കുട്ടികളുടെ പരിചരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന പരമ്പരാഗത ചിന്ത മാറ്റുക എന്ന ലക്ഷ്യത്തോടെ, ശിശുപരിചരണ അവധി ( Child Care Leave) കൂടുതൽ ലിംഗനിഷ്പക്ഷമാക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. ഹംസാനന്ദിനി നന്ദൂരി കേസിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ നടന്ന് മാസങ്ങൾക്കുള്ളിലാണ് കമ്മീഷന്റെ നിർദ്ദേശം. കുട്ടികളുടെ പരിചരണത്തിൽ പിതാക്കന്മാർക്കുള്ള പ്രാധാന്യം കോടതി അന്ന് ഗൗരവമായി പരിഗണിച്ചിരുന്നു.

To advertise here,

നിലവിലെ 730 ദിവസത്തെ ശിശുപരിചരണ അവധി മാതാപിതാക്കൾക്ക് പങ്കിട്ട് ഉപയോഗിക്കാനാകുംവിധം മാറ്റണമെന്നാണ് കമ്മീഷന്റെ ശുപാർശ. സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ഈ ആനുകൂല്യം കിട്ടത്തക്ക വിധത്തിൽ പദ്ധതി വ്യാപിപ്പിക്കണമെന്നാണ് കമ്മീഷൻ പറയുന്നത്.
മാതൃത്വം സ്ത്രീകളുടെ തൊഴിൽജീവിതത്തേയും കരിയറിനേയും ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനും കുട്ടികളെ പരിചരിക്കുന്നതിൽ പിതാവിനും തുല്യമായ പങ്കാളിത്തം ഉറപ്പ് വരുത്താനുമാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

730 ദിവസം എങ്ങനെ പങ്കിടും

‌നിലവിലെ കേന്ദ്രസർക്കാർ ചട്ടപ്രകാരം, അർഹരായ ജീവനക്കാർക്ക് അവരുടെ സേവനകാലയളവിൽ ജീവിച്ചിരിക്കുന്ന രണ്ട് കുട്ടികളെ പരിചരിക്കാൻ പരമാവധി 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് അനുവദിക്കും. കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ ഈ ആനുകൂല്യം ലഭിക്കും. ഭിന്നശേഷിയുള്ള കുട്ടിയുടെ കാര്യത്തിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്.
എന്നാൽ, സ്ത്രീ കേന്ദ്രീകൃത സംവിധാനത്തിൽ മാറ്റം വരുത്താനാണ് വനിതാ കമ്മീഷൻ ഉദ്ദേശിക്കുന്നത്. 730 ദിവസത്തെ 365 ദിവസമായി മാതാവിനും പിതാവിനും വീതംവെച്ച് നൽകാനാണ് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശം.
രണ്ടുപേരും ഒരേ സ്ഥാപനത്തിലാണ് തൊഴിലെടുക്കുന്നതെങ്കിൽ 730 ദിവസവും ഉൾപ്പെടുന്ന പൊതു അവധി പൂൾ രൂപീകരിച്ച് ഇരുവർക്കും ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അവസരം നൽകണമെന്നും കമ്മീഷൻ പറയുന്നു. 0-2 വയസ്സ് വരെയുള്ള കുട്ടികളുടെ കാര്യത്തിൽ
മാതാവും പിതാവും 60;40 എന്ന അനുപാതത്തിൽ പരിചരണം പങ്കിട്ടെടുക്കാനും ശുപാർശയുണ്ട്.
സ്വകാര്യമേഖലയിലടക്കം ശമ്പളത്തോടു കൂടിയ നിർബന്ധിത പിതൃ അവധിയും നടപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ശിശുപരിചരണാവധി പ്രസവാവധിയിൽനിന്നു വ്യത്യസ്തമാണ്. ഗർഭധാരണം, പ്രസവം എന്നിവയുമായി ബന്ധമില്ലാത്ത CCL, നിലവിലുള്ള കുട്ടിയെ പരിചരിക്കാനായി ജീവനക്കാര‍്‍ക്ക് നൽകുന്ന ആനുകൂല്യമാണ്. ഭാര്യ മരണപ്പെട്ടതോ വിവാഹമോചിതരോ ആയ കേന്ദ്ര സർവ്വീസ് ജീവനക്കാരായ പുരുഷൻമാർക്കും CCL ലഭിക്കാറുണ്ട്.

സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കും

നിലവിലെ ശിശുപരിചരണ അവധി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ലഭിക്കുക. സ്വകാര്യമേഖലയ്ക്ക് ഈ അവധി ബാധകമല്ല. ആദ്യം വൻകിട സ്വകാര്യ സ്ഥാപനങ്ങളിലും പിന്നീട് ഇടത്തരം, ചെറിയ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന തരത്തിലും അവധി ആനുകൂല്യം നടപ്പാക്കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നിലപാട്. അതിനാൽ പരിചരണത്തിന്റെ ഭാരം ഒരാളുടെ ചുമലിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് കുറയും.

അവധിയെ സാമൂഹിക സുരക്ഷാ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും കുട്ടികളുടെ പരിചരണാർത്ഥം നയങ്ങൾ രൂപീകരിച്ച് നടപ്പിലാക്കുന്ന തൊഴിലുടമകൾക്ക് സാമ്പത്തിക സഹായവും നികുതിയിളവുകളും പ്രഖ്യാപിക്കാനും നിർദ്ദേശമുണ്ട്. തൊഴിൽമേഖലയിൽ അമ്മമാർ അനുഭവിക്കുന്ന നിയമന വിവേചനം, സ്ഥാനക്കയറ്റം തടയൽ, ശിശുപരിചരണാർത്ഥം അവധിയെടുക്കുന്നവർക്ക് തൊഴിലിൽ ആത്മാർത്ഥതയില്ലെന്ന നിലപാട്, എന്നിവ നിരീക്ഷിച്ച കമ്മീഷൻ, മാതൃത്വം തൊഴിൽപരമായ തിരിച്ചടിയാകരുതെന്നു വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ തൊഴിലിടങ്ങളിലായി 2030-ഓടെ അഞ്ച് ലക്ഷം ശിശുപരിപാലന കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ദേശീയ ശിശുപരിപാലന അടിസ്ഥാന സൗകര്യ ദൗത്യം (National Childcare Infrastructure Mission) ആസൂത്രണം ചെയ്യുന്നുമുണ്ട്.
വർക്ക് ഫ്രം ഹോം സൗകര്യം, ജോലിഭാരത്തിൽ വേണ്ടവിധം ക്രമീകരണങ്ങൾ വരുത്തൽ എന്നിവയിലൂടെ തൊഴിലിടത്തിൽ കൂടുതൽ മികച്ചമാറ്റങ്ങൾ വരുത്തണമെന്നും കമ്മീഷൻ പറഞ്ഞു.
നിലവിലെ ആനുകൂല്യങ്ങൾക്ക് പുറത്തുള്ള അനൗദ്യോഗിക മേഖലയിലെ 90% വനിതാ തൊഴിലാളികൾക്കും പ്രസവാവധി, ശിശുപരിചരണ അവധി എന്നിവ കാര്യക്ഷമമായി നടപ്പാക്കണമെന്ന് നിർദ്ദേശിച്ച കമ്മീഷൻ, ശിശുപരിപാലനം എന്നത് മാതാപിതാക്കൾക്ക് ഒരുപോലെ അവകാശപ്പെട്ട ഒന്നായി മാറ്റാൻ അവധി, ക്രഷുകൾ, തൊഴിലിടങ്ങളിലെ സൗകര്യപ്രദമായ ക്രമീകരണങ്ങൾ എന്നിവ സഹായിക്കും എന്നാണ് അഭിപ്രായപ്പെടുന്നത്.