പ്രായം അറുപതു കഴിഞ്ഞെങ്കിലും ഇപ്പോഴും യുവാക്കളെ വെല്ലുന്ന ഊർജസ്വലതയാണ് ബിടൗൺ താരം നീന ​ഗുപ്തയ്ക്ക്. വീട്ടുവിശേഷങ്ങളും മകളും ഫാഷൻ ഡിസൈനറുമായ മസാബ ​ഗുപ്തയെക്കുറിച്ചുമൊക്കെ നീന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നുവെന്ന് മകളോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് നീന. 

To advertise here,

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നീന ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് മെഹ്റയെ വിവാഹം കഴിക്കുന്ന കാര്യം മസാബയോട് പറഞ്ഞതിനെക്കുറിച്ചാണ് നീന മനസ്സുതുറന്നത്. മസാബയ്ക്ക് പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് നീന വിവേക് മെഹ് റയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

എട്ടു പത്തു വർഷത്തോളം വിവേകുമായി പ്രണയിച്ചതിനുശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. ഞാൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് മസാബയോട് പറഞ്ഞപ്പോൾ എന്തിനാണ് എന്നാണ് അവൾ മറുപടി പറഞ്ഞത്. ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ വിവാഹം കഴിക്കുക എന്നത് പ്രധാനമാണെന്നും അല്ലെങ്കിൽ ബഹുമാനം ലഭിക്കില്ലെന്നുമാണ് ഞാൻ അവൾക്ക് മറുപടി നൽകിയത്. - നീന പറയുന്നു. 

വിഷയം മകളോട് അവതരിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നിയെന്നും നീന പറയുന്നു. മസാബ തന്നെ മനസ്സിലാക്കി. അമ്മയുടെ സന്തോഷത്തിനുവേണ്ടി തനിക്കിഷ്ടമുള്ളതായാലും അല്ലെങ്കിലും എന്തും ചെയ്യാൻ തയ്യാറുള്ള മകളാണ് മസാബയെന്നും നീന പറയുന്നു. 

നേരത്തെ സ്ത്രീകൾക്ക് ജോലി വേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നീന പങ്കുവച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. വിവാഹശേഷം ജോലി ഉപേക്ഷിച്ചതോടെ  മകളും ഭർത്താവും ഉൾപ്പെടെ തന്നെ അവരവരുടെ കാര്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതായി തോന്നി. എന്തോ ഒന്നിന്റെ കുറവ് അനുഭവപ്പെട്ടിരുന്നു, ബഹുമാനം കുറഞ്ഞിരുന്നു. ആയിടയ്ക്ക് സംഭവിച്ച ഇപ്പോൾ തുറന്നുപറയാനാവാത്ത ഒരുകാര്യം തന്നെ വീണ്ടും ജോലിക്കു പോവാൻ പ്രേരിപ്പിച്ചു. ജോലി വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് വളരെ എളുപ്പമായിരുന്നു. പക്ഷേ അപ്പോഴാണ് ജോലിയില്ലാതെ ബഹുമാനം ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതെന്നും നീന പറഞ്ഞിരുന്നു.

മുൻ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്സിൽ നീനയ്ക്കുണ്ടായ പുത്രിയാണ് മസാബ. പിന്നീട് ഇരുവരും പിരിയുകയും വിവിയൻ മിറിയത്തേയും നീന വിവേക് മെഹ്റയെയും വിവാഹം കഴിക്കുകയായിരുന്നു. 

Content Highlights: Masaba's Reaction When Neena Gupta Told Her She Was Getting Married