കേരളം ഒരു മാർക്കറ്റായി ഞാൻ കരുതിയില്ല. ബെംഗളൂരു, മുംബൈ ഒക്കെ ഉദ്ദേശിച്ചാണ് ഈ സംരംഭം തുടങ്ങുന്നത്. ഇവിടെ നിന്നും ഓർഡർ കിട്ടുമോയെന്ന് വിചാരിച്ചതുപോലുമില്ല. എന്നാൽ 99 ശതമാനം ഓർഡറുകളും കേരളത്തിൽ നിന്നാണ് ആദ്യമേ ലഭിച്ചത്. അതെന്നെ ആദ്യം വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു.
പെറ്റിന് ഡ്രസ് എടുക്കുന്ന കൂടുതൽ ആളുകളും സ്വന്തം കുട്ടിക്കെന്നപോലെയാണ് എന്റെ അടുത്തുവരുന്നത്. ഓരോ പിറന്നാളിനുമുള്ള ഉടുപ്പ് സൂക്ഷിച്ചുവെക്കുന്നവരേയും എനിക്കറിയാം. ഒരു പേരന്റിന്റെ ഇമോഷൻ പോലെയാണത്. എന്റെ പെറ്റ്സ് എനിക്കെന്റെ മക്കളെപ്പോലെയാണ്. അവരുടെ വൈകാരികമായ അടുപ്പമാണ് എനിക്ക് ഇതിൽ നിന്നും ഫീൽ ചെയ്യാൻ പറ്റുന്നത്.
ഇതിൽ നിന്നും ഇന്ന് ജീവിക്കാനാവശ്യമായ വരുമാനം കിട്ടുന്നുണ്ട്. നിലവിൽ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ഓണം തുടങ്ങിയപ്പോൾ തുടങ്ങി തിരിക്ക് കൂടി. ഇപ്പോൾ ഇത്തരത്തിലുള്ള ഡ്രസുകൾക്ക് വിപണിയിൽ ഡിമാന്റു കൂടിവരുന്നുണ്ട്.
എന്നെപ്പോലെ തന്നെ ഡ്രസ് ഡിസൈൻ ചെയ്യുന്ന ആളുകളും കൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഓണം സമയത്ത് നിരവധി പെറ്റ് ഔട്ട്ഫിറ്റുകൾ കാണാറുണ്ട്. ക്വാളിറ്റിയറിഞ്ഞ് ഇമോഷൻസ് മനസിലാക്കി ഡിസൈൻ ചെയ്യണമെന്നാണ് എന്നത്തേയും ലക്ഷ്യം അതിൽ വിട്ടുവീഴ്ച ചെയ്യാറില്ല.
കസ്റ്റമൈസ്ഡ് ഔട്ട്ഫിറ്റുകൾക്ക് ഡിമാന്റ്
പെറ്റ്സിന്റെ വസ്ത്രങ്ങളിൽ ട്രെൻഡൊന്നും അങ്ങനെ പറയാൻ പറ്റില്ല. ഓരോ പെറ്റ് പേരന്റിനും ഓരോ ആഗ്രഹങ്ങളായിരിക്കും. കസ്റ്റമറന്റെ ഇഷ്ടം നോക്കിയാണ് ഓരോ ഡ്രസും തയ്യാറാക്കുന്നത്.എല്ലാ ഡ്രസുകളും ഞാൻ തയ്ക്കാറുണ്ട്. ഇപ്പോൾ എഐ വഴി ഒക്കെ ഡിസൈൻ ചെയ്തു ആളുകൾ മോഡൽ അയച്ചുതരും. കേരളത്തിലെ പെറ്റ് പേരന്റിന് ഡാർക്ക് കളർ ഔട്ട്ഫിറ്റുകളോടാണ് കൂടുതൽ താത്പര്യം. കേരളത്തിന് വെളിയിൽ അത് ലൈറ്റ് കളറാണ്.
റെഡ്, ബ്ലൂ നിറങ്ങൾക്ക് ഇവിടെ വലിയ ഡിമാന്റുണ്ട്. ബ്രീഡിനെ ചോദിച്ച് മനസിലാക്കും. ചിലർ അളവെടുത്തുതരുമ്പോൾ അതിൽ തെറ്റുകൾ സംഭവിക്കാം. ബ്രീഡ് മനസിലാക്കിയാൽ എനിക്ക് അളവ് ശരിയാക്കിയെടുക്കാൻ ഇന്ന് കഴിയും. പെറ്റ് പേരന്റസ്് നിരവധി പരീക്ഷണങ്ങളും ചെയ്യാറുണ്ട്. ഈയടുത്താണ് ഒരു കടുവയുടെ ഔട്ട്ഫിറ്റ് നായ്ക്കുട്ടിയ്ക്ക് വേണ്ടി ചെയ്തിരുന്നു. പിറന്നാൾ ആഘോഷത്തിന് വേണ്ടി ബാംഗ്ലൂർ നിന്നുള്ള കസ്റ്റമറിന് വേണ്ടിയാണ് ആ ഡ്രസ് ഡിസൈൻ ചെയ്തത്. എന്റേത് പെറ്റ്സ് ഔട്ട്ഫിറ്റിനുള്ള ബൊട്ടീക്കാണ്. കസ്റ്റമസൈഡ് വർക്കാണ് കൂടുതലും ചെയ്യുന്നത്. വിവാഹത്തിനൊക്കെ ലെഹങ്കയ്ക്ക് മാച്ച് ചെയ്തിട്ട് പെറ്റ്സിന് ഔട്ട് ഫിറ്റ് തയ്യാറാക്കുന്നത് സാധാരണകാര്യമായി മാറിയിപ്പോൾ.
അത്തരം സന്ദർഭങ്ങളിൽ അതേപോലുള്ള മാച്ചിങ് ഫാബ്രിക് കണ്ടെത്തി ഡിസൈൻ ചെയ്യേണ്ടിവരും. ക്രിസ്തുമസ് ഓണം തുടങ്ങിയ ടൈംമിലാണ് സീസണൽ വസ്ത്രങ്ങൾ ഓർഡറുകൾ വരുന്നത്. ഞാൻ ആ സമയത്തേയ്ക്ക് ഒരു കളക്ഷൻ ഇറക്കാറുണ്ട്.വിശേഷദിവസങ്ങൾക്കും മാച്ചിങ് ഔട്ട്ഫിറ്റ് ഓർഡരുകൾ വരാറുണ്ട്. ഇടുപ്പ് , പാവാട, ബ്ലൗസ് ,ഷർട്ട് തുടങ്ങിയവയാണ് കൂടുതലും ഇപ്പോൾ ചെയ്യുന്നത്. ചിലർക്ക് ഔട്ട്ഫിറ്റിന് ചേരുന്ന നെക്ക് ആക്സസറിയും ഹെയർ ആക്സസറിയും നിർബദ്ധമാണ്.
ആദ്യമായി ഉടുപ്പ് ധരിപ്പിക്കുന്പോൾ ശ്രദ്ധിക്കേണ്ടത്
പെട്ടെന്ന് പാർട്ടിവെയർ ഡ്രസ് വാങ്ങി പെറ്റ്സിന് ഇടരുത്. അതിന് മുൻപ് ഒരു ഡെയ്ലി വെയർ വാങ്ങി അവരെ അത് ഇടിപ്പീക്കുക. ആദ്യം ലീഷിടുന്ന പോലെ തന്നെ അതും ശീലിപ്പിക്കണം. എന്തെങ്കിലും ആഘോഷങ്ങൾക്കാണ് ഔട്ട്ഫിറ്റ് നോക്കുന്നതെങ്കിൽ ആദ്യം തന്നെ ഡെയ്ലിവെയർ വാങ്ങിയിട്ട് ശീലിപ്പിക്കണം. പുറത്തുകൊണ്ടുപോകുമ്പോൾ ആണ് ഔട്ട്ഫിറ്റ് ഇടീപ്പിക്കുന്നതെങ്കിൽ അവർക്കത് ഒരു എക്സൈറ്റ്മെന്റ് ഉണ്ടാക്കും.
