
കൊച്ചി: തൂഫാൻ ഉൾപ്പെടെ ജനകീയ കാംപെയ്നുമായി ആഭ്യന്തരവകുപ്പ് മുഖംമിനുക്കുമ്പോൾ ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ പോലീസിന് ക്ഷീണമായി. ഇതേത്തുടർന്നാണ് നടപടി നാല് പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലൊതുക്കാതെ സിറ്റി പോലീസ് കമ്മിഷണറിലേക്കും നീണ്ടത്.
പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ തുറന്നു സമ്മതിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേസിന്റെ തുടക്കത്തിൽ പോലീസിനുണ്ടായ വീഴ്ച വിവാദമായതോടെ, തുടർനടപടികൾ ശക്തമാക്കി ക്ഷീണം മാറ്റാനാണ് അഭ്യന്തരവകുപ്പ് ശ്രമിച്ചത്. എന്നാൽ മേലധികാരികൾ നിർദേശിച്ചപോലെ തുടർനടപടികളും കാര്യക്ഷമമായില്ല.
പ്രതി ജഡ്ജിയുടെ മകനായ സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മർദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സിറ്റി പോലീസ് കമ്മിഷണർ ശക്തമായ ഇടപെടൽ നടത്തേണ്ടിയിരുന്നുവെന്നാണ് അഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ.
ഇക്കാര്യത്തിൽ കാളിരാജ് മഹേഷ് കുമാറിനു വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ആദ്യം കേസെടുത്തത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. പി. വിജയനും റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചത് പോലീസിന്റെ ഒത്തുകളിയാണെന്ന് വിമർശനം ഉയരുകയും ഇത് നിയമസഭാ സമ്മേളനം നടക്കുമ്പോൾ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷണർക്കെതിരേയും നടപടി വന്നത്.
ജഡ്ജിയുടെ ഫ്ലാറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ മായ്ക്കാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച രാവിലെതന്നെ പരിശോധന നടത്താനായിരുന്നു എ.ഡി.ജി.പി. നിർദേശിച്ചത്. ഇതിന് ഹൈക്കോടതി നിർദേശം ലഭിക്കണമെന്ന ആവശ്യത്തിൽ കമ്മിഷണർ ഉറച്ചുനിന്നുവെന്നാണ് വിവരം. തുടർന്ന് അനുമതികിട്ടി രാത്രി 10-മണിയോടെയാണ് പരിശോധന ആരംഭിക്കാനായത്. ഇൗ നടപടി സേനയ്ക്കുള്ളിൽ വിവാദമായി.
അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം സ്റ്റേഷനുമുൻപിൽ പ്രതിഷേധിക്കുമ്പോൾ കമ്മിഷണറുമായി സംസാരിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചെങ്കിലും പകരം ഡി.സി.പി.യാണ് പോയത്. അതേസമയം പ്രശ്നം രൂക്ഷമാതോടെ എ.ഡി.ജി.പി. പി. വിജയൻ നേരിട്ട് സ്റ്റേഷനിലെത്തുകയും മരിച്ചയാളുടെ കുടുംബാംഗങ്ങളെ കാണുകയും ചെയ്തിരുന്നു.
കാളിരാജ് മഹേഷ് കുമാറിനെ സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ഒരു കാരണം മാത്രമാണ് ചേരാനല്ലൂർ അപകടമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ സിറ്റിയിൽ പോലീസിന് നേരേയും നിരവധി ആക്രമണ സംഭവങ്ങൾ ഉണ്ടായി. ലഹരിസംഘം പോലീസിനെ ആക്രമിച്ചിരുന്നു. നടുറോഡിൽ കാർയാത്രക്കാരനെ തടഞ്ഞ ബസ് ക്ലീനറെ അറസ്റ്റ് ചെയ്യാൻ പോയ എ.എസ്.ഐ.ക്ക് നേരേയും ആക്രമണമുണ്ടായി. വഴിതടഞ്ഞതിനുമാത്രം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചത് വിവാദമായപ്പോൾ പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ഏർപ്പെടുത്തിയ എറണാകുളം കടവുംഭാഗം സിനഗോഗിന് തീയിട്ട സംഭവവും സുരക്ഷാവീഴ്ചയായിരുന്നു. സംഭവത്തിൽ സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
Content Highlights: Kochi City Police Commissioner action taken following Cheranalloor accident lapses., Home Minister admitted police failure in the state assembly., Intelligence report highlighted failures in handling the judge's son case., Multiple recent security lapses and attacks on police added to the commissioner's removal.
Published: 29 Oct 2026, 09:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented