കൊല്ലം: കോളേജുകളിലെ ആഘോഷമായാലും നാട്ടിലെ ഉത്സവമായാലും കൊല്ലം വെളിയത്ത് ഇപ്പോൾ താരമാണ് 1200 കിലോഗ്രാം ഭാരമുള്ള ഒരു കൂറ്റൻ പോത്ത്, പേര് 'ഭീമൻ'. ആനയുടെ തലയെടുപ്പോടെ ആഘോഷവേദികളിലെത്തുന്ന ഈ കരുത്തന് ആരാധകരും ഏറെയാണ്. ആറടി ഉയരവും പത്തടി നീളവുമുള്ള പോത്തിന്റെ വലുപ്പം ആരെയും അമ്പരപ്പിക്കും. എന്നാൽ കാഴ്ചയിലെ ഗാംഭീര്യമല്ല, സൗമ്യമായ പെരുമാറ്റമാണ് ഇവനെ നാട്ടുകാരുടെ പ്രിയങ്കരനാക്കുന്നത്.

To advertise here,

ആഘോഷവേദികളിൽ പാട്ടും നൃത്തവുമായി വിദ്യാർഥികൾ ചുറ്റും കൂടുമ്പോഴും യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി നിൽക്കും. കുട്ടികൾ അടുത്തെത്തിയാലും കളിക്കാൻ ശ്രമിച്ചാലും സൗമ്യനാണ് ഈ കരുത്തൻ. നാട്ടിലെ ചെറിയൊരു സെലിബ്രിറ്റി കൂടിയാണ് വിനോദ് കുമാറിന്റെ ഈ ഭീമൻ പോത്ത്. ഭീമനെ കാണാനും ഫോട്ടോയെടുക്കാനുമായി നിരവധിയാളുകളാണ് ഫാമിലെത്തുന്നത്.

ഹരിയാനയിൽനിന്ന് ഏറെ കഷ്ടപ്പെട്ടാണ് പോത്തിനെ കേരളത്തിലെത്തിച്ചതെന്ന് ഉടമ വിനോദ് കുമാർ പറയുന്നു. യാത്രയ്ക്കിടെ ഗോരക്ഷാസേനയുടെ ഇടപെടലുകളും നിയമപ്രശ്‌നങ്ങളും നേരിടേണ്ടിവന്നു. നിരവധി പ്രതിസന്ധികളും നിയമപോരാട്ടങ്ങളും കടന്നാണ് ഒടുവിൽ കൊല്ലത്തെത്തിച്ചത്.

വിനോദ് കുമാറിന്റെ സമ്മർലാൻഡ് ഫാമിലെ പ്രധാന ആകർഷണമാണ് ഈ ഭീമൻ പോത്ത്. നിരവധി പശുക്കളും പോത്തുകളും കോഴികളും ഫാമിലുണ്ട്. ഇവയുടെ പരിപാലനത്തിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേപ്പാൾ സ്വദേശിയായ റിനിയാണ് ഭീമൻ പോത്തിന്റെ ദൈനംദിന പരിചരണം നടത്തുന്നത്.

ആനയെപ്പോലെ നെറ്റിപ്പട്ടവും അലങ്കാരങ്ങളുമണിഞ്ഞാണ് ആഘോഷങ്ങൾക്ക് എത്തിക്കുന്നത്. ഉത്സവങ്ങൾ, ഓണാഘോഷം, കോളേജ് പരിപാടികൾ തുടങ്ങി വിവിധ വേദികളിൽ ശ്രദ്ധനേടിയിട്ടുണ്ട്. മോഹവില വാഗ്ദാനം ചെയ്ത് വാങ്ങാൻ ആളുകളെത്തിയിട്ടുണ്ടെങ്കിലും പ്രിയപ്പെട്ട പോത്തിനെ വിട്ടുനൽകാൻ വിനോദ് കുമാർ തയ്യാറല്ല. വലുപ്പത്തിൽ ഭീമനും സ്വഭാവത്തിൽ സൗമ്യനുമായ ഈ കരുത്തൻ ഇന്ന് വെറുമൊരു വളർത്തുമൃഗമല്ല, കൊല്ലത്തെ ആഘോഷപ്പറമ്പുകളിലെ പ്രിയതാരമാണ്.