ഡെറാഡൂണിൽ നിന്നുള്ള ഡിസൈനറായ ഇളാ അനൂപാണ് ആരോപണം ഉന്നയിച്ചത്

ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനറാണ് സബ്യസാചി മുഖർജി. പല സെലിബ്രിറ്റികളും സബ്യസാചി രൂപകൽപ്പന ചെയ്ത വസ്ത്രം ധരിച്ചാണ് വേദികളിൽ തിളങ്ങാറ്. കാൻ ചലച്ചിത്രമേള, മെറ്റ് ഗാല തുടങ്ങിയ അന്താരാഷ്ട്ര ഇവന്റുകളിൽ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ബോളിവുഡ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നത് വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ സബ്യസാചിക്കെതിരെ ഡിസൈൻ മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.
അടുത്തിടെ സബ്യസാചി തന്റെ പുതിയ കളക്ഷൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സാരി എഡിറ്റ് എന്ന് പേരിട്ട ഈ കളക്ഷനിലെ സാരിക്കെതിരെയാണ് മോഷണ ആരോപണമുയർന്നത്. 3ഡി ബ്രൂച്ച് ഉള്ള കറുത്ത സാരിയാണ് ഇത്. ഡെറാഡൂണിൽ നിന്നുള്ള ഡിസൈനറായ ഇളാ അനൂപാണ് കോപ്പിയടി ആരോപണം ഉയർത്തിയത്. താൻ 2017-ൽ ഡിസൈൻ ചെയ്ത സാരിയുടെ അതേ ഡിസൈനാണ് സാരി എഡിറ്റിലുള്ളതെന്നാണ് ഇള പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സബ്യസാചിയുടെ പോസ്റ്റിൽ താനിട്ട കമന്റ് സബ്യസാചി ഹൈഡ് ചെയ്തതായും അവർ ആരോപിച്ചു.
'2017-ൽ ഒരു എക്‌സിബിഷന് വേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഞാൻ ഈ ബ്രൂച്ച് ഓർഗാൻസ സാരി ഡിസൈൻ ചെയ്യുന്നത്. അന്ന് മുതൽ ഈ ഡിസൈൻ കൂടുതൽ മികച്ചതാക്കാനുള്ള ജോലി ചെയ്യുകയാണ് ഞാൻ. കഴിഞ്ഞദിവസം ഇതേ പോലുള്ളൊരു സാരി നിങ്ങളുടെ പേജിൽ കണ്ടു. അതൊരു മനോഹരമായ യാദൃശ്ചികതയാണെന്ന് ഞാൻ പുഞ്ചിരിയോടെ കരുതി.' -ഇളാ അനൂപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിൽ പറഞ്ഞു.
'ആ പോസ്റ്റിൽ ഞാൻ, 'നിങ്ങളിലൂടെ ഈ ആശയങ്ങൾ കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തുന്നത് കാണുന്നത് വളരെ നല്ല കാര്യമാണ്' എന്ന് കമന്റ് ചെയ്തു. എന്നാൽ പിന്നീട് എന്റെ കമന്റ് ഹൈഡ് ചെയ്യപ്പെട്ടതായി ഞാൻ ശ്രദ്ധിച്ചു. ആ നിമിഷമാണ് 'എന്റെ കമന്റ് മറയ്ക്കുന്നത് വരെ' എന്ന കവിത ഞാൻ എഴുതുന്നത്.' -ഇള തുടർന്നു. പിന്നാലെ താനെഴുതിയ കവിതയും ഇള ആലപിച്ചു. 'സബ്യാ, എന്റെ കമന്റ് മറച്ചത് എന്തിനാണ്?' എന്ന ചോദ്യത്തോടെയാണ് ഇളയുടെ കവിത അവസാനിക്കുന്നത്.
ഇളയുടേയും സബ്യസാചിയുടേയും പോസ്റ്റുകളിൽ ഇളയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിട്ടത്. 'ഒരു ചെറിയ ഡിസൈനറിൽ നിന്ന് ആശയം മോഷ്ടിക്കുന്നതും അവർക്ക് ക്രെഡിറ്റ് നൽകാതിരിക്കുന്നതും നാണക്കേടാണ്' എന്നാണ് ഒരാൾ പറഞ്ഞത്. 'നിങ്ങൾ ചെയ്തത് ആരെങ്കിലും കോപ്പിയടിച്ചുവെങ്കിൽ അതിനർഥം നിങ്ങൾ ചെയ്തത് മികച്ചതാണ് എന്നാണ്' എന്ന് മറ്റൊരാൾ. 'സബ്യസാചി പോസ്റ്റ് ചെയ്ത ചിത്രത്തിലെ സാരിയുടെ ഡിസൈൻ ബാഷോ ബൈ ഇളയുടേതിൽ നിന്ന് എടുത്തതാണെന്ന് 100 ശതമാനം സംശയരഹിതമായി പറയാം' എന്നാണ് ഇനിയൊരാൾ കുറിച്ചത്.
ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റായിരുന്നു ഇളാ അനൂപ്. വ്യോമസേനയിലെ 10 വർഷത്തെ സേവനത്തിന് ശേഷമാണ് അവർ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞത്. 2018 ഡിസംബറിലാണ് അവർ തന്റെ ആദ്യത്തെ സ്‌റ്റോറായ ബാഷോ ബൈ ഇള ഡെറാഡൂണിൽ തുറന്നത്.
Content Highlights: Dehradun-based designer and former IAF pilot Ila Anoop has accused luxury couturier Sabyasachi Mukherjee of plagiarizing her 2017 3D brooch organza saree design for his recent collection. She further alleged that Sabyasachi hid her comments pointing out the similarity.
Published: 06 Jul 2026, 09:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented