കരിക്കകത്ത് മാവറത്തലയില്‍ 'പവര്‍' എന്നു പേരിട്ടിട്ടുള്ള വീട്ടിലെ താമസക്കാര്‍ ശരിക്കും പവര്‍ഫുള്ളാണ്. 'ഇന്ത്യന്‍ സ്ട്രോങ് വിമെന്‍' ടൈറ്റില്‍ സ്വന്തമാക്കിയ പവര്‍ലിഫ്റ്റര്‍ ജ്വാല ജോസും ജ്വാലയ്ക്കു കരുത്തുപകരുന്ന ദേശീയ അന്തര്‍ദേശീയ പവര്‍ലിഫ്റ്റിങ് താരങ്ങള്‍ കൂടിയായ അച്ഛന്‍ ജോസും അമ്മ ലേഖയുമാണ് ഈ വീട്ടിലുള്ളത്.

To advertise here,

കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നടന്ന സീനിയര്‍ നാഷണല്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ജ്വാലയ്ക്ക് നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. 57 കിലോ വിഭാഗത്തില്‍ 502.5 കിലോ ഭാരം ഉയര്‍ത്തി ജ്വാലാ ജോസ് വെള്ളിമെഡലിനൊപ്പം ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യ-2025 പട്ടവും സ്വന്തമാക്കി.

എന്നാല്‍, 25-ാം വയസ്സിനിടെ 11 ശസ്ത്രക്രിയകളിലൂടെയാണ് ജ്വാല കടന്നുപോയത്. ഈ ഘട്ടങ്ങളിലൊക്കെ ജ്വാലയ്‌ക്കൊപ്പം ആത്മവിശ്വാസമേകി ഒപ്പംനിന്നത് അച്ഛന്‍ ജോസും അമ്മ ലേഖയുമാണ്.

കഴിഞ്ഞവര്‍ഷം ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ നാല് മെഡലുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ അഭിമാനജ്വാലയായി മാറിയത്. 2022-ല്‍ പവര്‍ലിഫ്റ്റിങ്ങില്‍ ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിവയിലെല്ലാം 'സ്ട്രോങ് വിമെന്‍ ഓഫ് ഇന്ത്യ' ടൈറ്റില്‍ നേടി. ഇതിനുപുറമേയാണ് ഈ വര്‍ഷത്തെ 'ബെസ്റ്റ് പവര്‍ലിഫ്റ്റ് വിമെന്‍ ഓഫ് ഇന്ത്യയെന്ന' ടൈറ്റിലും. ബിരുദത്തില്‍ 95 ശതമാനം വിജയവും ബിരുദാനന്തര ബിരുദത്തില്‍ ഫസ്റ്റ് ക്ലാസും നേടിയതോടെ കായികത്തില്‍ മാത്രമല്ല, പഠനത്തിലും ജ്വാല മിടുക്കിയാണെന്ന് തെളിയിച്ചു.

വേദനകളെ മറികടന്ന് ഓരോതവണയും മുന്നേറുമ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പെന്ന സ്വപ്നമാണ് ജ്വാലയ്ക്കു കരുത്തേകുന്നത്. പഠിച്ച സ്‌കൂളുകളിലെയും കോളേജിലെയും ആദ്യത്തെ നാഷണല്‍ ഇന്റര്‍നാഷണല്‍ പവര്‍ലിഫ്റ്ററെന്ന നേട്ടവും ഈ മിടുക്കിക്ക് സ്വന്തം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ജ്വാലയുടെ പരിശീലനമെല്ലാം.

ജിമ്മിലെ പരിശീലകന്‍ അച്ഛന്‍ ജോസാണ്. സ്ട്രോങ് മാന്‍ ഓഫ് കേരള, സ്ട്രോങ് മാന്‍ ഓഫ് ട്രിവാന്‍ഡ്രം എന്നിവ നേടിയിട്ടുണ്ട് ജോസ്. അമ്മ ലേഖ, കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയാണ്.