വിമാനം എപ്പോൾ പുറപ്പെട്ടാലും യാത്രക്കാരെ എപ്പോഴും പുഞ്ചിരിയോടെയും പ്രസരിപ്പോടെയും സ്വീകരിക്കുന്നവരാണ് ക്യാബിൻ ക്രൂ അംഗങ്ങൾ. തുടർച്ചയായി മുഖത്തണിയേണ്ടി വരുന്ന മേക്കപ്പിന് പിന്നിൽ അവർ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് വ്യോമയാന മേഖലയിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള ക്യാബിൻ ക്രൂ മെന്റർ സംഗീത സെൻ. ഓരോ 12 മണിക്കൂർ ഷിഫ്റ്റിലും നിർബന്ധമായും മേക്കപ്പ് അണിയേണ്ടിവരുന്നത് ചർമത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ വ്യക്തമാക്കിയത്.

To advertise here,

വിമാനത്താവളത്തിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയിലാണ് സംഗീത തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഫൗണ്ടേഷൻ, ഐലൈനർ, ബ്ലഷ്, ലിപ്സ്റ്റിക്, ഐഷാഡോ, കൺസീലർ, മസ്‌കാര എന്നിവയെല്ലാം ഉൾപ്പെടുന്ന മേക്കപ്പ് അണിഞ്ഞാണ് അവർ വീഡിയോയിൽ എത്തിയത്. 'യാത്രക്കാരുടെ പ്രശംസയോ അഭിനന്ദനമോ ലഭിക്കാൻ വേണ്ടിയല്ല ക്യാബിൻ ക്രൂ അംഗങ്ങൾ ഇങ്ങനെ ഒരുങ്ങുന്നത്. മറിച്ച്, വിമാനക്കമ്പനികളുടെ കർശനമായ ഗ്രൂമിങ് മാനദണ്ഡങ്ങളുടെ ഭാഗമാണിത്. ഓരോ തവണ ഡ്യൂട്ടിക്ക് കയറുമ്പോഴും ഇത് കൃത്യമായി പാലിച്ചേ മതിയാകൂ.' സംഗീത പറയുന്നു.

ഓരോ 12 മണിക്കൂർ കൂടുമ്പോഴും പുതിയ ഷിഫ്റ്റ് ആരംഭിക്കുമ്പോൾ ഈ മേക്കപ്പ് രീതി ആവർത്തിക്കണം. 'സത്യം പറഞ്ഞാൽ ചിലപ്പോൾ വല്ലാത്ത മടുപ്പ് തോന്നാറുണ്ട്. ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യുന്നു. ചർമം പരുക്കനാവുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോകുമ്പോൾ പിന്നെ മേക്കപ്പ് ഇടാൻ പോലും തോന്നാറില്ല; കാരണം ചർമത്തിന് ഒന്ന് ശ്വസിക്കാൻ അവസരം നൽകണം.' അവർ തുറന്നുപറഞ്ഞു.

ദിവസവും 12 മണിക്കൂർ നേരം കട്ടിയുള്ള മേക്കപ്പ് അണിയുന്നത് ചർമത്തിലെ ജലാംശം നഷ്ടപ്പെടാനും വരണ്ടുപോകാനും ഇടയ്ക്കിടെ ചുവന്നുതടിക്കാനും കാരണമാകുന്നുണ്ടെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ അവർ വ്യക്തമാക്കി. ക്യാബിൻ ക്രൂ അംഗങ്ങളുടെ ജോലിയിൽ ആരും അധികം ചർച്ച ചെയ്യാത്ത ഒരു വശമാണിതെന്നും രണ്ട് പതിറ്റാണ്ടിന്റെ അനുഭവത്തിൽനിന്ന് സംഗീത കൂട്ടിച്ചേർത്തു.

സംഗീത സെന്നിന്റെ വീഡിയോ വൈറലായതോടെ വിമാനക്കമ്പനികളുടെ ഇത്തരം നിയമങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 'ഇത്തരം സ്ത്രീവിരുദ്ധമായ മാനദണ്ഡങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്ന് ഒരാൾ കുറിച്ചു. 'ഇത് തികച്ചും പുരുഷാധിപത്യപരമായ ചിന്താഗതിയിൽനിന്ന് ഉണ്ടായതാണ്. വിമാനത്തിൽ ഞങ്ങളെ എപ്പോഴും സഹായിക്കുന്ന ഈ സ്ത്രീകളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു' എന്നായിരുന്നു മറ്റൊരു പ്രതികരണം. കൃത്രിമമായ സൗന്ദര്യസങ്കൽപങ്ങൾ അടിച്ചേൽപ്പിക്കുന്നത് മനുഷ്യത്വരഹിതമാണെന്നും ആളുകളെ അവരുടെ സ്വാഭാവിക രൂപത്തിൽ അംഗീകരിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു.