വനിതാ ഡോക്ടർമാർ ഔദ്യോ​ഗിക വേഷത്തിലും ബിക്കിനിയിലും നിൽക്കുന്ന ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. വെറുതെ ഒരു നേരംപോക്കിനായി പങ്കുവെക്കുന്നതല്ല, അവ മറിച്ച് ​ഗൗരവകരമായൊരു സന്ദേശം കൂടി കൈാമാറുന്നുണ്ട്. വനിതാ ഡോക്ടർമാർ ബിക്കിനിയോ സ്വിംസ്യൂട്ടോ ധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നത് അനുചിതമാണെന്ന പഠനം പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിഷേധവുമായി ഇത്തരം ചിത്രങ്ങളും പങ്കുവെക്കപ്പെടുന്നത്. 

To advertise here,

ജേണൽ ഓഫ് വാസ്കുലർ സർജറിയിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. യുവ വാസ്കുലർ സർജന്മാർക്കിടയിൽ പ്രൊഫഷണലല്ലാത്ത സമൂഹമാധ്യമ ഉള്ളടക്കങ്ങളുടെ വ്യാപനം ഏറുന്നു എന്ന തലക്കെട്ടോടെ വന്ന പഠനത്തിലാണ് വിവാദ പരാമർശങ്ങളുള്ളത്. മദ്യപിക്കുക, വിവാദപരമായ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുക, സെൻസർ ചെയ്യാത്ത അശ്ലീല പ്രദർശനം, വിവാദപരമായ മത പരാമർശങ്ങൾ എന്നിവയ്ക്കൊപ്പമാണ് അനുചിതമായ വസ്ത്രരീതിയും ഉൾപ്പെടുത്തിയിരിക്കുന്നത്. അടിവസ്ത്രങ്ങളിൽ നിൽക്കുന്നവയും ഹാലോവീൻ വസ്ത്രം ധരിച്ചുള്ളവയും ബിക്കിനി, സ്വിംസ്യൂട്ട് പോലുള്ള പ്രകോപനപരമായ വസ്ത്രങ്ങൾ ധരിക്കുന്നതും അനുചിതമാണെന്നാണ് പഠനം പറയുന്നത്. ഇതോടെയാണ് നിരവധി വനിതാ ഡോക്ടർമാർ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ച് രം​ഗത്തെത്തിയത്. 

ഒരുവശത്ത് ജോലിസ്ഥലത്തു നിന്നുള്ള ചിത്രവും മറുവശത്ത് ബിക്കിനിയിൽ നിൽക്കുന്ന ചിത്രവും ചേർത്തുവച്ച് ​#MedBikini എന്ന ഹാഷ്ടാ​ഗോയൊണ് ചിത്രങ്ങൾ പങ്കുവെക്കുന്നത്. ലിം​ഗവിവേചനപരമാണ് ഈ പഠനമെന്നും ബിക്കിനി ധരിക്കുന്നതിന്റെ പേരിൽ വനിതാ ഡോക്ടർമാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഇതെന്നും പറഞ്ഞ് പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിക്കുന്ന പുരുഷ ഡോക്ടർമാരുമുണ്ട്. 

ബിക്കിനി ധരിക്കുന്നത് അളവുകോലായെടുത്ത് ഔദ്യോ​ഗിക കർത്തവ്യങ്ങളെ വിലയിരുത്തരുതെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവെക്കുന്നത്. തങ്ങൾക്ക് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതു പോലെ തന്നെ ഒഴിവുവേളകളിൽ ഇഷ്ടമുള്ളതു ധരിക്കാനും അവകാശമുണ്ടെന്ന് അവർ പറയുന്നു. നഴ്സോ മെഡിക്കൽ വിദ്യാർഥിനിയോ അറ്റൻഡറോ തുടങ്ങി ആരോ​ഗ്യരം​ഗത്തെ ഓരോ വനിതാ പ്രവർത്തകരും തങ്ങളുടെ ബിക്കിനി ചിത്രങ്ങൾ പങ്കുവെക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരുമുണ്ട്. 

ഒരു സ്ത്രീയുടെ ശരീരത്തിന് ഉചിതവും അനുചിതവുമായ വസ്ത്രങ്ങളേതെന്നു തീരുമാനിക്കാൻ പ്രസ്തുത ജേണലിന് അധികാരം നൽകിയത് ആരാണെന്നും ചോദിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് ഏറെപേരും. ഞങ്ങൾ പ്രൊഫഷണൽ അല്ലെന്നല മറിച്ച് മനുഷ്യരാണ്. നിങ്ങൾ എന്തു ചിന്തിക്കുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല എന്നു പറഞ്ഞാണ് ഒരു ഡോക്ടർ ചിത്രം പോസ്റ്റ് ചെയ്തത്.

''ഞാൻ എന്തു ധരിക്കുന്നു എന്നത് എന്റെ ബിരുദങ്ങളെ ഇല്ലാതാക്കുന്നില്ല, ഒരു സ്ത്രീയുടെ ഹാലോവീൻ വസ്ത്രമോ സ്വിംസ്യൂട്ടോ പ്രൊഫഷണൽ അല്ലാതാക്കുന്നു എന്നു ​ഗവേഷണം ചെയ്യുന്നതാണ് അനുചിതം''

''ഒരു സ്ത്രീക്ക് സൗന്ദര്യവും ബുദ്ധിയും ഉണ്ടാവും. അവൾ സ്മാർടും സെക്സിയുമാവാം. തമാശ പറയുന്നവളും കഠിനാധ്വാനിയുമാവാം. അവൾക്കിഷ്ടമുള്ളത് ധരിക്കാം.''

''ഞാനിതുവരെ ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ല. പക്ഷേ ഇപ്പോൾ എന്റെ സഹപ്രവർത്തകർക്ക് പിന്തുണയറിച്ച് പോസ്റ്റ് ചെയ്യുകയാണ്. അവധിക്കാല ചിത്രങ്ങൾ പങ്കുവെക്കുന്നു എന്നത് ‍ഞാനെന്ന ആരോ​ഗ്യപ്രവർത്തകയുടെ മികവിനെ മാറ്റുന്നില്ല. ആശുപത്രിയിലെ എന്റെ കഴിവ് വർഷങ്ങളുടെ അനുഭവം കൊണ്ടുണ്ടായതാണ്. മെഡിക്കൽ രം​ഗത്തെ സെക്സിസം അവസാനിപ്പിക്കൂ- എന്നിങ്ങനെ പോകുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഡോക്ടർമാരുടെ കുറിപ്പുകൾ. ''

Content Highlights: Female Medical Professionals Are Posting Pics Of Them Wearing Bikinis