ജെറുസലേം: ലോകസമാധാനത്തിലും പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുന്നതിലും നിർണായകമായ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതോടെ സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായി.

To advertise here,

90.5 ശതമാനം വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ-അതിയാഥാസ്ഥിതിക സഖ്യം 53 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ചേരി 48 സീറ്റുകളിലാണ് മുന്നേറുന്നത്.

19 സീറ്റുകളിൽ ലീഡ് നേടി അറബ് പാർട്ടികൾ നിർണായക ശക്തിയായി മാറുകയും ചെയ്തു. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ 120 സീറ്റിൽ 61 സീറ്റാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. നവംബർ നാലിനേ ഔദ്യോഗിക ഫലം പുറത്തുവരൂ. ശേഷം പ്രസിഡന്റ് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ട പാർട്ടികളുടെ പ്രതിനിധികളുമായി കൂടിയാലോചന നടത്തും.

പിന്നാലെ സർക്കാരുണ്ടാക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പാർലമെന്റ് അംഗത്തെ ക്ഷണിക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെത്തന്നെ തിരഞ്ഞെടുക്കണമെന്ന നിർബന്ധം പ്രസിഡന്റിനില്ല. ഇസ്രയേലിന്റെ ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ രാജ്യം മുഴുവൻ ഒരു മണ്ഡലമായാണ് കണക്കാക്കുന്നത്.

വോട്ടർമാർ വ്യക്തികളെക്കാൾ പാർട്ടികൾക്കാണ് വോട്ട് ചെയ്യുന്നത്. സാധുവായ വോട്ടുകളുടെ കുറഞ്ഞത് 3.25 ശതമാനം നേടുന്ന പാർട്ടികൾക്കേ നെസറ്റിൽ സീറ്റു കിട്ടൂ.

ആവർത്തിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി

ഇസ്രയേലിൽ സഖ്യസർക്കാരുകൾ രൂപവത്കരിക്കുന്നതിലെ പ്രതിസന്ധി പുതിയതല്ല. 2019 ഏപ്രിൽ മുതൽ 2022 നവംബർ വരെ രാജ്യം അഞ്ച് തിരഞ്ഞെടുപ്പുകൾ നേരിട്ടു. നെതന്യാഹുവിന്റെ നേതൃത്വത്തെക്കുറിച്ചും സർക്കാർ സഖ്യത്തിന്റെ ഘടനയെക്കുറിച്ചുമുള്ള തർക്കങ്ങളായിരുന്നു പ്രധാന കാരണം.

2020-ൽ നെതന്യാഹുവും മുൻ സൈനികമേധാവി ബെന്നി ഗാൻസും അധികാരം പങ്കിടാനുള്ള കരാറിലെത്തിയിരുന്നു. അതുപ്രകാരം നിശ്ചിത കാലയളവിനുശേഷം ഗാൻസ് പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ, സമയപരിധിക്കുള്ളിൽ ബജറ്റ് പാസാക്കാൻ കഴിയാതിരുന്നതോടെ സർക്കാർ തകർന്നു; തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു.

ഇനി എണ്ണാനുള്ളത്

90 ശതമാനം വോട്ടുകൾ എണ്ണി തീർന്നു. ഇനി പ്രധാനമായും എണ്ണാനുള്ളത് 'ഡബിൾ എൻവലപ്പ്'' വോട്ടുകളാണെന്ന് ഇസ്രയേൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഐ.ഡി.എഫ് സൈനികർ, തടവുകാർ, മെഡിക്കൽ ജീവനക്കാർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, വിദേശത്തുള്ള ഇസ്രായേൽ പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള പോസ്റ്റൽ വോട്ടുകളോ പ്രത്യേക വോട്ടുകളോ രേഖപ്പെടുത്തിയവരെയാണ് ഡബിൾ എൻവലപ്പുകളെന്ന് പറയുന്നത്. എന്നാൽ ഇതിനൊപ്പം തന്നെ ഇനിയും സാധാരണ വോട്ടുകളും എണ്ണി തീർക്കാനുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.

ഇനി എന്ത്? മൂന്ന് സാധ്യതകൾ

  • പ്രതിപക്ഷവും അറബ് പാർട്ടികളും ഒന്നിക്കുന്നു; പ്രതിപക്ഷ സഖ്യവും അറബ് പാർട്ടികളും തമ്മിൽ ധാരണയുണ്ടായാൽ നെതന്യാഹുവിനെ മാറ്റാനുള്ള ഭൂരിപക്ഷം രൂപപ്പെടാം
  • നെതന്യാഹു പുതിയ സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നു; ലികുഡിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ, മതയാധിഷ്ഠിത പാർട്ടികളുമായി ചർച്ച നടത്തി 61 സീറ്റുകൾ ഉറപ്പാക്കാൻ നെതന്യാഹുവിൻ ശ്രമിക്കാം
  • ഐക്യസർക്കാരോ വീണ്ടും തിരഞ്ഞെടുപ്പോ...നെതന്യാഹുവും ഐസൻകോട്ടും ഉൾപ്പെടുന്ന ദേശീയ ഐക്യസർക്കാരിനുള്ള സാധ്യത. എന്നാൽ അതിന് രാഷ്ട്രീയ എതിർപ്പുകളുണ്ട്.
  • സർക്കാർ രൂപവത്കരണ ശ്രമങ്ങൾ പരാജയപ്പെട്ടാൽ നിയമപരമായ നടപടിക്രമങ്ങൾക്കുശേഷം രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം. സർക്കാരുണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന ആദ്യ സ്ഥാനാർഥിക്ക് 28 ദിവസമാണ് സമയം. ആവശ്യപ്പെട്ടാൽ പ്രസിഡന്റിന് 14 ദിവസം കൂടി അനുവദിക്കാം. ആദ്യ ശ്രമം പരാജയപ്പെട്ടാൽ മറ്റൊരു പാർലമെന്റ് അംഗത്തിന് അവസരം നൽകാം. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുതിയ തിരഞ്ഞെടുപ്പ്. അതുവരെ നെതന്യാഹുവിന് കാവൽ പ്രധാനമന്ത്രിയായി തുടരേണ്ടിവരും.