തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം തൃഷയുടെ സാന്നിധ്യവും ഏറെ ചർച്ചയായി. വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖർ, എസ്.എ. ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിലാണ് തൃഷ ഇരുന്നത്.

To advertise here,

മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ക്രേപ് സിൽക്ക് സാരിയും ഗ്രീൻ ബ്ലൗസും അണിഞ്ഞെത്തിയ താരത്തിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. പൂക്കളാൽ അലങ്കരിച്ച ബോർഡറുള്ള സാരിക്ക് അനുയോജ്യമായ രീതിയിൽ കോൺട്രാസ്റ്റ് ഗ്രീൻ നിറത്തിൽ സരി വർക്കുകളോടു കൂടിയ ബ്ലൗസാണ് തൃഷ തെരഞ്ഞെടുത്തത്.

ഫിഷ്ടെയിൽ ബ്രെയ്ഡിനൊപ്പം മുല്ലപ്പൂവും താരം അണിഞ്ഞു. മിനിമൽ മേക്കപ്പും കുന്ദൻ കമ്മലുകളും വളകളും അണിഞ്ഞ്് ലളിതമായ വേഷവിധാനത്തിലാണ് തൃഷയെത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം കടന്നുപോയ മുഖ്യമന്ത്രി വിജയ്‌യുടെ തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

തമിഴ് സിനിമയിലെ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോടികളാണ് തൃഷയും വിജയ്‌യും. ഗില്ലി, തിരുപ്പാച്ചി, ആദി തുടങ്ങിയ ചിത്രങ്ങളിലെ കെമിസ്ട്രി ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. 'കുരുവി'യുടെ റിലീസിന് ശേഷമാണ്, ഇരുവരുടെയും ഓഫ്‌സ്‌ക്രീൻ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്.

'കുരുവി'ക്ക് ശേഷം തൃഷയുമായി അകലം പാലിക്കാൻ വിജയ്‌യുടെ കുടുംബം ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ രണ്ട് താരങ്ങളും പ്രണയവാർത്തകൾ നിഷേധിക്കുകയും തങ്ങൾ 'സുഹൃത്തുക്കൾ മാത്രമാണെന്ന്' ആവർത്തിക്കുകയും ചെയ്തു.

എന്നാൽ വിജയ്‌യുടെ വിവാഹമോചന വാർത്തകൾ വരികയും പല പൊതുചടങ്ങിലും വിജയ്‌യും തൃഷയും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ പ്രണയ ഗോസിപ്പുകൾ വീണ്ടും വാർത്താകോളങ്ങളിൽ നിറഞ്ഞു. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനൊപ്പം തൃഷ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടി.

ഇപ്പോൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വീണ്ടും തൃഷ വിജയ്‌യുടെ കുടുംബത്തിനൊപ്പം പ്രത്യക്ഷപ്പെട്ടതോടെ പ്രണയ ഗോസിപ്പുകൾ സ്ഥിരീകരിക്കുകയാണോ ഇരുവരുമെന്ന് ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിൽ, വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം സൗഹൃദം പങ്കുവയ്ക്കുന്ന തൃഷയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.