കരൺ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് സംരംഭകയും സിനിമാ നിർമാതാവുമായ അനന്യ ബിർള. തന്റെ സംഗീത ജീവിതം പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ലെന്ന് ഷോയിൽ തുറന്നുസമ്മതിച്ച 32-കാരിയായ അനന്യ, തന്റെ ഉടമസ്ഥതയിലുള്ള ബിർള സ്റ്റുഡിയോസ് നിർമിക്കുന്ന രൺവീർ സിങ് ചിത്രം പ്രളയ് പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നായിരിക്കുമെന്നും വ്യക്തമാക്കി.

To advertise here,

Read Also:അത് വന്നത് അംബാനി കുടുംബത്തിൽ നിന്നോ? പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹാലോചന രണ്ട് തവണ നിരസിച്ചെന്ന് അനന്യ ബിർള 

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ മകളാണ് അനന്യ. 1995-ൽ പിതാവ് ആദിത്യ വിക്രം ബിർളയുടെ വിയോഗത്തെത്തുടർന്ന് 28-ാം വയസ്സിലാണ് കുമാർ മംഗളം ബിർള ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. ഫോബ്സിന്റെ 2026ലെ ഇന്ത്യൻ സമ്പന്നരുടെ പട്ടിക പ്രകാരം 23.2 ബില്യൺ ഡോളറാണ്, ഏകദേശം 2.17 ലക്ഷം കോടി രൂപ കുമാർ മംഗളം ബിർളയുടെ ആസ്തി.

കുടുംബബിസിനസ്സിലെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഫിനാൻഷ്യൽ സർവീസസ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ അനന്യ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിർള സ്റ്റുഡിയോസിലൂടെ ബോളിവുഡിലേക്ക് കടന്നുവന്നത്.

ഇംതിയാസ് അലി സംവിധാനം ചെയ്ത മേം വാപ്പസ് ആവുംഗ എന്ന ചിത്രത്തിലൂടെയായിരുന്നു നിർമാതാവായുള്ള അരങ്ങേറ്റം. ദിൽജിത് ദോസഞ്ച്, നസീറുദ്ദീൻ ഷാ, ശർവാരി, വേദാംഗ് റെയ്ന എന്നിവർ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി. ജയ് മേത്ത സംവിധാനം ചെയ്യുന്ന സോംബി ത്രില്ലർ ചിത്രമായ 'പ്രളയ്' ആണ് അനന്യ നിർമ്മിക്കുന്ന അടുത്ത വമ്പൻ പ്രോജക്റ്റ്. ധുരന്ധർ ഫ്രാഞ്ചൈസിക്ക് ശേഷം രൺവീർ സിംഗ് നായകനാകുന്ന ചിത്രം വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നത്.

2016-ൽ ലിവിങ് ദ ലൈഫ് എന്ന ഗാനത്തിലൂടെ സംഗീതരംഗത്തേക്ക് കടന്നുവന്ന അനന്യ, എ.ആർ. റഹ്‌മാനൊപ്പം ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ഹിന്ദുസ്ഥാനി വേ എന്ന ഗാനത്തിലും പങ്കാളിയായിരുന്നു. എന്നാൽ, ബിസിനസ്സും സംഗീതവും ഒരുമിച്ച് കൊണ്ടുപോകുന്നത് പ്രയാസകരമായതോടെ 2024 മെയ് മാസത്തിൽ സംഗീതരംഗത്തുനിന്ന് പിന്മാറുകയാണെന്ന് അവർ പ്രഖ്യാപിച്ചു. കരൺ ജോഹറിന്റെ ഷോയിൽ സംസാരിക്കവെ, സംഗീതരംഗത്തെ തന്റെ പരീക്ഷണം ആഗ്രഹിച്ചതുപോലെ വിജയിച്ചില്ലെന്ന് അനന്യ തുറന്നുപറഞ്ഞിരുന്നു.

19-ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ പിലാനിയിൽ സേത്ത് ശിവ് നാരായൺ ബിർള പരുത്തി വ്യാപാരത്തിലൂടെ ആരംഭിച്ചതാണ് ബിർള സാമ്രാജ്യം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ഘനശ്യാം ദാസ് ബിർള ടെക്‌സ്‌റ്റൈൽസ്, അലുമിനിയം, സിമന്റ്, കെമിക്കൽസ് എന്നീ മേഖലകളിലേക്ക് ബിസിനസ്സ് വ്യാപിപ്പിച്ചു. പിന്നീട് ആദിത്യ വിക്രം ബിർള കമ്പനിയെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തി. ഇന്ന് അനന്യയും സഹോദരൻ ആര്യമാൻ വിക്രം ബിർളയുമാണ് ഈ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത്.