വ്യക്തിപരമായ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ദേഷ്യം വരാം. എന്നാല്‍ അതിനോട് തിരിച്ചും അധിക്ഷേപകരമായി പ്രതികരിക്കുന്നത് ആരോഗ്യകരമായ വഴിയല്ല.

സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യകൾക്കും എതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടിയും രാഷ്ടീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഒരു അഭിമുഖത്തിലാണ് ബുള്ളിയിങ്ങിനെതിരെ ഖുശ്ബു കടുത്ത ഭാഷയിൽ സംസാരിച്ചത്. സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തുന്നവരെ തിരിച്ചും അങ്ങനെ പറഞ്ഞാൽ എന്തായിരിക്കും അനുഭവപ്പെടുക എന്നുചോദിച്ചാണ് ഖുശ്ബു സംസാരിച്ചുതുടങ്ങുന്നത്.
'ഞാൻ ഒരു പബ്ലിക് ഫിഗറാണ്, അല്ലാതെ പബ്ലിക് പ്രോപ്പർട്ടി അല്ല. അത് വളരെ വ്യക്തമാണ്. നിങ്ങൾ എന്റെ അമ്മയെയോ മക്കളെയോ അധിക്ഷേപിച്ചാൽ തിരിച്ച് ഞാനും അത്തരത്തിൽ സംസാരിക്കേണ്ടി വരും. നിങ്ങൾക്കത് ബുദ്ധിമുട്ട് തോന്നില്ലേ, അത്രയേ ഉള്ളൂ. നിങ്ങൾക്കത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്റെ മാതാപിതാക്കളെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ, എന്നെക്കുറിച്ചോ സംസാരിക്കാൻ നിങ്ങളാരാണ്? എന്നെക്കുറിച്ച് അനാവശ്യമായി മ്ലേച്ഛമായ കമന്റുകൾ പറയുന്നവർ വളർന്നുവന്ന സാഹചര്യത്തെക്കുറിച്ചും അവരുടെ മാതാപിതാക്കളെയും ഓർത്ത് എനിക്ക് സഹതാപം മാത്രമാണുള്ളത്.'
വിമർശനവും അധിക്ഷേപവും രണ്ടാണ്
ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ സാംസ്‌കാരികവും പ്രൊഫഷണലുമായ കാര്യങ്ങളിൽ വിമർശനങ്ങൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനർഥം അവർ പൊതുസ്വത്താണെന്നോ, വ്യക്തിപരമായ അധിക്ഷേപങ്ങൾ അവർക്കെതിരെ ചൊരിയണമെന്നോ അല്ല.
സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരം ഒരു വ്യക്തിയെ കാണുമ്പോൾ, കാണുന്നവർക്ക് ആ വ്യക്തിയുമായി ഒരു ഏകപക്ഷീയമായ അടുപ്പം തോന്നാറുണ്ട്. ഇതിനെയാണ് പാരസോഷ്യൽ റിലേഷൻഷിപ്പ് എന്ന് പറയുന്നത്. എന്നാൽ ഈ പരിചയഭാവം ഒരു ഉടമസ്ഥാവകാശമായി മാറുന്നിടത്താണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഒരാളെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നു എന്നതിന് അർഥം അയാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാമെന്നല്ല.
നേരിട്ട് കാണാതെയുള്ള വ്യാജ അക്കൗണ്ടുകൾ നൽകുന്ന സംരക്ഷണവും ദൂരവുമാണ് പലരെയും അശ്ലീല കമന്റുകൾ ഇടുന്നതിനായി പ്രേരിപ്പിക്കുന്നത്. ഓൺലൈൻ ഡിസിൻഹിബിഷൻ ഇഫക്ട് എന്നാണ് ഇതിനെ മാനസികാരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്. സ്‌ക്രീനിന് പിന്നിലിരിക്കുമ്പോൾ മുന്നിലുള്ള വ്യക്തിയെ ഒരു മനുഷ്യനായി കാണാൻ പലർക്കും സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇത്.
വ്യക്തിപരമായ അതിരുകൾ ലംഘിക്കപ്പെടുമ്പോൾ സ്വാഭാവികമായും ദേഷ്യം വരാം. എന്നാൽ അതിനോട് തിരിച്ചും അധിക്ഷേപകരമായി പ്രതികരിക്കുന്നത് ആരോഗ്യകരമായ വഴിയല്ല. ശക്തമായ അതിരുകൾ നിശ്ചയിക്കുകയും അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായും തറപ്പിച്ചു സംസാരിക്കുകയും ചെയ്യുക എന്നതാണ് മികച്ച മാർഗം. തിരിച്ചും അധിക്ഷേപിക്കുമ്പോൾ നമ്മൾ എതിർക്കുന്ന അതേ അപരിഷ്‌കൃത പെരുമാറ്റം ആവർത്തിക്കുകയാണ് ചെയ്യുന്നത്.
Content Highlights: Kushboo Sundar speaks out against social media attacks, emphasizing the difference between criticism and personal insults in a recent interview.
Published: 21 Oct 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented