ഇന്ത്യൻ വസ്ത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യവും മോഡേൺ ഫാഷന്റെ ചാരുതയും ഒരുമിച്ചപ്പോൾ പിറന്നത് അതിമനോഹരമായൊരു വസ്ത്രവിസ്മയം. മുംബൈയിൽ നടന്ന എർത്ത്‌ഷോട്ട് പ്രൈസ് പുരസ്‌കാരദാന ചടങ്ങിൽ സ്വർണനിറത്തിലുള്ള കാഞ്ചീപുരം ലെഹങ്ക അണിഞ്ഞെത്തി ശ്രദ്ധ നേടുകയാണ് 'ബ്രിഡ്ജർട്ടൺ' താരം സിമോൺ ആഷ്‌ലി. വസ്ത്രത്തിന്റെ ഭംഗി മാത്രമല്ല, അതിനു പിന്നിലെ അധ്വാനവും ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നു. ഈ ലെഹങ്കയുടെ തുണി നെയ്‌തെടുക്കാൻ ചെലവായത് ഏകദേശം 700 മുതൽ 750 മണിക്കൂർ വരെയാണ്.തമിഴ് പാരമ്പര്യത്തിൽ വേരുകളുള്ള സിമോൺ ആഷ്‌ലി തന്റെ സാംസ്‌കാരിക പൈതൃകത്തിന് ആദരമർപ്പിച്ചാണ് ഈ വസ്ത്രം തിരഞ്ഞെടുത്തത്. സ്വദേശും പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്രയും ചേർന്നാണ് ഈ പ്രത്യേക ലെഹങ്ക ഒരുക്കിയത്. പരമ്പരാഗത ഇന്ത്യൻ നെയ്ത്തുരീതികളെയും ആധുനിക ഡിസൈനിങ് ശൈലിയെയും സമന്വയിപ്പിച്ചാണ് വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

To advertise here,

700-ലധികം മണിക്കൂർ നീണ്ട നെയ്ത്ത്

ഈ ലെഹങ്കയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തുണിയാണ്. ശുദ്ധമായ മൾബറി സിൽക്കിൽ യഥാർഥ സ്വർണ സറി ചേർത്താണ് കാഞ്ചീപുരം തുണി നെയ്‌തെടുത്തത്. പ്രശസ്ത നെയ്ത്തുകാരനായ രാജേഷ് ഷാ ഏകദേശം 700-ലധികം മണിക്കൂറുകളാണ് ഈ തുണിയുടെ നിർമാണത്തിനായി ചെലവഴിച്ചത്.മഞ്ഞയും സ്വർണവും കലർന്ന തിളക്കമുള്ള നിറമാണ് ലെഹങ്കയ്ക്ക് നൽകിയിരിക്കുന്നത്. പൂക്കളുടെ രൂപത്തിലുള്ള എംബ്രോയ്ഡറിയും വിവിധ നിറങ്ങളിലുള്ള അലങ്കാരക്കല്ലുകളും വസ്ത്രത്തിന് കൂടുതൽ ആകർഷണീയത നൽകുന്നു.ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളുടെ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പരമ്പരാഗത 'രേക്കു' രൂപങ്ങളും ലെഹങ്കയുടെ ബോർഡറിലുണ്ട്. കാഞ്ചീപുരം നെയ്ത്തിന്റെ പാരമ്പര്യം നിലനിർത്തുന്നതിനൊപ്പം ആധുനിക ഫാഷന്റെ ഭംഗിയും വസ്ത്രത്തിൽ കൊണ്ടുവരാൻ ഈ ഡിസൈനിലൂടെ കഴിഞ്ഞിട്ടുണ്ട്.

സറിയും സർദോസിയും

ലെഹങ്കയിലെ സർദോസി എംബ്രോയ്ഡറിയും ഏറെ ശ്രദ്ധേയമാണ്. പരമ്പരാഗത കുന്ദൻ, പോൾക്കി ആഭരണങ്ങളുടെ കലാവൈഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ അലങ്കാരപ്പണികൾ ചെയ്തിരിക്കുന്നത്.എമറാൾഡ്, റൂബി, ക്വാർട്‌സ്, ടൂർമലിൻ, അമെതിസ്റ്റ്, സഫയർ തുടങ്ങിയ രത്‌നങ്ങളെ ഓർമിപ്പിക്കുന്ന നിറങ്ങളിലുള്ള കല്ലുകളാണ് സ്വർണനിറത്തിലുള്ള തുണിയിൽ പതിപ്പിച്ചിരിക്കുന്നത്. ഇതോടെ ലെഹങ്കയ്ക്ക് കൂടുതൽ റിച്ച് ലുക്ക് ലഭിച്ചു.ബ്ലൗസും അത്രതന്നെ മനോഹരമാണ്. ഹാൾട്ടർ നെക്ക് ഡിസൈനിലുള്ള ബ്ലൗസിന് ഹാർട്ട് ഷെയ്പ്പിലുള്ള നെക്ക്ലൈനാണ് നൽകിയിരിക്കുന്നത്. മുത്തുകളും നിറമുള്ള കല്ലുകളും ചേർത്തുള്ള അലങ്കാരപ്പണികൾ ബ്ലൗസിന്റെ ഭംഗി കൂട്ടുന്നു. പിന്നിൽ തുറന്ന ഡിസൈനിലുള്ള ബ്ലൗസിൽ താഴേക്ക് തൂങ്ങിക്കിടക്കുന്ന മുത്തുമാലകളും ആഭരണങ്ങളുടെ മാതൃകയിലുള്ള അലങ്കാരങ്ങളും നൽകിയിട്ടുണ്ട്.ബ്ലൗസിന്റെ പിന്നിലെ മനോഹരമായ ഡിസൈൻ മറയ്ക്കാത്ത രീതിയിൽ കൈകളിലൂടെ അലസമായി ചുറ്റിയ ബനാറസി ടിഷ്യു ദുപ്പട്ടയാണ് സിമോൺ അണിഞ്ഞത്.

മിനിമൽ ആഭരണങ്ങൾ

വസ്ത്രത്തിൽ ഇതിനകം തന്നെ ധാരാളം അലങ്കാരപ്പണികൾ ഉള്ളതിനാൽ മേക്കപ്പിലും ആഭരണങ്ങളിലും ലാളിത്യമാണ് സിമോൺ തിരഞ്ഞെടുത്തത്. നീളമുള്ള കറുത്ത മുടി നടുവിൽ പകുത്ത് സ്‌ട്രെയ്റ്റ് ചെയ്താണ് സ്‌റ്റൈൽ ചെയ്തത്. ബ്ലൗസിന്റെ പിന്നിലെ ഡിസൈൻ വ്യക്തമായി കാണാനും ഈ ഹെയർസ്‌റ്റൈൽ സഹായിച്ചു.കണ്ണുകൾക്ക് കൂടുതൽ ഭംഗി നൽകുന്ന മേക്കപ്പും മൃദുവായ ലിപ് ഷേഡുമാണ് ഉപയോഗിച്ചത്. ചെറിയ ഡ്രോപ്പ് കമ്മലുകളും മോതിരങ്ങളും മാത്രമാണ് ആഭരണങ്ങളായി തിരഞ്ഞെടുത്തത്. വസ്ത്രത്തിലെ നിറക്കല്ലുകളുടെയും എംബ്രോയ്ഡറിയുടെയും ഭംഗി തന്നെയായിരുന്നു ലുക്കിലെ പ്രധാന ആകർഷണം.

തമിഴ് പാരമ്പര്യവും ഇന്ത്യൻ കൈത്തറിയും

സിമോൺ ആഷ്‌ലിയുടെ ഈ ലുക്ക് ഒരു റെഡ് കാർപെറ്റ് ഫാഷൻ പരീക്ഷണം മാത്രമല്ല. സ്വന്തം തമിഴ് പാരമ്പര്യത്തെ ഇന്ത്യൻ കരകൗശല വിദഗ്ധരുടെ വിരുതിലൂടെ ആഘോഷിക്കാനുള്ള ഒരു ശ്രമം കൂടിയാണ്.കാഞ്ചീപുരം നെയ്ത്ത്, സ്വർണ സരി, ക്ഷേത്രകലയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപങ്ങൾ, സർദോസി എംബ്രോയ്ഡറി, ബനാറസി ടിഷ്യു എന്നിവയെല്ലാം ഒരൊറ്റ വസ്ത്രത്തിൽ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു.സാധാരണ സാരികളിലും പരമ്പരാഗത വസ്ത്രങ്ങളിലും മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല കാഞ്ചീപുരം സിൽക്ക് എന്ന സന്ദേശവും ഈ ഡിസൈൻ നൽകുന്നു.