രസ്പരം പ്രണയമുണ്ടായിട്ടും, അടങ്ങാത്ത ആഗ്രഹങ്ങളുണ്ടായിട്ടും പല ദാമ്പത്യ ബന്ധങ്ങളും എന്തായിരിക്കും പകുതിവഴിയിൽ തകരാനുള്ള കാരണം? ബോളിവുഡിൽ തരംഗമായ 'ലസ്റ്റ് സ്റ്റോറീസ് 3' എന്ന ചിത്രം പങ്കുവെക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. പ്രത്യേകിച്ച്, ആന്തോളജിയിലെ ഏറ്റവും മികച്ച പ്രമേയമെന്ന് വിശേഷിപ്പിക്കാവുന്ന ശകുൻ ബത്ര സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസിലെ മൂന്നാമത്തെ ചാപ്റ്റർ. ആന്തോളജിയിലെ ഏറ്റവും ഗൗരവമേറിയ, യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ചാപ്റ്റർ.

To advertise here,

വിവാഹമോചനം ലഭിക്കുന്നതിന് മുൻപുള്ള കോടതി നിർദേശപ്രകാരമുള്ള ആറുമാസത്തെ ഇടവേളയിലൂടെ കടന്നുപോകുന്ന ദമ്പതിമാരാണ് അലി ഫസലും രാധിക മദനും അവതരിപ്പിക്കുന്ന വരുണും സൈലിയും. 2019ൽ കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായവർ. പക്ഷെ ഇപ്പോഴവർ സംസാരിച്ചുതുടങ്ങിയാൽ പരസ്പരം വിഷംചീറ്റുന്ന സർപ്പങ്ങളാണ്. പലപ്പോഴും ആ സീൽക്കാരങ്ങൾ ചെന്നവസാനിക്കുന്നതോ കിടപ്പറയിലും. ശാരീരികമായി പരസ്പരം പൂർണതയിലേക്കെത്തുമ്പോഴും അവർ പരസ്പരം കലഹിച്ചുകൊണ്ടേയിരിക്കും. എന്തായിരിക്കും കാരണം? മുറിവേറ്റ മനസ്സിനെ സുഖപ്പെടുത്തുന്നതിനേക്കാൾ എളുപ്പമാണ് ശരീരത്തെ തൃപ്തിപ്പെടുത്തുക എന്നുള്ളത്.

സെയ്ലി ആഗ്രഹിക്കുന്നത് പങ്കാളിയിൽ നിന്നുള്ള വൈകാരികമായ സാമീപ്യവും സംസാരവുമാണ്. എന്നാൽ കഠിനാധ്വാനം ചെയ്ത് കുടുംബത്തിന് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതാണ് യഥാർത്ഥ സ്നേഹം എന്ന് വരുൺ വിശ്വസിക്കുന്നു. ഇതിനെല്ലാം പുറമേ ഇരുവരുടെയും തകർന്ന ബന്ധത്തിനിടയിലേക്ക് വരുണിന്റെ അമ്മ നടത്തുന്ന അനാവശ്യ ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. പക്ഷെ യഥാർഥ വില്ലൻ ഇവരാരുമല്ല..തനിക്കെന്താണ് വേണ്ടതെന്ന്, തനിക്കെന്താണ് ഇല്ലാതാകുന്നതെന്ന്, താൻ കടന്നുപോകുന്ന സങ്കീർണതകളെന്താണെന്ന് പരസ്പരം സംസാരിക്കാൻ ഇവർക്ക് കഴിയാതെ വരുന്നതാണ്. അവരുടെ ബന്ധത്തിനിടയിലെ ആ വിടവുകളാണ് കൗൺസിലറായി എത്തുന്ന രജത് കപൂറിന്റെ കഥാപാത്രം കൃത്യമായി ചൂണ്ടിക്കാണിക്കുന്നത്.

എത്ര ശ്രമിച്ചിട്ടും അവർക്കിടയിലെ അകലം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. അങ്ങനെയാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് അവരെത്തുന്നത്. എന്നാൽ, വിവാഹജീവിതത്തേക്കാൾ മനോഹരമായി അവരുടെ വിവാഹമോചനത്തിനിടയിലെ ആ ഇടവേള അവർ മുന്നോട്ടുപോവുകയാണ്. സംസാരിച്ച് മുറിവേൽക്കുമ്പോഴെല്ലാം അവർ ആശ്വാസം കണ്ടെത്തുന്നത് നിരന്തരം ശാരീരികബന്ധത്തിലേർപ്പെട്ടുകൊണ്ടാണ്. അവർക്കിടയിൽ വരുന്ന ഓഫീസ് കോളുകളുകളെയും വരുണിന്റെ അമ്മയെയും അഭിഭാഷകരെയും അവഗണിച്ച് ഒടുവിൽ അവർ പരസ്പരം മനസ്സുതുറക്കുന്നുണ്ട്. അപ്പോഴാണ് ഇടയിൽ ഇല്ലാതെ പോയത് പരസ്പരമുള്ള തുറന്നുപറച്ചിലുകളാണെന്ന് അവർ തിരിച്ചറിയുന്നത്. ആ തിരിച്ചറിവുകളിൽനിന്നുകൊണ്ട് സമാധാനത്തോടെ അവർ വേർപിരിയുകയാണ് അവർ.

യഥാർഥത്തിൽ വേണ്ടത് എന്ത്?

പല പുരുഷന്മാരും വിശ്വസിക്കുന്നത് കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയാൽ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ്. എന്നാൽ പങ്കാളി ആഗ്രഹിക്കുന്നത് പണത്തിനപ്പുറം അവരുടെ വികാരങ്ങളെ മനസ്സിലാക്കാനും സംസാരിക്കാനുമുള്ള ഒരു നല്ല കേൾവിക്കാരനെയാണ്. വൈകാരികമായ പങ്കാളിത്തം ഇല്ലാത്ത ദാമ്പത്യം വെറുമൊരു ബാധ്യതയായി മാറും. പല ദമ്പതിമാർക്കിടയിലും സ്‌നേഹക്കുറവില്ല, മറിച്ച് പരസ്പരം മനസ്സുതുറന്ന് സംസാരിക്കാനുള്ള മടിയാണുള്ളത്. പരാതികളും സങ്കടങ്ങളും മനസ്സിൽ അടിച്ചമർത്തി വെക്കാതെ അപ്പപ്പോൾ പങ്കാളിയോട് തുറന്നുപറയുന്ന ശീലം വളർത്തിയെടുക്കണം. 'സൈലന്റ് ട്രീറ്റ്മെന്റ്' ബന്ധങ്ങളെ സാവധാനം കൊന്നൊടുക്കും.

കുടുംബബന്ധങ്ങളിൽ മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സഹായം തേടാമെങ്കിലും, ദാമ്പത്യത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ മൂന്നാമതൊരാൾ ഇടപെടുന്നത് തടയാനുള്ള കൃത്യമായ അതിരുകൾ നിശ്ചയിക്കാൻ ദമ്പതികൾക്ക് സാധിക്കണം. ദാമ്പത്യത്തിൽ ശാരീരികമായ ആകർഷണം എത്രത്തോളമുണ്ടോ അത്രത്തോളം തന്നെ പ്രധാനമാണ് വൈകാരികമായ അടുപ്പവും. ഒന്നിച്ചിരുന്ന് കോഫി കുടിക്കുന്നതോ, ദിവസവും അല്പസമയം ടെറസിലോ ലിവിങ് റൂമിലോ ഇരുന്ന് സംസാരിക്കുന്നതോ പോലെയുള്ള ചെറിയ ശീലങ്ങൾ ബന്ധങ്ങൾക്ക് പുതിയ ജീവൻ നൽകും.

ബന്ധങ്ങളിൽ വിടവുകൾ തോന്നുമ്പോൾ ഒരു തെറാപ്പിസ്റ്റിന്റെയോ കൗൺസിലറുടെയോ സഹായം തേടുന്നത് കുറ്റകരമല്ല. ഈ കഥയിൽ രജത് കപൂർ അവതരിപ്പിക്കുന്ന തെറാപ്പിസ്റ്റ് കഥാപാത്രം കാണിച്ചുതരുന്നത് പോലെ, പ്രശ്‌നങ്ങളെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനും പരിഹരിക്കാനും പ്രൊഫഷണൽ കൗൺസിലിംഗ് സഹായിക്കും. ഒരു വീട് കെട്ടിപ്പടുക്കുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ളിൽ ജീവിക്കുന്ന രണ്ടുപേരുടെ മനസ്സ് തമ്മിൽ ബന്ധിപ്പിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിലും പങ്കാളിയോട് സംസാരിക്കാനും അവരുടെ മനസ്സറിയാനും അല്പം സമയം മാറ്റിവെക്കൂ; ഒരുപക്ഷേ തകർച്ചയുടെ വക്കിലെത്തിയേക്കാവുന്ന പല ബന്ധങ്ങളെയും രക്ഷിക്കാൻ ആ ഒറ്റ വാക്കിന് കഴിഞ്ഞേക്കും!

അയ്യേകളെ കാറ്റിൽ പറത്തിയ ലസ്റ്റ് സ്റ്റോറീസ്

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ഇന്നും ലൈംഗികതയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ഇല്ലെന്ന് തന്നെപറയാം. അവിടെയാണ് ലൈംഗികതയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന സ്റ്റിഗ്മകളെ തകർത്തെറിഞ്ഞുകൊണ്ട് ലസ്റ്റ് സ്റ്റോറീസ് എത്തുന്നത്. എടുത്തുപറയേണ്ടത് സ്ത്രീയുടെ കണ്ണിലൂടെ ലൈംഗികതയെ അവതരിപ്പിക്കുന്നതിൽ വിജയമായിരുന്നു ലസ്റ്റ് സ്റ്റോറീസ് എന്നുള്ളതാണ്. 2018-ൽ പുറത്തിറങ്ങിയ ആദ്യ സീസൺ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചെങ്കിലും മാറിയ കാലത്തിന്റെ മനോനിലയോടെ ഏറിയപേരും അത് സ്വീകരിക്കുകയാണുണ്ടായത്. ഇക്കിളിപ്പെടുത്തുന്ന കഥകളിൽനിന്ന് ബയോളജിക്കൽ നീഡ് എന്നതിലേക്ക് ലൈംഗികതയെ ലസ്റ്റ് സ്‌റ്റോറീസ് നോർമലൈസ് ചെയ്തു. 2017-ൽ ഡ്യൂറെക്‌സ് നടത്തിയ ഗ്ലോബൽ സെക്‌സ് സർവേയിൽ ലൈംഗികബന്ധത്തിനിടയിൽ 70 ശതമാനം സ്ത്രീകളും രതിമൂർച്ഛയിലെത്തുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

ലസ്റ്റ് സ്റ്റോറീസ് 3 മറ്റേത് സീസണേക്കാളും യഥാർഥ ബന്ധങ്ങളുടെ പ്രതിഫലനമാകുന്നത് അതുകൊണ്ടാണ്. വർഷങ്ങളായി ഒന്നിച്ചുജീവിക്കുന്ന സമൂഹത്തിന് മുന്നിൽ ഹാപ്പി കപ്പിളായി അറിയപ്പെടുന്ന ദമ്പതിമാർക്കിടയിലുണ്ടാകുന്ന കമ്യൂണിക്കേഷൻ ഗ്യാപുകൾ കൃത്യമായി വരച്ചിടുന്നുണ്ട് ഏറ്റവും പുതിയ സീസൺ. സ്ത്രീകൾ വൈകാരിക പിന്തുണ ആഗ്രഹിക്കുന്പോൾ പുരുഷൻ സംസാരിക്കാൻ പോലും മടിക്കുന്നെന്ന് തുറന്നുകാണിക്കുകയും ചെയ്യുന്നു.