പഴയ സഹപാഠികളെക്കുറിച്ച് നമ്മൾ എല്ലാ ദിവസവും ചിന്തിക്കാറില്ല. എന്നാൽ, സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റോ, പൂർവ്വവിദ്യാർത്ഥി സംഗമത്തിലെ ഒരു ചിത്രമോ, അല്ലെങ്കിൽ ആരുടെയെങ്കിലും പ്രൊമോഷൻ, വിവാഹം, പുതിയ വീട്, സംരംഭം എന്നിവയെക്കുറിച്ചുള്ള ഒരു അറിയിപ്പോ കാണുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിൽ ഒരു ചോദ്യം ഉയരാറുണ്ട്: 'അവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ എവിടെ നിൽക്കുന്നു?'

To advertise here,

ഈ പ്രതികരണം അസൂയകൊണ്ടല്ല ഉണ്ടാകുന്നതെന്നാണ് മനഃശാസ്ത്രം പറയുന്നത്. മറ്റുള്ളവരെ നോക്കി സ്വയം വിലയിരുത്തുന്ന 'സോഷ്യൽ കംപാരിസൺ' എന്ന സ്വാഭാവിക മാനസിക പ്രക്രിയയുടെ ഭാഗമാണിത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമ്മളോടൊപ്പം ഒരേ സാഹചര്യത്തിൽ നിന്ന് യാത്ര തുടങ്ങിയവരായതുകൊണ്ടാണ് പഴയ സഹപാഠികൾ ഇത്തരം താരതമ്യങ്ങളിൽ പ്രധാന ഘടകമാകുന്നത്.

എന്തുകൊണ്ട് പഴയ സഹപാഠികൾ?

1954-ൽ പ്രശസ്ത മനഃശാസ്ത്രജ്ഞൻ ലിയോൺ ഫെസ്റ്റിംഗർ മുന്നോട്ടുവെച്ച സോഷ്യൽ കംപാരിസൺ തിയറി പ്രകാരം, സ്വന്തം കഴിവുകളെയും അഭിപ്രായങ്ങളെയും വിലയിരുത്താൻ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തപ്പോൾ മനുഷ്യർ മറ്റുള്ളവരെ ഒരു അളവുകോലായി ഉപയോഗിക്കാറുണ്ട്.

ഒരേ ക്ലാസ് മുറിയിൽ ഇരുന്ന്, ഒരേ അധ്യാപകരിൽ നിന്ന് പഠിച്ച രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ വർഷങ്ങൾക്ക് ശേഷം വലിയൊരു സംരംഭകനാകുമ്പോൾ, മറ്റേയാൾ സാധാരണ ജോലിയിൽ തുടരുന്നുവെന്ന് കരുതുക. ആ സുഹൃത്തിന്റെ നേട്ടം കാണുമ്പോൾ നമ്മുടെ തലച്ചോർ സ്വാഭാവികമായും ഒരു താരതമ്യത്തിന് മുതിരും. ഒരു സിനിമാതാരമോ അപരിചിതനോ ആഡംബര വീട് വാങ്ങുമ്പോൾ നമുക്ക് വലിയൊന്നും തോന്നില്ല. എന്നാൽ, കണക്ക് ക്ലാസ്സിൽ നമ്മുടെ തൊട്ടടുത്തിരുന്ന സഹപാഠി അത് നേടുമ്പോൾ, എന്നെപ്പോലൊരാൾക്ക് അത് സാധിച്ചല്ലോ എന്ന ചിന്ത നമ്മളെ കൂടുതൽ സ്വാധീനിക്കും.

അവരുടെ വിജയം നമ്മളെ പിന്നിലായതുപോലെ തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിനും ഉത്തരമുണ്ട്. നമ്മളേക്കാൾ മികച്ച നിലയിൽ നിൽക്കുന്നവരുമായി സ്വയം താരതമ്യം ചെയ്യുന്നതിനെ മനഃശാസ്ത്രത്തിൽ 'അപ്വേർഡ് കംപാരിസൺ എന്ന് വിളിക്കുന്നു. ഇത് ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാമെങ്കിലും, പലപ്പോഴും നമ്മളെ മുന്നോട്ട് നയിക്കുന്ന ഒരു പ്രചോദനമായും മാറാറുണ്ട്. ഒരേസമയം സുഹൃത്തിന്റെ നേട്ടത്തിൽ ആത്മാർത്ഥമായി സന്തോഷിക്കാനും, അതേസമയം 'ഞാൻ എന്റെ ജീവിതത്തിൽ എന്തു നേടി?' എന്ന് സ്വയം ചോദിക്കാനും മനുഷ്യന് സാധിക്കും.

സോഷ്യൽ മീഡിയ ഈ താരതമ്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. മറ്റൊരാളുടെ ജീവിതത്തിലെ തിരഞ്ഞെടുത്ത സന്തോഷകരമായ നിമിഷങ്ങൾ (പ്രൊമോഷൻ, യാത്രകൾ, നേട്ടങ്ങൾ) മാത്രമാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത്. അവരുടെ ജീവിതത്തിലെ പ്രതിസന്ധികളോ കഷ്ടപ്പാടുകളോ നമ്മൾ അറിയുന്നില്ല. മറ്റുള്ളവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളെ നമ്മുടെ ജീവിതത്തിലെ എല്ലാ സങ്കീർണ്ണതകളോടും കൂടി താരതമ്യം ചെയ്യുമ്പോഴാണ് നമ്മൾ പിന്നിലായിപ്പോയെന്ന തോന്നൽ ശക്തമാകുന്നത്.

പഴയ സഹപാഠികളെ കാണുമ്പോൾ, പണ്ട് നമ്മൾ ആകാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയെയാണ് നമ്മൾ ഓർക്കുന്നത്. ഒരു സഹപാഠി ഡോക്ടറായതുകൊണ്ട് നിങ്ങൾക്ക് ഡോക്ടറാകാൻ ആഗ്രഹം തോന്നണമെന്നില്ല; പകരം, പണ്ട് നിങ്ങൾ സ്വപ്നം കണ്ടിരുന്നതും എന്നാൽ പാതിവഴിയിൽ ഉപേക്ഷിച്ചതുമായ നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ചാകും ആ കാഴ്ച നിങ്ങളെ ഓർമ്മിപ്പിക്കുക.

സ്വയം കുറ്റപ്പെടുത്തുന്നതിലേക്കും നിരാശയിലേക്കും നയിക്കുമ്പോൾ മാത്രമാണ് താരതമ്യങ്ങൾ ദോഷകരമാകുന്നത്. ഞാൻ എന്തിനാണ് അവരുമായി സ്വയം താരതമ്യം ചെയ്യുന്നത്?എന്ന് ചിന്തിക്കുന്നതിന് പകരം, ഈ താരതമ്യം എന്നെക്കുറിച്ച് എനിക്ക് എന്താണ് പറഞ്ഞുതരുന്നത്? എന്ന് ചിന്തിക്കുക. നിങ്ങൾ ഉപേക്ഷിച്ച ലക്ഷ്യങ്ങളെയും നിങ്ങൾ വിലമതിക്കുന്ന കാര്യങ്ങളെയും തിരിച്ചറിയാൻ ഇത് സഹായിക്കും. മറ്റൊരാളുടെ ജീവിതമല്ല നിങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത്; ഓരോരുത്തരുടെയും ജീവിതയാത്രയും സമയവും വ്യത്യസ്തമാണ്.