ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അവിശ്വസനീയ ഇന്നിങ്‌സ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. പരിക്കേറ്റിട്ടും പിന്‍വാങ്ങാതെ, മുടന്തിനിന്ന് മാക്‌സ്‌വെല്‍ ഓരോ പന്തും നേരിട്ടപ്പോള്‍ ഒരു പോരാളിയായി അദ്ദേഹത്തെ ലോകം വാഴ്ത്തി. എന്നാല്‍ മണിക്കൂറുകളോളം വേദന കടിച്ചമര്‍ത്തിയുള്ള മാക്‌സിയുടെ ഇന്നിങ്‌സ് വിഐപി ഗാലറിയിലിരുന്ന് അതേ വേദനയോടെ കണ്ടുതീര്‍ത്ത ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. മാക്‌സ്‌വെല്ലിന്റെ ചെന്നൈയ്ക്കാരിയായ ഭാര്യ വിനി രാമന്‍. രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനോടൊപ്പം കളി കാണാനെത്തിയ വിനിക്ക് സന്തോഷവും സങ്കടവും ഒരുപോലെ നല്‍കുന്നതായിരുന്നു ആ ഇന്നിങ്‌സ്. മാക്‌സ്‌വെല്ലിന്റെ അവസാന സിക്‌സ് ഗാലറിയിലേക്ക് പറന്നപ്പോള്‍ വിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതും അങ്ങനെയാണ്.' ഓള്‍ ദ ഇമോഷന്‍സ്'. 

To advertise here,

മാക്‌സ്‌വെല്ലിന്റെ പോരാട്ടവീര്യത്തിന് ജീവിതത്തില്‍ ആദ്യമായിട്ടല്ല വിനി സാക്ഷിയാകുന്നത്. വാംഖഡെ സ്‌റ്റേഡിയത്തിലെ ഗാലറിയിലേക്ക് പറന്ന പന്തുകള്‍ക്കൊപ്പം നാല് വര്‍ഷം മുമ്പ് വിഷാദരോഗത്തിലേക്ക് വീണുപോയ മാക്‌സ്‌വെല്ലിന്റെ മുഖം വിനിയുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാകണം. പാതിവഴിയില്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് തിരിച്ചുനടന്ന മാക്‌സിയുടെ കൈപിടിച്ച് വീണ്ടും ഗ്രൗണ്ടിലേക്ക് നടത്തിയത്‌ വിനി രാമനായിരുന്നു. മാക്‌സിയുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയ നാളുകളായിരുന്നു അത്. എന്നാല്‍ അടുത്ത പരീക്ഷണം അധികംവൈകാതെ അവരെ തേടിയെത്തി. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ ഗര്‍ഭം അലസിപ്പോയത് വിനിയേക്കാള്‍ കൂടുതല്‍ തളര്‍ത്തിയത് മാക്‌സ്‌വെല്ലിനെയായിരുന്നു. എന്നാല്‍ അവിടേയും ഭര്‍ത്താവിനൊപ്പം വിനി മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തു. ഒരറ്റത്ത് നിന്ന് സങ്കടങ്ങളേയും നിരാശയേയും പ്രതിരോധിച്ച് മാക്‌സിയുടെ ജീവിതം സെഞ്ചുറിയിലെത്തിച്ചു. 

ചെന്നൈ റ്റു മെല്‍ബണ്‍

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ഗ്ലെന്‍ ജെയിംസ് മാക്‌സ്‌വെല്ലിന്റെ ജനനം. പേസ് ബൗളറായി ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ മാക്‌സ്‌വെല്ലിന് ഓഫ് സ്പിന്നും വഴങ്ങുമായിരുന്നു. പതുക്കെ ബാറ്റ് കൈയിലെടുത്ത താരം പിന്നീട് ബൗളിങ്ങിലേക്ക് തിരിച്ചുപോയില്ല. 2011-ല്‍ ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ 19 പന്തില്‍ 51 റണ്‍സെടുത്തതോടെയാണ് മാക്‌സിയെന്ന ക്രിക്കറ്റ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലൂടെ മാക്‌സ്‌വെല്‍ ഓസീസ് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. അന്ന് 24 വയസായിരുന്നു പ്രായം.

ആ സമയത്ത് മെല്‍ബണില്‍ ഫാര്‍മസിസ്റ്റാകാനുള്ള പഠനത്തിലായിരുന്നു വിനി. ചെന്നൈ വെസ്റ്റ് മാമ്പലത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരായിരുന്നു വിനിയുടെ കുടുംബം. ചെന്നൈയില്‍ വേരുകളുണ്ടെങ്കിലും അവര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മെല്‍ബണിലായിരുന്നു. പക്ഷേ ക്രിക്കറ്റിനെ കുറിച്ചോ ക്രിക്കറ്റ് താരങ്ങളെ കുറിച്ചോ വിനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. 2013 ഡിസംബറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

placeholder
.
ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം വിനി രാമന്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആദ്യ ചിത്രം

വിക്ടോറിയയില്‍ നിന്നുള്ള വനിതാ ട്വന്റി-20 ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ മത്സരം കാണാനെത്തിയതായിരുന്നു വിനി. ആ ടീമില്‍ വിനിയുടെ സുഹൃത്തും കളിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ്  കാണുന്നതിനേക്കാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാം എന്ന് കരുതിയാണ് വിനി വിക്ടോറിയയിലെത്തിയത്. ഈ മത്സരത്തില്‍ അതിഥിയായി മാക്‌സ്‌വെല്ലും പങ്കെടുത്തിരുന്നു. ഇതിനിടയില്‍ സുഹൃത്ത് വിനിയെ മാക്‌സ്‌വെല്ലിന് പരിചയപ്പെടുത്തി. ഇരുവരും കുറച്ചുനേരം സംസാരിക്കുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. വിനിയും മാക്‌സിയും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.

പാളിപ്പോയ പ്രൊപ്പോസല്‍

പലപ്പോഴും ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാക്‌സ്‌വെല്‍ പരാജയപ്പെട്ടിരുന്നു. കാര്യങ്ങളെല്ലാം സങ്കീര്‍ണമാക്കി ആശയക്കുഴപ്പത്തിലാകുന്ന വ്യക്തിയായിരുന്നു ഓസീസ് താരം. വിനി സുഹൃത്തായി മാറിയതോടെ ഇതിലെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു. എല്ലാകാര്യങ്ങളും വിനിയുമായി മാക്‌സ്‌വെല്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും ആ സൗഹൃദത്തിന്റെ ആഴം കൂടുകയും ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുകയും ചെയ്തു. ആദ്യം പ്രണയം തുറന്ന്പറഞ്ഞത് മാക്‌സിയാണ്. 2017 ഓഗസ്റ്റ് മൂന്നിന് ഇരുവരും ഒരുമിച്ചുള്ള ചിത്രം വിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആ പ്രണയം ആരാധകരും അറിഞ്ഞു. ഒരു പാര്‍ട്ടിക്കിടെ എടുത്ത ചിത്രമായിരുന്നു അത്. 

2019 ഫെബ്രുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡില്‍ പുരസ്‌കാരം വാങ്ങാന്‍ മാക്‌സ്‌വെല്‍ വിനിക്കൊപ്പമാണ് എത്തിയത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ഓസീസ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതിനൊപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ ഒരു വരി ഉണ്ടായിരുന്നു. 'കഴിഞ്ഞ രാത്രി വിനി രാമനായിരുന്നു സ്റ്റാര്‍. വളരേയധികം സുന്ദരിയായാണ് അവര്‍ ചടങ്ങിനെത്തിയത്'. ഇതുകൂടി ചേര്‍ത്തുവായിക്കപ്പെട്ടതോടെ വിനിയും മാക്‌സിയും റിലേഷന്‍ഷിപ്പിലാണെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായി. 

പിന്നാലെ ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങള്‍ വിനി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ദുബായിലും പാരിസിലും യുകെയിലുമെല്ലാം പോയപ്പോഴെടുത്ത ചിത്രങ്ങള്‍ വിനിയുടെ ഇന്‍സ്റ്റയില്‍ നിറഞ്ഞു. പരസ്പരം പിറന്നാള്‍ ആശംസിക്കാനും വിനിയും മാക്‌സിയും മറന്നില്ല.

placeholder
.
പ്രൊപ്പോസല്‍ | Photo: instagram/ glenn maxwell

ഇതിനിടയില്‍ ഒരു പാര്‍ക്കില്‍വെച്ച് വിനിയെ മാക്‌സ്‌വെല്‍ പ്രൊപ്പോസ് ചെയ്തു. വളരെ രസകമായ ഒരു കഥ ആ പ്രൊപ്പോസലിന് പിന്നിലുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് ഓസീസ് താരം മനസുതുറക്കുന്നുണ്ട്. ആദ്യം ഒരു ബീച്ചില്‍ സൂര്യന്‍ അസ്തമിക്കുന്ന സമയത്തായിരുന്നു പ്രൊപ്പോസല്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അത് നടന്നില്ല. പിന്നീട് പോര്‍ട്ട് മെല്‍ബണിന് അടുത്തുള്ള ഒരു പാര്‍ക്കിന്റെ മധ്യത്തില്‍വെച്ച് വിനിയെ പ്രൊപ്പോസ് ചെയ്യാന്‍ മാക്‌സി തീരുമാനിച്ചു.

ഒരു വൈകുന്നേരം അവിടേക്ക് വരാന്‍ വിനിയോട് മാക്‌സി പറഞ്ഞു. പ്രൊപ്പോസ് ചെയ്യാന്‍ തയ്യാറായി, മോതിരമെല്ലാം കൈയില്‍ കരുതി മാക്‌സി അവിടെയെത്തി. ആ സമയത്ത് കുറേ കുട്ടികള്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു. ആളുകള്‍ നടക്കാന്‍ ഇറങ്ങുന്ന സമയം കൂടിയായിരുന്നു. തിരിച്ചറിയാതിരിക്കാനായി വിനി വരുന്നതുവരെ ഒരു മരത്തിന് പിന്നില്‍ മാക്‌സി ഒളിച്ചുനിന്നു. 

എന്നാല്‍ വഴിതെറ്റിയ വിനി മാക്‌സിയേയും കടന്നുപോയി. ഇതോടെ വിനിയെ ഫോണില്‍വിളിച്ച് തിരിച്ചുനടക്കാന്‍ മാക്‌സ് പറഞ്ഞു. ഇരുവരും ഒടുവില്‍ കണ്ടുമുട്ടി. പക്ഷേ അപ്പോഴും പ്രൊപ്പോസ് ചെയ്യാന്‍ മാക്‌സി റെഡിയായിരുന്നില്ല. എന്തെങ്കിലും പറഞ്ഞ് വിനിയുടെ ശ്രദ്ധതിരിച്ചാല്‍ മാത്രമേ പ്രൊപ്പോസ് ചെയ്യാനുള്ള പോസില്‍ നില്‍ക്കാന്‍ പറ്റുകയുള്ളു. അവിടെയൊരു കഫേയുണ്ടല്ലോ, അത് വിനി കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് മാക്‌സി വിരല്‍ ചൂണ്ടിയ ഭാഗത്തേക്ക് വിനി തിരിഞ്ഞുനോക്കി. ആ സമയത്തിനുള്ളില്‍ മാക്‌സി ഒരു കാല്‍മുട്ട് കുത്തിനിന്ന് വിനിയ്ക്കുനേരെ മോതിരം നീട്ടി. 

വിഷാദത്തിലേക്കുള്ള വീഴ്ച്ച

2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടേയാണ് മാക്‌സ്‌വെല്ലില്‍ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. നെറ്റ്‌സില്‍ പരിശീലനത്തിനിടയില്‍ ബൗണ്‍സറേറ്റ് പരിക്ക് പറ്റിയ മാക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സരങ്ങള്‍ തുടങ്ങിയപ്പോഴേക്കും തിരിച്ചെത്തിയ താരത്തിന് പക്ഷേ ഫോമിലേക്കുയരാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ മത്സരത്തിലും റണ്‍ കണ്ടെത്താന്‍ വിഷമിച്ചു. ഇതോടെ താരം നിരാശയിലേക്ക് കൂപ്പുകുത്തി.  ഓസീസ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റുപുറത്താകുക കൂടി ചെയ്തതോടെ മാക്‌സിയുടെ മനസിനെ അത് നന്നായി ബാധിച്ചു. ഈ തോല്‍വിക്ക് 100 ശതമാനവും കാരണം താനാണെന്ന തരത്തില്‍ സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങി.

placeholder
.
വിനിയുടെ കുടുംബത്തോടൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്‍ | Photo: instagram/ vini raman

ഈ ലോകകപ്പിന് പിന്നാലെ ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ മാക്‌സിക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ട്വന്റി-20യില്‍ 28 പന്തില്‍ 62 റണ്‍സെടുത്ത മാക്‌സി ഫോമിലേക്കുയര്‍ന്നെങ്കിലും
ക്രിക്കറ്റ് ആസ്വദിക്കാനുള്ള മനസ് മാക്‌സിക്കുണ്ടായിരുന്നില്ല. രണ്ടാം ട്വന്റി-20ക്ക് ശേഷം പരമ്പരയില്‍ നിന്ന് പിന്മാറി താരം വിക്ടോറിയയിലെ വീട്ടിലേക്ക് വണ്ടി കയറി. പരമ്പരയുടേയും ലോകകപ്പിന്റേയും ഭാഗമായുള്ള നിരന്തര യാത്രകളായിരുന്നു മാക്‌സിയുടെ മനസിന്റെ താളംതെറ്റിച്ചത്. എട്ട് മാസത്തോളം വിശ്രമമില്ലാതെയുള്ള ഈ ഓട്ടപ്പാച്ചില്‍ അദ്ദേഹത്തെ തളര്‍ത്തുകയായിരുന്നു.

വിക്ടോറിയലെത്തിയശേഷം വിനിയെ പോയികാണുകയാണ് മാക്‌സി ആദ്യം ചെയ്തത്. എല്ലാ കാര്യങ്ങളും കാമുകിയോട് തുറന്നുപറഞ്ഞു. ക്രിക്കറ്റ് തനിക്ക് ആസ്വദിക്കാനാകുന്നില്ലെന്നും സന്തോഷം തന്നില്‍ നിന്ന് അകന്നുപോകുകയാണെന്നും മാക്‌സി വിനിയോട് പറഞ്ഞു. എപ്പോഴും ചിരിയോടെ മാത്രം കണ്ടിട്ടുള്ള മാക്‌സിയുടെ മുഖത്തുള്ള പിരിമുറുക്കം മനസിലാക്കാന്‍ വിനിക്ക് നിമിഷങ്ങള്‍ മതിയായിരുന്നു. തത്ക്കാലം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ വിനി ഉപദേശിച്ചു. ഏതെങ്കിലും മനോരോഗ വിദഗ്ദ്ധനെ പോയി കണ്ട് ചികിത്സ തുടങ്ങാമെന്നും വിനി പറഞ്ഞു. 

ഇനി കുറച്ച് കാലത്തേക്ക് ഗ്രൗണ്ടിലേക്കില്ലെന്ന് മാക്‌സി കോച്ച് ജസ്റ്റിന്‍ ലാംഗറേയും മാനേജര്‍ ബെന്‍ ഒലിവറേയും ടീം സൈക്കോളജിസ്റ്റ് മൈക്കല്‍ ലോയ്ഡിനേയും വിളിച്ചുപറഞ്ഞു. ഓസീസ് ടീമിനേയും ക്രിക്കറ്റ് ആരാധകരേയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. 31-ാം വയസില്‍ മാക്‌സിയുടെ കരിയര്‍ അവസാനിക്കുമോ എന്ന് പലരും ആശങ്കപ്പെട്ടു. എന്നാല്‍ അതിനേക്കാളുപരിയായി മാക്‌സി എന്ന മനുഷ്യനെ തിരിച്ചുപിടിക്കുകയായിരുന്നു വിനിയുടെ ലക്ഷ്യം. എട്ടു മാസം ഗ്രൗണ്ടിലിറങ്ങാതെ കുടുംബത്തോടൊപ്പം ചിലവഴിച്ചതോടെ മാക്‌സിയില്‍ പഴയ സന്തോഷം തിരിച്ചെത്തി. ഇതിനിടയില്‍ വിനിയുമായുള്ള വിവാഹനിശ്ചയം നടന്നു. അപ്പോഴേക്കും കൊറോണ വൈറസ് ഓസ്‌ട്രേലിയയിലും എത്തിയിരുന്നു. ഇതോടെ നിശ്ചയത്തിന് പിന്നാലെ തീരുമാനിച്ചിരുന്ന വിവാഹം ഇരു കുടുംബാംഗങ്ങളും നീട്ടിവെച്ചു. 

placeholder
.
വിവാഹം | Photo: instagram/ vini raman

2020 സെപംറ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ മാക്‌സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായും കളത്തിലിറങ്ങി. എന്നാല്‍ കരിയറിലെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യക്കെതിരായ പരമ്പരയിലും ഗ്രൗണ്ടിലിറങ്ങി. 

വിവാഹവും കുഞ്ഞും

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനെട്ടിനായിരുന്നു വിനിയുടേയും മാക്‌സിയുടേയും വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ആദ്യ വിവാഹം. പിന്നാലെ ഹല്‍ദിയും മെഹന്ദി നൈറ്റും നടന്നു. മാര്‍ച്ച് 27-ന്  തമിഴ് ആചാരപ്രകാരം മാക്‌സി വിനിക്ക് താലിചാര്‍ത്തി. ഈ വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് ഇത് അച്ചടിച്ചിരുന്നത്. 

ഇരുവരുടേയും ജീവിത്തിലേക്ക് പുതിയ അതിഥി വരുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ മെയില്‍ വിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആണ്‍കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നും സെപ്റ്റംബറില്‍ അവന്‍ തങ്ങളോടൊപ്പം ചേരുമെന്നുമായിരുന്നു വിനി കുറിച്ചത്. ഈ കുറിപ്പില്‍ 'റെയിന്‍ബോ ബേബി' എന്നാണ് വിനി കുഞ്ഞിനെ വിശേഷിപ്പിച്ചിരുന്നത്. ആദ്യ ഗര്‍ഭം അലസിപ്പോയശേഷം രണ്ടാമതുണ്ടാകുന്ന കുഞ്ഞ് ആയതിനാലാണ് ഈ വിശേഷണം. ജീവിതത്തിലെ ഇരുട്ട് നീക്കി പുതിയ നിറങ്ങളെത്തുന്നു എന്നതാണ്  ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്.

placeholder
.
വിനി രാമനും ഗ്ലെന്‍മാക്‌സ് വെല്ലും കുഞ്ഞിനോടൊപ്പം | Photo: instagram/ vini raman

വിനിയും മാക്‌സിയും ഇതേ അവസ്ഥയിലൂടേയാണ് കടന്നുപോയത്. വളരേയധികം വേദന നിറഞ്ഞ സമയമായിരുന്നു അതെന്നും കുഞ്ഞിനുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ദമ്പതികളോട് തങ്ങളുടെ സ്‌നേഹം അറിയിക്കുന്നുവെന്നും പോസ്റ്റില്‍ വിനി പറഞ്ഞിരുന്നു. 

സെപ്റ്റംബര്‍ 11-ന് ഇരുവരും ആദ്യത്തെ കണ്‍മണിയെ വരവേറ്റു. ലോഗന്‍ മാവെറിക്ക് മാക്‌സ്‌വെല്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇപ്പോഴിതാ അച്ഛന്റെ ലോകകപ്പിലെ അവിശ്വസനീയ ഇന്നിങ്‌സിന് ലോഗനും സാക്ഷിയായിരിക്കുന്നു. ഇരട്ടസെഞ്ചുറിക്ക് പിന്നാലെ മാക്‌സി ഓടിയെത്തിയത് ലോഗന് അടുത്തേക്കാണ്. 'ഇനി അച്ഛന്റെ ഡ്യൂട്ടിയിലേക്ക്'  എന്ന് മാക്‌സി എക്‌സില്‍ കുറിക്കുകയും ചെയ്തു.