തിരഞ്ഞെടുപ്പുകളുടെ പേരിൽ‌ ഏറ്റവുമധികം ചോദ്യശരങ്ങൾ നേരിടുന്ന വിഭാ​ഗങ്ങളിലൊന്നാണ് ലൈം​ഗിക ന്യൂനപക്ഷങ്ങൾ. ഇഷ്ടമുള്ള വസ്ത്രം ധരിച്ചോ ആ​​ഗ്രഹിക്കുന്ന രീതിയിലോ ഒന്നും ഇവരിൽ പലർക്കും ജീവിക്കാൻ കഴിയാറില്ല. സകല പ്രതിബന്ധങ്ങളെയും അതിജീവിച്ച് ജീവിതവിജയം നേടുന്നവർക്കാണെങ്കിൽ ദുരിതകാലത്തെക്കുറിച്ച് പറയാനേറെ കാണും. സംവിധായകനും തിരക്കഥാകൃത്തുമായ ഫറാസ് ആരിഫ് അൻസാരിയും അക്കൂട്ടത്തിലൊരാളാണ്. ഹ്യൂമൻസ് ഓഫ് ബോംബെ ഫെയ്സ്ബുക് പേജിലൂടെയാണ് ഫറസിന്റെ ജീവിതകഥ പുറത്തുവന്നിരിക്കുന്നത്. 

To advertise here,

ജീവിതത്തിൽ എല്ലായ്പ്പോഴും എന്താണ് വേണ്ടതെന്ന നിശ്ചയം തനിക്കുണ്ടായിരുന്നു എന്നു പറഞ്ഞാണ് ഫറസിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കെജി കാലത്തുതന്നെ ആൺകുട്ടികളോടാണ് തനിക്ക് ആകർഷണം തോന്നുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. നാലിൽ പഠിക്കുമ്പോഴാണ് കഥാകാരൻ ആകണമെന്ന് വിചാരിക്കുന്നത്. ഓരോ ആഘോഷകാലത്തും പാവകൾക്കൊപ്പം അഭിനയിച്ച് കുടുംബാം​ഗങ്ങൾക്കായി കാണിച്ചിരുന്നു. വലുതാകുമ്പോൾ ഇതാണോ ചെയ്യേണ്ടത്, സിനിമയാണോ എടുക്കേണ്ടത് എന്ന് ഒരിക്കൽ ഒരു ആന്റി ചോദിച്ചു. വലുതാകുംതോറും എഴുത്തിനോടുള്ള പ്രണയമേറി- ഫറസ് പറയുന്നു.

പതിമൂന്നാം വയസ്സിലാണ് ആദ്യത്തെ തിരക്കഥ എഴുതുന്നതെന്നും ഫറസ് പറയുന്നു. തിരക്കഥ എന്നതിന്റെ അർഥം എന്താണ് എന്നുപോലും അറിയാതെയായിരുന്നു അത്. സംഭാഷണങ്ങൾ എഴുതി,  എങ്ങനെ എന്റെ കഥാപാത്രങ്ങൾ വരണമെന്ന് പെയിന്റ് ചെയ്യുമായിരുന്നു. പക്ഷേ അമ്മ സ്ക്രിപ്റ്റ് കണ്ടതോടെ 'നീ ആരാണെന്നാണ് കരുതുന്നത്? യഷ് ചോപ്ര ആണെന്നാണോ വിചാരം' എന്നെല്ലാം ചോദിച്ചു. ബന്ധങ്ങളും വഴികാട്ടികളും ഇല്ലാതെ ഈ മേഖലയിൽ നിലനിൽക്കുക എളുപ്പമല്ലെന്ന് അച്ഛനും അമ്മയെ പിന്തുണച്ച് പറഞ്ഞു. ഞാൻ തന്നെയാണ് എന്റെ മാർഗദർശി എന്ന് മറുപടി നൽകി ലോകത്തുള്ള എല്ലാ ഫിലിം കോഴ്സുകളെക്കുറിച്ചും കുറിച്ചുവച്ച പുസ്തകം അവർക്ക് കാണിച്ചു കൊടുത്തു. അവർക്കത് ഞെട്ടലായിരുന്നു. തുടർന്ന് അമ്മ തന്റെ പുസ്തകം കീറിയെന്നും പക്ഷേ തന്റെ സ്വപ്നങ്ങൾ കൂടുതൽ കരുത്തമാവുകയാണ് ചെയ്തതെന്നും ഫറാസ് പറയുന്നു. 

ഒരു ആൺകുട്ടിയോട് തോന്നിയ പ്രണയത്തെക്കുറിച്ച് വീട്ടിൽ പറഞ്ഞതോടെ കുടുംബം തന്നെ തെറാപ്പിക്ക് നിർബന്ധിച്ചതിനെക്കുറിച്ചും കുറിപ്പിലുണ്ട്. അതിനെ പ്രതിരോധിച്ചപ്പോൾ നീ ജീവിതം പാഴാക്കാൻ തീരുമാനിക്കുകയാണെങ്കിൽ തങ്ങൾക്ക് നോക്കിനിൽക്കാനാവില്ല എന്നാണ് അവർ മറുപടി നൽകിയത്. അന്നാണ് ഒരു നിലപാടെടുത്തേ തീരൂ എന്ന് തിരിച്ചറിയുന്നത്. അങ്ങനെ പതിനഞ്ചാം വയസ്സിൽ യുഎസിൽ സ്കോളർഷിപ്പോടെ പോവുകയും പലവിധ ജോലികൾ ചെയ്യുകയും ചെയ്തു. അവിടുത്തെ ജീവിതം കഠിനമായിരുന്നെങ്കിലും നിശ്ചയദാർഢ്യം കൈവിട്ടില്ല. അവിടെ നിന്നാണ് സ്വപ്നം കണ്ടതുപോലെ സിനിമാമേഖലയിലേക്ക് തിരിഞ്ഞതെന്നും കുറിപ്പിലുണ്ട്. 

തുടർന്ന് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും മൂന്നു വർഷത്തെ കോളേജ് ജീവിതത്തിനിടയിൽ 300 മ്യൂസിക്കൽസ് ചെയ്തതിനെക്കുറിച്ചും ഫറസ് പറയുന്നു. ബോളിവുഡ് സിനിമാലോകത്തേക്ക് തിരിയാൻ തീരുമാനിച്ചതിനു പിന്നിലും കാരണമുണ്ട്. ബിടൗൺ ലോകത്തെ ലൈം​ഗിക ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം കുറവാണെന്നത് തന്നെ ഏറെ വേദനിപ്പിച്ചു. അങ്ങനെയാണ് സ്വന്തം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാൻ തീരുമാനിക്കുന്നത്. ക്വീർ ജീവിതങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സിനിമകൾ ചെയ്യാൻ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് തിരികെയെത്തി. സിസാക് ആണ് നിരൂപക പ്രശംസ നേടിയ ആദ്യചിത്രം.  കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഷീർ ഖൊർമ 55ഓളം ഇന്റർനാഷണൽ അവാർഡുകൾ വാരിക്കൂട്ടി. അഭിമാനത്തോടെ അച്ഛൻ ഒരു പത്രത്തിൽ തന്നെക്കുറിച്ചു വന്ന വാർത്ത കാണിച്ചു തന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ഫറാസ് പറയുന്നു.