സംസ്‌കാരവും പാരമ്പര്യവും ഒരു സ്ത്രീയുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്, അല്ലാതെ അവള് ധരിക്കുന്ന വസ്ത്രത്തിന്റെ കഴുത്തിലല്ല

വിവാദങ്ങൾക്ക് വഴിവെച്ച രക്ഷാബന്ധൻ പരസ്യത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടായ മാധ്യമ ചർച്ചകളെക്കുറിച്ചും തുറന്നുപറഞ്ഞ് ബോളിവുഡ് നടി കൃതി സനൺ. ഒരു ആഭരണ ബ്രാൻഡിന്റെ
രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ ധരിച്ച വസ്ത്രത്തെ ചൊല്ലി ടെലിവിഷൻ ചാനലുകളിൽ മണിക്കൂറുകളോളം ചർച്ചകൾ വരെ നടന്ന സംഭവത്തെ അമ്പരപ്പോടെയും അത്ഭുതത്തോടെയുമാണ് നടി ഓർത്തെടുക്കുന്നത്. നടി കരീന കപൂർ ഖാൻ അവതാരകയായ പ്രശസ്ത ടോക് ഷോയിലാണ് കൃതി സനൻ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. പരസ്യ വിവാദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൃതി.’ പ്രൈംടൈം ന്യൂസിൽ ആറുപേരുടെ പാനൽ എന്‍റെ ചോളിയെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പോലുമായില്ല’ എന്നായിരുന്നു കൃതി പറഞ്ഞത്.
കഴിഞ്ഞ രക്ഷാബന്ധൻ സമയത്താണ് കൃതി അഭിനയിച്ച പരസ്യ ചിത്രം പുറത്തിറങ്ങിയത്. പരസ്യത്തിൽ ഇൻഡോ-വെസ്റ്റേൺ ശൈലിയിലുള്ള വസ്ത്രമാണ് കൃതി ധരിച്ചിരുന്നത്. ഓഫ്-വൈറ്റ് ബ്രാലെറ്റ് ശൈലിയിലുള്ള ബ്ലൗസും ഡ്രേപ്പ് ചെയ്ത സ്‌കർട്ടും കേപ്പും അടങ്ങിയതായിരുന്നു ഈ വേഷം. എന്നാൽ ഈ വസ്ത്രധാരണം ഭാരതീയ സംസ്‌കാരത്തിനും പരമ്പരാഗത ഉത്സവ രീതികൾക്കും നിരക്കാത്തതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ നടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
വസ്ത്രത്തിന് പുറമെ പരസ്യത്തിലെ മറ്റൊരു രംഗവും വിവാദത്തിന് തീ പകർന്നു. തന്റെ സഹോദരിക്ക് പുറമെ സ്വന്തം വളർത്തുനായയ്ക്കും കൃതി റാഖി കെട്ടിക്കൊടുക്കുന്ന രംഗം പരസ്യത്തിലുണ്ടായിരുന്നു. 'മൃഗങ്ങൾക്ക് എന്തടിസ്ഥാനത്തിലാണ് രാഖി കെട്ടുന്നത്' എന്ന് ചോദിച്ച് പലരും ഇതിനെ കളിയാക്കുകയും ട്രോളുകയും ചെയ്തു. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തും വിഷയത്തിൽ ഇടപെട്ടു. 'ആരെങ്കിലും അടിവസ്ത്രം ധരിച്ച് രാഖി കെട്ടുമോ' എന്ന് കങ്കണ ചോദിക്കുകയും ചെയ്തു. വിമർശനങ്ങൾ അതിരുകടന്നതോടെ നിർമാതാക്കൾക്ക് ഒടുവിൽ പരസ്യ ചിത്രം തിരിച്ചുവിളിക്കേണ്ടി വന്നു.
വിവാദങ്ങൾ ഉയർന്ന സമയത്ത് തന്നെ ശക്തവും വ്യക്തവുമായ നിലപാടുകളോടെ കൃതി സനൺ ഇൻസ്റ്റാഗ്രാമിലൂടെ അതിന് മറുപടി നൽകി. സംസ്‌കാരം നിലനിൽക്കുന്നത് ഹൃദയത്തിലാണ്, ബ്ലൗസിന്റെ കഴുത്തിന്റെ ഇറക്കത്തിലല്ല എന്നായിരുന്നു കൃതിയുടെ മറുപടി. വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ നിരന്തരം വിചാരണ ചെയ്യുന്ന ആൺകോയ്മ മനോഭാവത്തെ നടി രൂക്ഷമായി വിമർശിച്ചു.'ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സത്ത നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിലല്ല, മറിച്ച് ആ പരമ്പരാഗത ആചാരങ്ങളോട് നിങ്ങൾ പുലർത്തുന്ന വികാരങ്ങളിലും നൽകുന്ന അർത്ഥത്തിലുമാണ് ഇരിക്കുന്നത്. രക്ഷാബന്ധൻ എന്നത് സംരക്ഷണത്തിന്റെ പവിത്രമായ ബന്ധമാണ്. ഞാനും എന്റെ സഹോദരിയും പരസ്പരം രാഖി കെട്ടാറുണ്ട്. ഒരു സഹോദരന് നൽകാൻ കഴിയുന്ന അത്രയും സംരക്ഷണം ഞങ്ങൾക്കും പരസ്പരം നൽകാൻ സാധിക്കും. ഞങ്ങൾ പരസ്പരം ആരോഗ്യത്തിനും സന്തോഷത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിക്കുന്നു; ഞങ്ങളെ സംബന്ധിച്ച് ഈ പ്രാർത്ഥന ഞങ്ങളുടെ വളർത്തുമൃഗങ്ങൾക്കും ബാധകമാണ്! കാരണം അവരും ഞങ്ങളുടെ കുടുംബാംഗങ്ങളാണ്.എപ്പോഴാണ് സ്ത്രീകൾ എന്താണ് ധരിക്കേണ്ടതെന്ന് നിർദ്ദേശിക്കുന്നത് അവസാനിപ്പിക്കുക? വർഷങ്ങൾ കൊണ്ട് ഫാഷൻ മാറിയിട്ടുണ്ട്. ഇന്നും ഒരു സ്ത്രീ സംസ്‌കാരത്തോടുള്ള ആദരിക്കുന്നത് അവൾ ധരിക്കുന്ന വസ്ത്രം നോക്കിയാണ് മനസ്സിലാക്കുന്നത്. സംസ്‌കാരവും പാരമ്പര്യവും ഒരു സ്ത്രീയുടെ ഹൃദയത്തിലാണ് ഇരിക്കുന്നത്, അല്ലാതെ അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ കഴുത്തിലല്ല.'
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കൃതി സനൺ, മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്വാധീനം ഉറപ്പിച്ച അഭിനേത്രിയാണ്. ഷാഹിദ് കപൂർ, രാഷ്മിക മന്ദാന എന്നിവർക്കൊപ്പം കൃതി പ്രധാന വേഷത്തിലെത്തിയ റൊമാന്റിക് കോമഡി-ഡ്രാമ ചിത്രം കോക്ടെയിൽ 2 തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും വലിയ വിജയമാണ് കൈവരിച്ചത്.
Content Highlights: Bollywood actress Kriti Sanon defends her appearance in a raksha bandhan ad, addressing the cultural criticism and media backlash it received.
Published: 07 Oct 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented