സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ, ഒരു പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റിനെ സമീപിച്ച് ശാസ്ത്രീയമായ പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന 'ഹൈറ്റ്മാക്സിങ്' എന്ന അപകടകരമായ ട്രെൻഡിന് പിന്നാലെ പോയി കൗമാരക്കാർ കാൻസർ മരുന്നുകൾ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ശരീരത്തിന്റെ ഉയരം കൂട്ടാനായി മൂത്രാശയ അർബുദത്തിന് നൽകുന്ന എർഡാഫിറ്റിനിബ് എന്ന മരുന്നാണ് ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ കൗമാരക്കാർ ഉപയോഗിക്കുന്നത്. വളർച്ചാ ഘട്ടത്തിൽ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയകളിൽ ഇത്തരത്തിൽ ഇടപെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് എർഡാഫിറ്റിനിബ്?
പ്രത്യേക ജനിതക മാറ്റങ്ങളുള്ള യൂറോതീലിയൽ കാൻസർ രോഗികൾക്ക് നൽകുന്ന വീര്യമേറിയ മരുന്നാണ് എർഡാഫിറ്റിനിബ്. കോശങ്ങളുടെ വളർച്ചയെയും വിഭജനത്തെയും നിയന്ത്രിക്കുന്ന എഫ്.ജി.എഫ്.ആർ പ്രോട്ടീനുകളെ തടഞ്ഞുകൊണ്ടാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. എല്ലുകളുടെ വളർച്ചയിലും ഗ്രോത്ത് പ്ലേറ്റുകളിലും എഫ്.ജി.എഫ്.ആർ സിഗ്നലുകൾക്ക് പങ്കുള്ളതിനാലാണ് കൗമാരക്കാർ ഈ മരുന്നിൽ ആകൃഷ്ടരാകുന്നത്. എന്നാൽ, എഫ്.ജി.എഫ്.ആർ തടയുന്നത് വഴി ഒരിക്കലും ഉയരം വർധിക്കില്ലെന്നും, ഇതിന്റെ പ്രവർത്തനം ഏറെ സങ്കീർണ്ണമാണെന്നും എൻഡോക്രൈനോളജിസ്റ്റ് ഡോ. മോണിക്ക ശർമ പറയുന്നു.
ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഈ മരുന്ന് കഴിക്കുന്നത് കൗമാരക്കാരിൽ നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകും. വയറിളക്കം, ഓക്കാനം, ചർമ്മം വരണ്ടുപോകൽ, വായ്പ്പുണ്ണ്, സന്ധിവേദന, കടുത്ത ക്ഷീണം, നഖങ്ങൾക്കുണ്ടാകുന്ന തകരാറുകൾ, കണ്ണുകളെ ബാധിക്കുന്ന സെൻട്രൽ സീറസ് റെറ്റിനോപ്പതി പോലുള്ള ഗുരുതരമായ രോഗാവസ്ഥകൾ, കാഴ്ചവൈകല്യം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. അതുപോലെ കുട്ടികളിലും കൗമാരക്കാരിലും ഈ മരുന്ന് ഉപയോഗിക്കുന്നത് ഇടുപ്പെല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുന്നതുൾപ്പെടെയുള്ള അസ്ഥിരോഗങ്ങൾക്ക് കാരണമാകുമെന്ന് യൂറോപ്യൻ മരുന്ന് സുരക്ഷാ ഏജൻസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓരോ വ്യക്തിയുടെയും ശാരീരിക വളർച്ച നിലയ്ക്കുന്ന പ്രായം വ്യത്യസ്തമാണ്. സാധാരണഗതിയിൽ പെൺകുട്ടികളിൽ 14-15 വയസ്സോടെയും, ആൺകുട്ടികളിൽ 16-18 വയസ്സോടെയും ഉയരം വെക്കുന്നത് നിലയ്ക്കും. നീളമുള്ള എല്ലുകളുടെ അറ്റത്തുള്ള ഗ്രോത്ത് പ്ലേറ്റുകൾ കൗമാരപ്രായത്തിന് ശേഷം കൂടിച്ചേരുന്നതോടെ സ്വാഭാവിക വളർച്ച പൂർണ്ണമായി അവസാനിക്കും.
ഒരിക്കൽ ഗ്രോത്ത് പ്ലേറ്റുകൾ അടഞ്ഞുകഴിഞ്ഞാൽ, സുരക്ഷിതമായ ഒരു മരുന്നിനോ സപ്ലിമെന്റുകൾക്കോ ഹോർമോൺ ചികിത്സയ്ക്കോ ഒരാളുടെ ഉയരം വർധിപ്പിക്കാൻ കഴിയില്ലെന്ന് ഡോ. മോണിക്ക പറയുന്നു. കുട്ടികളുടെ ഉയരത്തെക്കുറിച്ച് ആശങ്കയുള്ള മാതാപിതാക്കൾ സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, ഒരു പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റിനെ സമീപിച്ച് ശാസ്ത്രീയമായ പരിശോധനകൾ നടത്തുകയാണ് വേണ്ടത്.
Content Highlights: Teens using erdafitinib without medical advice face severe side effects, including bone disorders and vision problems, health experts caution.
Published: 20 Nov 2026, 12:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented