അവതാരകയായി കരിയര്‍ ആരംഭിച്ച് പിന്നീട് ദിലീപിന്റെ മുല്ല എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മീര നന്ദന്‍. കുറച്ച് കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മീര നിലവില്‍ ദുബായില്‍ ആര്‍ജെയാണ്. ദുബായില്‍ നിന്നുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

To advertise here,

ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷനിമിഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വിവാഹിതയാകാന്‍ പോകുകയാണെന്ന് വ്യക്തമാക്കിയ താരം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കൊച്ചിയില്‍ നടന്ന നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്ന് നടിമാരായ കാവ്യ മാധവന്‍, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ കൂട്ടുകാരിക്ക് ആശംസയുമായെത്തി.

മഞ്ഞ നിറത്തിലുള്ള കാഞ്ചീവരം സില്‍ക്ക് സാരിയായിരുന്നു വിവാഹ നിശ്ചയത്തിന് മീരയുടെ വേഷം. ചുവപ്പില്‍ ഗോള്‍ഡ് ബ്രൊക്കേഡ് വരുന്ന വീതിയുള്ള കരയായിരുന്നു സാരിയുടെ പ്രത്യേകത. ഇതിന് മാച്ച് ചെയ്യുന്ന പച്ച ബ്ലൗസും ധരിച്ചു. സാരിക്ക് യോജിക്കുന്ന രീതിയിലുള്ള പച്ചയും ചുവപ്പും നിറത്തിലുള്ള വളകളും ഒരു നെക്ക്‌ളേസും രണ്ട് മാലകളുമായിരുന്നു ആഭരണങ്ങള്‍. മുല്ലപ്പൂ ചൂടി ബണ്‍സ്റ്റൈലിലാണ് മുടി കെട്ടിവെച്ചത്. സെറ്റ് കുര്‍ത്തയും മുണ്ടുമായിരുന്നു ശ്രീജുവിന്റെ ഔട്ട്ഫിറ്റ്. 

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഈ ആലോചന വന്നതെന്നും രണ്ട് വീട്ടുകാരും സംസാരിച്ചുറപ്പിച്ച വിവാഹമാണെന്നും മീര നന്ദന്‍ പറയുന്നു. അതിനുശേഷം ശ്രീജു തന്നെക്കാണാന്‍ ലണ്ടനില്‍ നിന്ന് ദുബായിലേക്ക് എത്തിയെന്നും കൂടുതല്‍ സംസാരിച്ചതോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന് മനസിലാക്കിയെന്നും മീര പറയുന്നു. മുമ്പ് ധന്യാ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മീര വിവാഹത്തെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും സംസാരിച്ചിരുന്നു.

'കല്ല്യാണം കഴിക്കുക, വീട് വാങ്ങിക്കുക എന്നതെല്ലാം നടക്കേണ്ട സമയത്തേ നടക്കുകയുള്ളൂ. ഇത്ര വയസാകുമ്പോള്‍ ഞാന്‍ വിവാഹം കഴിക്കുമോയെന്നോ ജീവിതത്തില്‍ വിവാഹമേ കഴിക്കില്ല എന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. എല്ലാം അതിന്റെ സമയത്ത് നടക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 

ഒരു വര്‍ഷത്തിന് ശേഷമാകും ഞാനും ശ്രീജുവും തമ്മിലുള്ള വിവാഹമുണ്ടാകുക. ഇപ്പോള്‍ നിശ്ചയം മാത്രമാണ് നടത്തുന്നത്. ശ്രീജു ജനിച്ചുവളര്‍ന്നതെല്ലാം ലണ്ടനിലാണ്. 16 വര്‍ഷത്തിന് ശേഷം നിശ്ചയത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ആള്‍ക്ക് എന്നെപ്പറ്റി ഒരു ധാരണയുമുണ്ടായിരുന്നില്ല. ഞങ്ങള്‍ എല്ലാം തുടക്കത്തില്‍നിന്നാണ് സംസാരിച്ചുതുടങ്ങിയത്. 

സിനിമയിലുള്ള ആളായതിനാല്‍ ആരെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ കിട്ടുമല്ലോ എന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മീഡിയയില്‍ ആണ്, നടിയാണ് എന്നൊക്കെ പറയുമ്പോള്‍തന്നെ ഫോണ്‍ കട്ട് ചെയ്ത് പോയവരുണ്ട്. ബന്ധം കിട്ടാന്‍ ബുദ്ധിമുട്ടാണ്. ശ്രീജു വന്നത് ഞാന്‍ ഭാഗ്യമായി കരുതുന്നു. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. എനിക്ക് അത്ര താത്പര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. അദ്ദേഹം ലണ്ടനില്‍ വളര്‍ന്നതിനാല്‍ അതിന്റേതായ കള്‍ച്ചറല്‍ ഡിഫറന്‍സുകളുമുണ്ട്.

ഞങ്ങള്‍ ദുബായില്‍വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ ഇക്കാര്യങ്ങളെല്ലാം തുറന്ന് സംസാരിച്ചു. വിവാഹശേഷം ദുബായില്‍ നിന്ന് മാറേണ്ട ആവശ്യമില്ലെന്നും അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്ത് എവിടെനിന്ന് വേണമെങ്കിലും ജോലി ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ വിവാഹത്തില്‍ എനിക്കും താത്പര്യം വന്നു. മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ദുബായിലുള്ള എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. ദുബായിയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

എല്ലാ കാര്യങ്ങളും കൂള്‍ ആയി എടുക്കുന്ന വ്യക്തിയാണ് ശ്രീജു. ഞാന്‍ അങ്ങനെ ഒരാള്‍ അല്ല. അതാണ് എന്നെ ആകര്‍ഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് ശരിയായ ഒരാളെ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.' അഭിമുഖത്തില്‍ മീര നന്ദന്‍ പറയുന്നു.