ബോളിവുഡിലെ പ്രിയ താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ആരാധകരോടും സിനിമാ ലോകത്തോടും വിശേഷം ഔദ്യോഗികമായി അറിയിച്ചത്. കിയാരയുടെയും സിദ്ധാർഥിന്റെയും കൈകളിൽ ഒരു വെളുത്ത കുഞ്ഞുസോക്‌സ് പിടിച്ച സരായയുടെ കൈ വച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദമ്പതികൾ സോഷ്യൽ മീഡിയയിൽ സർപ്രൈസ് കുറിപ്പ് പങ്കുവെച്ചത്.'വീണ്ടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്‌നേഹത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു,' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

To advertise here,

2023 ഫെബ്രുവരി 7-ന് ജെയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വെച്ചായിരുന്നു കിയാരയുടെയും സിദ്ധാർത്ഥിന്റെയും വിവാഹം. 2025 ജൂലൈ 15-നാണ് ദമ്പതികൾക്ക് തങ്ങളുടെ ആദ്യ പെൺകുഞ്ഞായ സരായ ജനിക്കുന്നത്. മകൾക്ക് ഒരു വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ കുടുംബത്തിലേക്ക് അടുത്ത കുഞ്ഞു അതിഥി കൂടിയെത്തുന്നുവെന്ന വാർത്ത ഇരുവരും പുറത്തുവിട്ടിരിക്കുന്നത്.

വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇൻഡസ്ട്രിയിൽ നിന്നും വൻതോതിലുള്ള ആശംസ പ്രവാഹമാണ് താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരൺ ജോഹർ, മനീഷ് മൽഹോത്ര, റിയ കപൂർ, അതിയ ഷെട്ടി, പത്രലേഖ തുടങ്ങി നിരവധി പ്രമുഖ ബോളിവുഡ് താരങ്ങളും അണിയറപ്രവർത്തകരും ഇരുവർക്കും സ്‌നേഹവും മംഗള ആശംസകളും നേർന്നു.

ഷേർഷാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കിയാരയും സിദ്ധാർത്ഥും പ്രണയത്തിലാകുന്നത്. യഷ് നായകനായ ടോക്‌സിക്കിലാണ് കിയാര ഒടുവിൽ അഭിനയിച്ചത്.