തങ്ങളെ പുറത്തുകൊണ്ടുപോകുന്ന എന്ന സൈൻ അവർക്ക് അതിലൂടെ കിട്ടും. ആദ്യം ഏത് ഡ്രസീടിച്ചാലും അവർ സ്റ്റിഫായി നിൽക്കും. വസ്ത്രം കടിച്ചുപറിക്കുന്ന സ്വഭാവം ഹൈപ്പർ ആക്ടീവായ പെറ്റ്സിന് ആയിരിക്കും ഉണ്ടാകുക. കൂടുതൽ പേരും ആദ്യം അനങ്ങാതെ നിൽക്കും.കോട്ടണിൽ തന്നെ വസ്ത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. സന്തോഷം തോന്നിയാൽ പെറ്റ്‌സ് പിന്നെ ഒന്നും ഓർക്കില്ല. ഔട്ട്ഫിറ്റിന് പ്രധാനമായും കോട്ടണാണ് ഉപയോഗിക്കുന്നത്. ലൈക്ര മിക്സുകൾ പൊതുവേ ഉപയോഗിക്കാറില്ല. ലൈക്ര പെറ്റ്സിന് കുഴപ്പമില്ല എങ്കിലും ഞാൻ ഉപയോഗിക്കാറില്ല. കസ്റ്റമർ കൊണ്ടുവരുമ്പോഴാണ് മറ്റു ഫാബ്രിക്കുകൾ വരുന്നത്. എന്നാൽ അവരുടെ സ്‌കിന്നിനോട് ചേർന്നുവരുന്ന ഭാഗത്ത് ഞാൻ കോട്ടൺ ലൈനിങ്ങ് ഉപയോഗിക്കും. പല പെറ്റ്സിനും പലതരം സ്‌കിന്നാണല്ലോ അലർജിയൊന്നും വരാതെയിരിക്കാനാണ് കോട്ടണും അതിൽ ഉപയോഗിക്കുന്നത്.
പെറ്റുകളെ ഫാഷനായി ഒരുക്കുന്നതിൽ വരുന്ന ഏറ്റവും വലിയ തെറ്റ് മാർക്കറ്റിൽ കിട്ടുന്ന പ്ലാസ്റ്റിക് മിക്സ് പോലെ തോന്നുന്ന ഫാബ്രിക്കാണ്. ബാഗിന് ഉപയോഗിക്കുന്ന പോലെയുള്ള ഫാബ്രിക്കാണ്.നല്ലത് കോട്ടൺ തന്നെയാണ്. അത് സ്‌കിൻഫ്രണ്ട്ലിയായിട്ട് തോന്നിയിട്ടില്ല-അനു മുന്നറിയിപ്പ് നൽകുന്നു.
പെറ്റ് ബൊട്ടീക്കും നാട്ടിലേയ്ക്കുള്ള തിരിച്ചുവരവും
ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ അനു നോറയെ തനിച്ചാക്കിയില്ല, കൂടെക്കൂട്ടി. വീട്ടിലെത്തിയപ്പോൾ നോറയ്ക്ക് പുറമെ അഞ്ചു നായ്ക്കൾ വേറെയുമുണ്ടായിരുന്നു. അവരെയെല്ലാം ഒരുക്കി കാണാനായിരുന്നു അനുവിന് ഏറെ ഇഷ്ടം. വീണ്ടും അവർക്കായി ഓരോരോ വസ്ത്രങ്ങൾ തയ്ച്ചു തുടങ്ങി. അവരെ ഭംഗിയുള്ള ഉടുപ്പുകൾ അണിയിച്ച്, അവർക്ക് കൂട്ടായി താനും അതേ നിറത്തിലുള്ള മാച്ചിങ് ഡ്രസ്സുകളിട്ട് ചിത്രങ്ങളെടുക്കുന്നത് അനുവിനൊരു വലിയ ആശ്വാസമായിരുന്നു. ആ സന്തോഷമാണ് 2021-ൽ ഇങ്ങനെയൊരു സംരംഭം തുടങ്ങാൻ അനുവിന് ധൈര്യം നൽകിയത്. എന്നാൽ തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
കയ്യിൽ വലിയ സമ്പാദ്യമൊന്നുമില്ലാതെ, ഒന്നുമില്ലായ്മയിൽ നിന്നാണ് അനു ബൊട്ടീക്ക് തുടങ്ങുന്നത്. തൊടുപുഴയിൽ പോയി വെറും 300 രൂപയ്ക്ക് തുണി വാങ്ങി ആദ്യത്തെ ഉടുപ്പ് തയ്ച്ചെടുത്തു. അതിൽ നിന്ന് ആദ്യത്തെ ഓർഡർ കിട്ടി. ആ ഓർഡറിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് അടുത്ത ഉടുപ്പിനുള്ള തുണി വാങ്ങും, അത് തയ്ച്ചു നൽകും അതായിരുന്നു തുടക്കത്തിലെ രീതി. പല മാസങ്ങളിലും ഒരു ഓർഡർ പോലും കിട്ടാതെ ഒഴിഞ്ഞിരുന്ന ദിവസങ്ങളുണ്ടായിരുന്നു. എങ്കിലും കയ്യിലുള്ള തയ്യൽ മെഷീനും മനസ്സിലെ പ്രതീക്ഷയും അനു ഉപേക്ഷിച്ചില്ല.
ആദ്യം വീട്ടിൽ ഞാനിത് ചെയ്യുന്നതിനെക്കുറിച്ച് വീട്ടുകാർക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ഇപ്പോഴാണ് വീട്ടുകാർക്ക് പെററ് ഡ്രസ് ഡിസൈനിങ്ങ് ചെയ്യുന്നതിൽ സന്തോഷമുണ്ടായത്. ഒന്നും അറിയാതെയാണ് ആദ്യം ഫീൽഡിലേയ്ക്ക് വന്നതെന്നും അനു പറയുന്നു. 2021-ലാണ് ബൊട്ടീക്കെന്ന ആദ്യമായി തോന്നലുണ്ടാകുന്നത്.
ഒന്നുമില്ലാത്തിടത്തുനിന്നാണ് ഈ ബൊട്ടീക് തുടങ്ങിയത്. ഇവിടെ എത്തിക്കഴിഞ്ഞ് എന്റെ കുട്ടികളെ ഇട്ടിട്ട് പുറത്തു ജോലിക്ക് പോകാനും പാടായി. അങ്ങനെ തൊടുപുഴയിൽ പോയി 300 രൂപയ്ക്ക് ആദ്യം ഒരു തുണി വാങ്ങി ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിട്ടു, ആ ഡിസൈൻ കണ്ട് ആദ്യത്തെ ഓർഡർ കിട്ടി. ഓർഡർ കിട്ടുന്നതനുസരിച്ച് ആ പണത്തിൽ നിന്നും തുണി വാങ്ങി തയ്ക്കും അങ്ങനെയായിരുന്നു തുടക്കക്കാലത്തെ രീതി.
വലിയ സ്ട്രെസായിട്ടുണ്ടെങ്കിലും പിന്നീട് അത് നല്ലതായി വന്നു.-അനു തന്റെ തുടക്കകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞു. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയാണ് കുഴുമ്പിൽ വീട്ടിൽ അനു സുരേന്ദ്രൻ.സോഷ്യൽ മീഡിയ വഴിയാണ് അനു ഓർഡറുകൾ എടുക്കുന്നത്.2024 ഓണക്കാലത്തോടെ വലിയ തിരിക്കുള്ള ഒരു ബ്രാൻഡായി അനുവിന്റെ സംരംഭം മാറി. സോഷ്യൽ മീഡിയ വഴി തനിച്ച് നടത്തുന്ന ഈ പോരാട്ടത്തിൽ ഇന്ന് ജീവിക്കാനുള്ള വരുമാനം അനു കണ്ടെത്തുന്നുണ്ട്. ഭാവിയിൽ പെറ്റുകൾക്ക് അൺലിമിറ്റഡ് ഡിസൈൻ ഓപ്ഷനുകൾ നൽകുന്ന വലിയൊരു ബ്രാൻഡായി ഇതിനെ വളർത്തണമെന്നാണ് അനുവിന്റെ വലിയ സ്വപ്നം.
Content Highlights: Transition from pet parent to successful pet boutique owner in Kerala., High demand for custom pet outfits, party wear, and matching sets for festivals like Onam and Christmas., Emphasis on pet comfort, using skin-friendly cotton fabrics to prevent allergies., Overcoming initial struggles with zero investment to build a thriving 2026 pet fashion brand.
Published: 08 Oct 2026, 11:29 am IST
ABOUT THE AUTHOR

സുജിത സുഹാസിനി
sujitha@mpp.co.inമാതൃഭൂമി ഡോട്ട് കോം കണ്ടന്റ് റൈറ്റർ. ഫാഷൻ, ലൈഫ്സ്റ്റൈൽ വിഷയങ്ങളിൽ താത്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented