സൗന്ദര്യത്തെയും പ്രായമാകലിനെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളേക്കാള് പ്രധാനം സ്വന്തം ശാരീരിക-മാനസിക ആരോഗ്യവും സ്വയം സ്വീകരിക്കാനുള്ള മനസ്സുമാണെന്ന് നീന പറയുന്നു.

വിവാഹവും പ്രായവും സിനിമയിലെ സ്ത്രീകളുടെ വളർച്ചയെ സ്വാധീനിക്കുന്നതിനെക്കുറിച്ച് തുറന്നുസംസാരിച്ച് ബോളിവുഡ് താരം നീന ഗുപ്ത. പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലും, കരിയറിലെ വിവിധ ഘട്ടങ്ങളെ തരണം ചെയ്യുന്നതിലും മുൻനിര നടിമാർ നടത്തുന്ന ഇടപെടലുകൾ വലിയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നതെന്ന് നീന പറഞ്ഞു. വിവാഹത്തിനും അമ്മയാകുന്നതിനും ശേഷം നായികമാരുടെ കരിയർ അവസാനിക്കുന്നു എന്ന പഴയകാല സങ്കൽപ്പങ്ങൾ മാറിമറിഞ്ഞതായി നീന ചൂണ്ടിക്കാണിച്ചു. മുൻകാലങ്ങളിൽ വിവാഹശേഷം സ്ത്രീകൾ കരിയറിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായിരുന്നെങ്കിൽ, ഇന്ന് കരീന കപൂർ, ദീപിക പദുകോൺ തുടങ്ങിയ പ്രമുഖ താരങ്ങൾ വിവാഹത്തിനും പ്രസവത്തിന് ശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്നത് അഭിനന്ദനാർഹമാണ്. ഇത് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനവും മേഖലയിൽ ഉണ്ടാകേണ്ട സ്വാഭാവികമായ മാറ്റവുമാണെന്ന് നീന പറഞ്ഞു.
'കരീനയുടെ കാര്യത്തിലും ദീപികയുടെ കാര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്. അവർ ജോലി ചെയ്യുന്നു, അവർക്ക് രണ്ടാമത് ഒരു കുട്ടിയുണ്ടാകുന്നു. കിയാരയെ നോക്കൂ.. പെൺകുട്ടികൾ പഴയ സങ്കല്പങ്ങൾ തിരുത്തുകയാണ്. വിവാഹം കഴിഞ്ഞാൽ കരിയർ കഴിഞ്ഞു എന്നുപറയുന്നത് ഇവർ മാറ്റിയെടുത്തു. പ്രസവം കഴിഞ്ഞ് ശരീരം സംരക്ഷിച്ച് അവർ വീണ്ടും ജോലി തുടങ്ങുന്നു. അവരുടെ ഭർത്താക്കന്മാരും അതിന് അവരെ പിന്തുണയ്ക്കുന്നു. മസാബയോട് ഞാൻ പറഞ്ഞു. ദീപികയെ നോക്കൂ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അവൾ രണ്ടാമതും ഗർഭിണിയാകുന്നത്.' നീന പറയുന്നു.
സ്ത്രീശരീരങ്ങൾക്ക് മേലുള്ള അനാവശ്യ നിരീക്ഷണങ്ങളെയും വിമർശനങ്ങളെയും കുറിച്ചും നീന ഗുപ്ത തുറന്നു സംസാരിക്കുന്നുണ്ട്. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ശരീര അധിക്ഷേപങ്ങളെക്കുറിച്ചും എന്നാൽ അത് തന്റെ ആത്മവിശ്വാസത്തെ ബാധിക്കാതിരുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും ശരീരപ്രകൃതിയുടെ പേരിലും വിമർശനങ്ങൾ നേരിടേണ്ടി വരുന്നവർക്ക് ശക്തമായ സന്ദേശമാണ് നടി നൽകുന്നത്. ഞാൻ എന്തിനാണ് ഷോർട്ട്‌സ് ധരിക്കുന്നതെന്ന് ആളുകൾ ചോദിക്കുമായിരുന്നു, എന്റെ മെലിഞ്ഞ കാലുകളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുമായിരുന്നു. ആയിരം കമന്റുകളിൽ, മൂന്ന് പേർ മാത്രമാണ് മോശമായി എന്തെങ്കിലും പറയുന്നതെങ്കിൽ, നമ്മൾ എന്തിന് അതിനെക്കുറിച്ച് ആകുലപ്പെടണം? നമ്മൾ അറിയുകപോലും ചെയ്യാത്ത ആ ആളുകളുടെ അഭിപ്രായങ്ങൾക്ക് എന്ത് പ്രാധാന്യമാണുള്ളത്?' എന്ന് അവർ ചോദിക്കുന്നു. മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയട്ടെ എന്ന നിലപാടാണ് എന്നും തനിക്കുള്ളത്. സൗന്ദര്യത്തെയും പ്രായമാകലിനെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളേക്കാൾ പ്രധാനം സ്വന്തം ശാരീരിക-മാനസിക ആരോഗ്യവും സ്വയം സ്വീകരിക്കാനുള്ള മനസ്സുമാണെന്ന് നീന പറയുന്നു.
Published: 14 Sept 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented