പിന്നീട് കണ്ടത് ആരോപണ പ്രത്യാരോപണങ്ങളുടെ പോര്മുഖങ്ങളാണ്.

കൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് നായികാനായകന്മാരായി കങ്കണ-ഹൃത്വിക് ജോടി ബോളിവുഡിൽ പുതിയ കെമിസ്ട്രി രചിക്കുന്നത്. വൈകാതെ ക്രിഷ് 3യിൽ ആ ജോടി വീണ്ടും ഒന്നിച്ചു. ക്രിഷ് 3യുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. ആ വാർത്തകളോട് ഇരുവരും പ്രതികരിച്ചില്ല. ആ പ്രണയവാർത്തകൾ മെല്ലെ ഇൻഡസ്ട്രിയുടെ ഹോട്ട് ടോപിക്ക് അല്ലാതായ സമയത്താണ് 'സില്ലി എക്‌സ'് എന്ന കങ്കണയുടെ പദപ്രയോഗത്തിലൂടെ ഹൃത്വിക്-കങ്കണ പ്രണയം വീണ്ടും മാധ്യമചർച്ചയാകുന്നത്. ഹൃത്വിക് നായകനായ ആഷിഖി 3 എന്ന ചിത്രത്തിൽ നിന്ന് കങ്കണയെ തഴഞ്ഞ വാർത്തയെക്കുറിച്ചുള്ള മാധ്യമത്തിന്റെ ചോദ്യത്തോടുള്ള പ്രതികരണത്തിനിടയിലാണ് സില്ലി എക്‌സിന്റെ ഒരു കാര്യം എന്ന രീതിയിൽ കങ്കണ മറുപടി നൽകിയത്.
എന്നത്തേയും പോലെ കങ്കണയുടെ വാക്കിനെ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. പഴയകഥകൾ വീണ്ടും ഹോട്ട് ടോപ്പിക്കായി. ഒട്ടും വൈകാതെ ഹൃത്വിക് പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. 'ഒരു പക്ഷെ പോപ്പുമായി പ്രണയത്തിലാകാൻ സാധ്യതയുണ്ട്, പക്ഷെ മാധ്യമങ്ങൾ പറയുന്ന ഈ സ്ത്രീയുമായി ബന്ധമില്ല' എന്നായിരുന്നു പ്രതികരണം. തൊട്ടുപിറകേ നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു. തന്നെയുമല്ല ആസ്‌പെർജേഴ്‌സ് സിൻഡ്രോം ഉള്ള വ്യക്തിയാണ് കങ്കണയെന്നും താനുമായി പ്രണയത്തിലാണെന്നത് അവരുടെ സങ്കല്പം മാത്രമാണെന്നും ഹൃത്വിക് കൂട്ടിച്ചേർത്തതോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വെറുമൊരു പ്രണയ ഗോസിപ്പിൽ നിന്ന് അത് മുകളിലേക്കുയർന്നു.
പിന്നീട് കണ്ടത് ആരോപണ പ്രത്യാരോപണങ്ങളുടെ പോർമുഖങ്ങളാണ്. മെയിലുകളും ലീഗൽ നോട്ടിസുകളും പാരീസിൽ വച്ച് നടന്നെന്നുപറയുന്ന പ്രൊപ്പോസലും വാർത്തകളായി. കങ്കണയെ പിന്തുണച്ചെത്തിയ ചില സുഹൃത്തുക്കളുടെ അഭിമുഖങ്ങൾ പ്രത്യക്ഷപ്പെട്ടു. സഹോദരിയെ ഹൃത്വിക് മാനസികമായി ബലാത്സംഗം ചെയ്യുകയാണെന്ന വലിയ കുറ്റപ്പെടുത്തലുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തി. ഒരു അഭിമുഖത്തിൽ വാക്കുകളിടറി കങ്കണ വിതുമ്പിക്കരയുക വരെ ചെയ്തു. പക്ഷെ അങ്ങേയറ്റം കംപോസ്ഡ് ആയാണ് ഹൃത്വിക് വിഷയത്തെ കൈകാര്യം ചെയ്തത്. പരസ്പരം സംസാരിച്ചിട്ടുള്ളതെല്ലാം പ്രൊഫഷണൽ കാര്യങ്ങളാണെന്നും സഹതാരത്തിന് നൽകിയിരുന്ന പരിഗണനയ്ക്കപ്പുറം കങ്കണയുമായി ബന്ധമില്ലെന്നും ഹൃത്വിക് ഒരു അഭിമുഖത്തിൽ വിശദീകരിച്ചു. പാസ്‌പോർട്ടിന്റെ തെളിവുവരെ ഹൃത്വിക് മുന്നോട്ടുവച്ചിരുന്നു. തുടക്കത്തിൽ മുംബൈ സൈബർ വിഭാഗമാണ് കേസ് പരിഗണിച്ചത്. പിന്നീട് മുംബൈ ക്രൈംബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹൃത്വിക് അഞ്ചുവർഷങ്ങൾക്ക് ശേഷം ഹാജരായി. 2023ൽ ഹൃത്വിക് നൽകിയ പരാതിയിൽ മുംബൈ പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നിരുന്നാലും, ഹൃത്വിക്കും കങ്കണയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഉന്നയിച്ച വ്യത്യസ്ത അവകാശവാദങ്ങൾക്ക് അതൊരു പരിഹാരമായില്ല.
പിന്നെ ഏറെക്കാലം ഈ വിഷയത്തിൽ സോഷ്യൽമീഡിയ വിചാരണകളോ ചർച്ചകളോ ഉണ്ടായില്ല. 2026ൽ കങ്കണ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് വീണ്ടും വിഷയം സോഷ്യൽമീഡിയയെ ഓർമിപ്പിച്ചത്. 2016ൽനിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ താനിന്നെവിടെയാണ് എന്ന തരത്തിലുള്ള ഒരു വിശകലമായിരുന്നു ആ പോസ്റ്റ്. അതിൽ 2016ൽ ഒരു സഹതാരം തനിക്കയച്ച ലീഗൽ നോട്ടിസിനെക്കുറിച്ചും അത് ഇൻഡസ്ട്രിയെ എങ്ങനെ രണ്ടാക്കി വിഭജിച്ചു എന്നതിനെക്കുറിച്ചുമെല്ലാം കങ്കണ സംസാരിച്ചു.
വീണ്ടും കങ്കണയും ഹൃത്വിക്കും
ഒരു ദശാബ്ദത്തിലേറെയുള്ള താരങ്ങളുടെ തർക്കം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അതിന് കാരണമായത് സിജെപി നടത്തിയ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള കങ്കണയുടെ പരാമർശങ്ങളും. പ്രക്ഷോഭത്തിനെതിരായ കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതതോടെ സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. സിജെപി വക്താവ് സൗരവ് ദാസ് കങ്കണയെ വിമർശിച്ച് രംഗത്തെത്തി. ഒപ്പം, തന്നെക്കാണാൻ ഹൃത്വിക്കിന്റെ ചെറുപ്പം പോലെ തോന്നുണ്ടെന്നും അതുകൊണ്ടാകാം കങ്കണ ലക്ഷ്യമിടുന്നതെന്നും അയാൾ പറഞ്ഞു. ഈ പരാമർശം വൈറലായതോടെ 'സോറി ഹൃത്വിക്'എന്ന ഹാഷ് ടാഗ് സോഷ്യൽമീഡിയയിൽ പ്രചരിച്ചുതുടങ്ങി. വൈകാതെ ഹൃത്വിക്കിന്റെ പ്രതികരണമെത്തി. ഒരു വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി മറ്റൊരു വ്യക്തിയെ പിന്തുണയ്ക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ആ കുറിപ്പിൽ കങ്കണയെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നില്ല. എന്നാൽ, ഹൃത്വിക്കിന്റെ പേരുപയോഗിച്ച് തന്നെ വിമർശിക്കുന്നവരെ തള്ളിപ്പറയുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കങ്കണ മറുപടിയുമായെത്തി. ഇതോടെ ഒരു ദശാബ്ദത്തിലേറെയായുള്ള ഇരുവരുടെയും പ്രണയ/നിയമപോരാട്ടങ്ങൾ ചർച്ചയാകപ്പെട്ടു. ഈ വിവാദത്തിലെ സത്യാവസ്ഥ ലോകത്തിന് അറിയില്ലെങ്കിലും ഇന്ന് ഇതൊരു ഹോട്ട് ടോപ്പിക്കായി തുടരുകയാണ്.
Content Highlights: Retrospective analysis of the decade-long conflict between Kangana Ranaut and Hrithik Roshan. Details on the 2023 police closure report regarding the legal dispute., Impact of Kangana's 2026 Instagram post reflecting on the 2016 legal notices. The 2026 social media resurgence sparked by CJP student protests and viral hashtags.
Published: 04 Aug 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented