രൺബീർ കപൂറുമായുള്ള പ്രണയത്തിനും വിവാഹത്തിനും വർഷങ്ങൾക്ക് മുൻപ്, കരിയറിന്റെ തുടക്കത്തിൽ വിവാഹത്തെക്കുറിച്ച് ആലിയ ഭട്ട് പങ്കുവെച്ച അഭിപ്രായങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സംവിധായകൻ ഇംതിയാസ് അലി നയിച്ച ഒരു പ്രൊമോഷണൽ ചർച്ചയിലാണ് പ്രണയം, വ്യക്തിസ്വാതന്ത്ര്യം, കരിയർ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് ആലിയ സംസാരിക്കുന്നത്. ആലിയയോട് ചോദ്യങ്ങൾ ചോദിക്കുന്നത് ഇന്ന് ആലിയയുടെ ഭർത്താവായ രൺബീർ കപൂർ ആണെന്നുള്ളതാണ് രസകരം.

To advertise here,

അന്ന് ബോളിവുഡിൽ താരതമ്യേന പുതുമുഖമായിരുന്നു ആലിയ. അതിനോടകം മുൻനിര നടനായി മാറിയിരുന്ന രൺബീർ പ്രണയത്തെക്കുറിച്ചുള്ള ആലിയയുടെ അഭിപ്രായം ചോദിക്കുന്നതാണ് വീഡിയോ. നിലവിൽ കരിയറാണ് പ്രധാന്യം എന്നുപറയുന്ന പെൺകുട്ടികളിലൊരാളാണ് നീ എന്നും രൺബീർ പറയുന്നുണ്ട്. എന്നാൽ ചോദ്യം പൂർത്തിയാകുന്നതിനുമുൻപ് തന്നെ ഇതുവരെ പ്രണയത്തിലായിട്ടില്ലെന്നാണ് ആലിയ മറുപടി നൽകി. അഭിനയിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരാളെ വിവാഹം ചെയ്യുമോ എന്നായിരുന്നു രൺബീറിന്റെ അടുത്ത ചോദ്യം.' ഇല്ല, ജീവിതാവസാനം വരെ ഞാൻ ചിലപ്പോൾ അഭിനയിച്ചേക്കില്ല, പക്ഷേ എനിക്ക് ആഗ്രഹമുള്ളിടത്തോളം കാലം അഭിനയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആർക്കെങ്കിലും അത് ഇഷ്ടമല്ലെങ്കിൽ, അതിനർഥം അയാൾക്ക് എന്നെയല്ല, മറ്റൊരാളെയാണ് വേണ്ടത് എന്നാണ്. ആ വ്യക്തിയല്ല ഞാൻ, ക്ഷമിക്കുക.' എന്നായിരുന്നു ആലിയയുടെ ഉത്തരം.

ഒരു ദശാബ്ദത്തിന് ശേഷം, 2022-ൽ ആലിയ രൺബീറിനെത്തന്നെ വിവാഹം കഴിച്ചപ്പോൾ, വ്യക്തിപരമായ നിലപാടുകളിൽ അവർ ഉറച്ചുനിന്നു. തന്റെ തൊഴിലിനെ അംഗീകരിക്കാത്ത ഒരാളെ പങ്കാളിയായി സ്വീകരിക്കില്ലെന്ന ആലിയയുടെ നിലപാട്, ദീർഘകാല ബന്ധങ്ങളിൽ പങ്കാളിയുടെ കരിയറിനെ അംഗീകരിക്കുന്നത് എത്രത്തോളം പ്രധാനമാണെന്നാണ് വ്യക്തമാക്കുന്നത്. ഒരു ബന്ധം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രണയം മാത്രം പര്യാപ്തമല്ലെന്നും പരസ്പര ബഹുമാനവും കരിയർ മോഹങ്ങളെക്കുറിച്ചുള്ള ധാരണയുമാണ് പ്രധാനം എന്നും മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തൊഴിൽ ലക്ഷ്യങ്ങൾക്കായി പങ്കാളി ത്യാഗം സഹിക്കണമെന്ന് പറയുന്നത് പിൽക്കാലത്ത് വൈകാരിക അകലത്തിലേക്ക് നയിക്കാം. ആരോഗ്യകരമായ പങ്കാളിത്തത്തിൽ, പങ്കാളികൾ പരസ്പരം വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ബന്ധങ്ങൾക്കായി സ്ത്രീകൾ തങ്ങളുടെ തൊഴിൽ ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യണമെന്ന് സമൂഹം ഇന്നും പ്രതീക്ഷിക്കുമ്പോൾ, പുരുഷന്മാർക്ക് ഇത്തരത്തിലുള്ള ചോദ്യങ്ങളെ നേരിടേണ്ടി വരാറില്ല. ത്യാഗങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം ഇരു പങ്കാളികളുടെയും സ്വപ്നങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്നിടത്താണ് ബന്ധങ്ങൾ ദൃഢമാകുന്നത്. 

അഭിനയം എന്നെന്നേക്കുമായി തുടർന്നേക്കില്ലെങ്കിലും, ആ തീരുമാനം പൂർണ്ണമായും തന്റേതായിരിക്കണം എന്ന ആലിയയുടെ പരാമർശം ബന്ധങ്ങളിലെ തിരഞ്ഞെടുപ്പിനെയും സ്വാതന്ത്ര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. വ്യക്തിപരമായ സമ്മർദങ്ങളില്ലാതെ തൊഴിൽപരമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു ബന്ധത്തിലും നിർണായകമാണ്. ഒരു ബന്ധവും പ്രണയത്തിനും കരിയറിനും ഇടയിലുള്ള തിരഞ്ഞെടുപ്പായി മാറരുത്; മറിച്ച്, രണ്ടിനും ഒരുമിച്ച് വളരാൻ കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത്. ആലിയ വെളിപ്പെടുത്തിയ ചിന്തകൾ ആധുനിക ബന്ധങ്ങളിലെ പരസ്പര ബഹുമാനത്തിന്റെയും കരിയർ സന്തുലിതാവസ്ഥയുടെയും പ്രാധാന്യത്തെയാണ് അടിവരയിടുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു.