ഡേറ്റിങ് ട്രെന്ഡുകളില് അനുദിനം മാറ്റങ്ങള് വന്നുകൊണ്ടിരിക്കുകയാണ്. ഡേറ്റിങ് ആപ്പുകള് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്ധനവുണ്ടായിരിക്കുന്നു. കലിപ്പനും കലിപ്പന്റെ കാന്താരിയുമൊക്കെ ഔട്ട് ഓഫ് ഫാഷനായിരിക്കുന്നു. പരസ്പരം മനസ്സിലാക്കാനും പങ്കാളിയ്ക്ക് അവരുടേതായ സ്പേസ് വിട്ടുനല്കാനുമൊക്കെ ഇന്നത്തെ കാമുകീകാമുകന്മാര് മനഃപൂര്വ്വമായി ശ്രദ്ധചെലുത്തുന്ന ട്രെന്ഡുകളാണ് ഡേറ്റിങ്ങിലിപ്പോള് അധികമായി കണ്ടുവരുന്നത്. നാറ്റോ (നോട്ട് അറ്റാച്ച്ഡ് ടു എനി ഔട്ട്കം-NATO) എന്ന തരത്തിലുള്ള മാനസികാവസ്ഥയാണ് പ്രണയബന്ധങ്ങളിലെ പുതിയൊരു ട്രെന്ഡ്. ബന്ധത്തിന്റെ ഭാവിനാളുകളെ കുറിച്ച് ആശങ്കപ്പെടാതെ നിലവില് എത്രത്തോളം സ്നേഹത്തോടെയും സന്തോഷത്തോടെയുമിരിക്കാമെന്നാണ് നാറ്റോ ഡേറ്റിങ്ങിന്റെ പ്രധാനപ്രത്യേകത.
ദീര്ഘകാലത്തേക്കുള്ള പ്രതീക്ഷകളോ വാഗ്ദാനങ്ങളോ നാറ്റോ ഡേറ്റിങ്ങിലില്ല. പങ്കാളികള്ക്കിടയിലുള്ള പരസ്പരബന്ധം സ്വാഭാവികമായി വികസിക്കുന്നതിനും അത് ഇടപെടലുകളില്ലാതെ ഊട്ടിയുറപ്പിക്കുന്നതിനുമാണ് അനുവദിക്കുന്നത്. ഇപ്പോള് ഈ നിമിഷം രണ്ടുപേരും അവര്ക്കിടയിലെ ബന്ധം ഏറ്റവും നന്നായി ആസ്വദിക്കുകയും ആനന്ദത്തോടെയിരിക്കാന് ശ്രമിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ വികസനം, സ്വയം കണ്ടെത്തല്, വൈകാരികസൗഖ്യം എന്നീ ഘടകങ്ങള്ക്ക് പ്രാഥമികപരിഗണന നല്കുന്ന പുതുതലമുറ പ്രണയികളുടെ- പ്രത്യേകിച്ച് ജെന് സി, മില്ലെന്നിയല് തുടങ്ങിയ തലമുറയിലെ വ്യക്തികളുടെ സാമൂഹിക കാഴ്ചപ്പാടിലുണ്ടായിട്ടുള്ള മാറ്റം ഡേറ്റിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. വിവാഹം, കുട്ടികള് തുടങ്ങിയ പഴഞ്ചന് പ്രണയലക്ഷ്യത്തില് നിന്ന് പുതുതലമുറ വ്യതിചലിച്ചിരിക്കുന്നു. സമ്മര്ദത്തില് പെടാനോ പെടുത്താനോ ഒരുമ്പെടാതെ പങ്കാളിയുടെ താല്പര്യങ്ങളെ അംഗീകരിക്കാനും പിന്തുണയ്ക്കാനുമാണ് നാറ്റോ ഡേറ്റിങ് പ്രാധാന്യം നല്കുന്നത്. ഇത് പരസ്പരമുള്ള വിശ്വാസവും സ്നേഹവും പരിപോഷിപ്പിക്കുകയും ബന്ധം കൂടുതല് ശക്തമാക്കുകയും ചെയ്യുന്നു.
വിവാഹത്തിലേക്കെത്തണമെന്ന സമ്മര്ദം നാറ്റോ ഡേറ്റിങ്ങിലുള്ള പങ്കാളികളെ അലട്ടുന്നില്ല. സ്വന്തം വികാരങ്ങളേയും ചിന്തകളേയും കുറിച്ച് തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഈ ബന്ധത്തിലുണ്ട്. പ്രണയബന്ധത്തിനൊപ്പം വ്യക്തിപരമായ വികസനവും ഇതില് സാധ്യമാകുന്നുവെന്നതും മെച്ചമായി കാണക്കാക്കുന്നു. എന്നാല് തുറന്ന സംസാരത്തിന്റെ അഭാവം ഇത്തരം ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല എല്ലാ ദിവസവും ഒരേ രീതിയിലുള്ള പെരുമാറ്റവും സംസാരവും തുടരുന്നില്ലെങ്കിലും ബന്ധത്തില് വിള്ളലുണ്ടാകാം. കാരണം ഇപ്പോഴത്തെ സന്തോഷമോ സ്നേഹമോ മാത്രമാണ് നാറ്റോ ബന്ധത്തില് പ്രാഥമികമായി കടന്നുവരുന്നത്. ബന്ധത്തിന്റെ ഭാവിയെ കുറിച്ച് അമിതമായി പ്രധാന്യം നല്കാത്തതിനാല് ദീര്ഘകാലബന്ധത്തിനുള്ള സാധ്യത കുറഞ്ഞേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആഴത്തിലുള്ള പരസ്പരധാരണയും പരസ്പരം അനുവദിക്കുന്ന സ്വാതന്ത്ര്യവും ബന്ധത്തിലെ നേട്ടങ്ങളാണ്. അതേ ധാരണയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാനാകുന്നെങ്കില് നാറ്റോ ഡേറ്റിങ് ഏറെക്കാലം പങ്കാളികള്ക്ക് സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാം. പരസ്പരസ്നേഹവും വിശ്വാസവും ബഹുമാനവുമാണല്ലോ ഏതൊരു ബന്ധത്തേയും നിലനിര്ത്തുന്നത്. നാറ്റോ ഡേറ്റിങ്ങിന്റെ ഏറ്റവും വലിയ നേട്ടവും അതുതന്നെയാണ്.
Content Highlights: Explore the rising trend of NATO dating – focusing on present happiness & individual growth
Published: 14 Mar 2025, 09:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented