ഹാൻഡ് ബാഗിൽ മല്ലിയിലയും കയ്യിൽ പപ്പായയും വഴുതനങ്ങയും തോളിൽ സെലറി കൊണ്ടുള്ള ആക്‌സസറിയുമെല്ലാം അണിഞ്ഞ് ആഡംബര ഡിസൈനർ വസ്ത്രങ്ങളുടെ അകമ്പടിയില്ലാതെ ഒരു റാംപ് വാക്ക്. അതും പച്ചക്കറി മാർക്കറ്റിന് നടുവിലൂടെ.. മഹാരാഷ്ട്ര വസായിയിലെ പച്ചക്കറി മാർക്കറ്റിൽ നടന്ന വിഷൻ വോഗ് ഫാഷൻ വീക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കണ്ണുചിമ്മിക്കുന്ന വെള്ളിവെളിച്ചങ്ങളോ അത്യാംഡബര റാംപുകളോ ഇല്ലാതെ ഇന്ത്യ നടത്തിയ ഫാഷൻ വിപ്ലവമെന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിക്കുന്നത്.

To advertise here,

വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പകരം, ദൈനംദിന ജീവിതത്തിൽ നാം കാണുന്ന പച്ചക്കറികളെയാണ് മോഡലുകൾ തങ്ങളുടെ ഫാഷൻ ആക്‌സസറികളാക്കി മാറ്റിയത്. ഒരുകയ്യിൽ മുള്ളങ്കിയും മറുകയ്യിൽ മല്ലിയിലയുമായി ട്രെൻഡി വസ്ത്രങ്ങളിൽ റാംപ് വാക്ക് ചെയ്ത മോഡലുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൻ തരംഗമായിക്കഴിഞ്ഞു.യഥാർത്ഥ ഫാഷന് പരമ്പരാഗത വേദികൾ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ധീരമായ ഈ ആശയം, കലാപരമായ ആവിഷ്‌കാരത്തിന് പ്രചോദനം നൽകുന്ന അസാധാരണ വേദികളാക്കി പൊതു ഇടങ്ങളെ മാറ്റാനാകുമെന്ന് കാണിച്ചുതരികയായിരുന്നു ഈ റാംപ് വാക്ക്.

ഫാഷൻ മോഡലും പരിശീലകനും വിഷൻ വോഗ് ഫാഷൻ അക്കാദമി സ്ഥാപകനുമായ സഹിൽ സിങ്ങാണ് ഈ വേറിട്ട ആശയത്തിന് പിന്നിൽ. അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡായ ഗുച്ചിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, ഫാഷനെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി ചന്ത തിരഞ്ഞെടുത്തെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സാധാരണക്കാർ ദിവസേന എത്തുന്ന ഒരു മാർക്കറ്റിലെ ഇടുങ്ങിയ വഴികളെ തികച്ചും പ്രൊഫഷണൽ രീതിയിലുള്ള റാംപാക്കി മാറ്റാൻ ഇവർക്ക് സാധിച്ചു. സഹിൽ സിങ്, രോഹിത് ചൗധരി, കരിസ്സ ഡിബ്രിറ്റോ, സ്മിത്ത് ക്രിസ്റ്റ്യൻ എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

 

'വസ്ത്രത്തിനൊപ്പം മുള്ളങ്കി ഫ്രീ', 'ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഫാഷൻ സങ്കൽപ്പം' എന്നിങ്ങനെ രസകരമായ കമന്റുകളോടെ നെറ്റിസൺസ് ഈ പരീക്ഷണത്തെ ഏറ്റെടുത്തുകഴിഞ്ഞു. ഫാഷൻ എന്നത് വലിയ വേദികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്ന് തെളിയിക്കുകയാണ് ഈ യുവനിര.